30 in Thiruvananthapuram

ഇനി എല്ലാം സെലൻസ്‌കിയുടെ കൈയിൽ; സമാധാന കരാറിനായി യുക്രൈന് മേൽ സമ്മർദ്ദം ചെലുത്തി ട്രംപ്

Posted by: TV Next August 17, 2025 No Comments

ന്യൂയോർക്ക്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ സമാധാന കരാറിനായി സെലൻസ്‌കിക്ക് മേൽ സമ്മർദ്ദം ചെലുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായുള്ള ഉച്ചകോടി വ്യക്തമായ വഴിത്തിരിവില്ലാതെ അവസാനിച്ചതിന് പിന്നാലെയാണ് ട്രംപ് യുക്രൈന് മേൽ സമ്മർദ്ദം ചെലുത്തുന്നത്. നേരത്തെ പുലർത്തിയിരുന്ന അടിയന്തര വെടിനിർത്തലിന് പകരം സമഗ്ര കരാറിനാണ് ഇപ്പോൾ ട്രംപ് ശ്രമം തുടങ്ങിയത്.

അലാസ്‌കയിലെ ഉന്നതതല യോഗത്തിന് മുൻപ് വച്ചുപുലർത്തിയ നിലപാടുകളിൽ നിന്ന് വ്യക്തമായ വ്യതിയാനമാണ് ട്രംപ് വരുത്തിയിരിക്കുന്നത്. നേരത്തെ കൂടിക്കാഴ്‌ചയ്ക്ക് മുൻപ് അടിയന്തര വെടിനിർത്തൽ കരാർ വന്നില്ലെങ്കിൽ റഷ്യയ്ക്ക് ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് നൽകിയ ട്രംപ് കൂടിക്കാഴ്‌ചയ്ക്ക് ശേഷം നിലപാട് മാറ്റുകയാണ്.

വെടിനിർത്തലിന് സമ്മർദ്ദം ചെലുത്തുന്നതിൽ നിന്നുള്ള ട്രംപിന്റെ ഈ മാറ്റം പുടിന് ഗുണം ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ. അന്തിമ സമാധാന കരാറിനെക്കുറിച്ചുള്ള ചർച്ചകൾക്ക് അദ്ദേഹം നിരന്തരം ആഹ്വാനം ചെയ്‌തിരുന്നു. റഷ്യയുടെ യുദ്ധക്കളത്തിലെ നേട്ടങ്ങൾ ഏകീകരിക്കുന്നതിനുള്ള ഒരു മാർഗമെന്ന് ചൂണ്ടിക്കാട്ടി യുക്രൈനും യൂറോപ്യൻ സഖ്യകക്ഷികളും നിരന്തരം വിമർശിക്കുന്ന കാര്യമാണിത്. ‘റഷ്യയും യുക്രൈനും തമ്മിലുള്ള ഭീകരമായ യുദ്ധം അവസാനിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം യുദ്ധം അവസാനിപ്പിക്കുന്ന ഒരു സമാധാന കരാറിലേക്ക് നേരിട്ട് പോകുക എന്നതാണ് എന്ന് എല്ലാവരും തീരുമാനിച്ചു’ വാഷിംഗ്‌ടണിലേക്കുള്ള മടക്കയാത്രയിൽ സെലൻസ്‌കിയുമായും യൂറോപ്യൻ നേതാക്കളുമായും സംസാരിച്ച ട്രംപ് പിന്നീട് വ്യക്തമാക്കി. വെടിനിർത്തൽ കരാറുകൾ അധികകാലം നിലനിൽക്കില്ലെന്നാണ് ട്രംപ് ഇതിന് കാരണമായി പറയുന്നത്. മറ്റ് രണ്ട് പ്രദേശങ്ങളിൽ സൈനിക നീക്കം മരവിപ്പിക്കുന്നതിന് പകരമായി റഷ്യയുടെ കൈവശമുള്ള രണ്ട് യുക്രൈനിയൻ പ്രദേശങ്ങളുടെ പൂർണ നിയന്ത്രണം റഷ്യ ഏറ്റെടുക്കുമെന്ന പുടിന്റെ നിർദ്ദേശത്തിന് ട്രംപ് പിന്തുണ നൽകിയതായാണ് വിവരം.

ഭൂമി കൈമാറുന്നതിന് പകരമായി, റഷ്യൻ സൈന്യം തെക്കൻ കരിങ്കടൽ തുറമുഖ പ്രദേശങ്ങളായ കെർസൺ, സപോരിജിയ എന്നിവിടങ്ങളിൽ ആക്രമണം നിർത്തും, അവിടെ പ്രധാന നഗരങ്ങൾ യുക്രൈനിയൻ നിയന്ത്രണത്തിലാണ്. എന്നാൽ ഡോൺബാസ്‌ വിട്ട് കൊടുക്കണമെന്ന ട്രംപിന്റെ നിർദ്ദേശം സെലൻസ്‌കി തള്ളിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചിലത് റിപ്പോർട്ട് ചെയ്യുന്നത്. അതിനിടെ യുക്രൈന് സുരക്ഷാ വാഗ്‌ദാനം നൽകാൻ അമേരിക്ക തയ്യാറാണെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ നീക്കത്തെ ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് സ്വാഗതം ചെയ്‌തു. അദ്ദേഹം അതിനെ “സുപ്രധാന പുരോഗതി” എന്നാണ് വിശേഷിപ്പിച്ചത്. എങ്കിലും നിലവിലെ സാഹചര്യത്തിൽ ട്രംപ് റഷ്യൻ പക്ഷം ചേർന്നോ എന്ന സംശയമാണ് യുക്രൈൻ അനുകൂലികൾ ഉന്നയിക്കുന്നത്. തിങ്കളാഴ്‌ച വാഷിംഗ്‌ടണിൽ വെച്ച് ട്രംപിനെ കാണുമെന്ന് സെലൻസ്‌കി അറിയിച്ചിട്ടുണ്ട്. അതേസമയം, യൂറോപ്യൻ സഖ്യകക്ഷികൾ ട്രംപിന്റെ സമാധാന ശ്രമങ്ങളെ സ്വാഗതം ചെയ്‌തെങ്കിലും യുക്രൈനിനെ നിരുപാധികം പിന്തുണയ്ക്കുമെന്നും റഷ്യയ്‌ക്കെതിരായ ഉപരോധങ്ങൾ കർശനമാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഫെബ്രുവരിയിൽ സെലൻസ്‌കിയുടെ അവസാന ഓവൽ ഓഫീസ് മീറ്റിംഗ് വലിയ വിവാദത്തിലായിരുന്നു കലാശിച്ചത്. യുഎസ് സഹായത്തിന് നന്ദികേട് കാണിച്ചതിന് ട്രംപും വൈസ് പ്രസിഡന്റ് ജെഡി വാൻസും അന്ന് യുക്രൈൻ പ്രസിഡന്റിനെ വിമർശിച്ചിരുന്നു. ട്രംപും സെലൻസ്‌കിയും തമ്മിലുള്ള പരസ്യമായ വാക്‌പോര് ഏറെ ചർച്ചയാവുകയും ചെയ്‌തിരുന്നു.