ന്യൂയോർക്ക്: അലാസ്‌കയിൽ വച്ച് നടന്ന ട്രംപ്-പുടിൻ കൂടിക്കാഴ്‌ചയ്ക്ക് പരിസമാപ്‌തി. യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ ധാരണയിലെത്തിയില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. കൂടിക്കാഴ്‌ചയ്ക്ക് ശേഷം ഇരുവരും കാര്യമായ വിവരങ്ങൾ ഒന്നും പങ്കുവെച്ചില്ലെങ്കിലും, ഇരു കൂട്ടരും പരസ്‌പരം മനസിലാക്കി എന്നാണ് പുടിൻ പറയുന്നത്. പരസ്‌പരം പ്രശംസ ചൊരിയുന്നതിലും രണ്ട് നേതാക്കളും പ്രത്യേകം ശ്രദ്ധിച്ചു.
കൂടിക്കാഴ്‌ചയ്ക്ക് ശേഷം, യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയുമായും യൂറോപ്യൻ നേതാക്കളുമായും ചർച്ചകൾ നടത്താൻ താൻ ഉദ്ദേശിക്കുന്നതായി ട്രംപ് അറിയിച്ചു. “ഒരു കരാർ ഉണ്ടാകുന്നത് വരെ ഇനി മറ്റൊരു കരാറുമില്ല” എന്നാണ് ട്രംപ് വ്യക്തമാക്കിയത്. പല കാര്യങ്ങളിലും ധാരണയിലെത്തിയെങ്കിലും മറ്റ് ചില വിഷയങ്ങളിൽ യോജിപ്പിലെത്താനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അലാസ്‌കയിൽ വെച്ച് ഏകദേശം രണ്ടര മണിക്കൂറോളം ട്രംപും പുടിനും തമ്മിൽ കൂടിക്കാഴ്‌ച നടത്തി. യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ധാരണയിൽ എത്താനായില്ലെങ്കിലും, ഇരുവരും നല്ല മനോഭാവം തന്നെ ചർച്ചയിൽ പ്രകടിപ്പിച്ചു. ഉപദേഷ്‌ടാക്കളുമായുള്ള ചർച്ചകളും ഉച്ചകോടിയിൽ ഉൾപ്പെട്ടിരുന്നു.
ജോയിന്റ് ബേസ് എൽമെൻഡോർഫ്-റിച്ചാർഡ്‌സണിൽ നടന്ന ഈ കൂടിക്കാഴ്‌ചയിൽ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, സ്‌റ്റീവ് വിറ്റ്കോഫ്, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്, യൂറി ഉഷാക്കോവ് എന്നിവരും പങ്കെടുത്തു. 1945-ന് ശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ കരയുദ്ധത്തിന് കാരണക്കാരനായ യുഎസ് എതിരാളിക്ക് ലഭിക്കുന്ന അസാധാരണമായ ഊഷ്‌മളമായ സ്വീകരണമായിരുന്നു
കൈ കൊടുത്ത്, ചിരിച്ച്, പ്രസിഡൻഷ്യൽ ലിമോസിനിൽ യാത്ര ചെയ്‌തണ് ഉച്ചകോടി ആരംഭിച്ചത്. റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ഉന്നത ഉപദേഷ്‌ടാക്കളുമായി അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയ ശേഷം സംയുക്ത വാർത്താ സമ്മേളനം നടത്താനും അവർ പദ്ധതിയിട്ടിരുന്നു. ആങ്കറേജിലെ ജോയിന്റ് ബേസ് എൽമെൻഡോർഫ്-റിച്ചാർഡ്‌സണിൽ വിരിച്ച ചുവന്ന പരവതാനിയിൽ വെച്ച് അവർ ഏറെ നേരം കൈകോർത്തു നിന്നു.
സംസാരിക്കുന്നതിനിടെ പുടിൻ ചിരിക്കുകയും ആകാശത്തേക്ക് വിരൽ ചൂണ്ടുകയും ചെയ്യുന്നത് കാണാമായിരുന്നു. അതിനിടെ അടുത്തായി നിന്ന റിപ്പോർട്ടർമാർ “പ്രസിഡന്റ് പുടിൻ, നിങ്ങൾ സാധാരണക്കാരെ കൊല്ലുന്നത് നിർത്തുമോ?” എന്ന് വിളിച്ചുചോദിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇത് പുടിൻ കേൾക്കാത്തത് പോലെ ചെവിയിൽ കൈ വെച്ചു നിന്നു.
തുടർന്നാണ് “ദി ബീസ്‌റ്റ്”
എന്നറിയപ്പെടുന്ന യുഎസ് പ്രസിഡൻഷ്യൽ ലിമോസിനിൽ ട്രംപും പുടിനും ഒരുമിച്ച് അവരുടെ കൂടിക്കാഴ്‌ച സ്ഥലത്തേക്ക് പോയത്. ക്യാമറകൾക്ക് മുന്നിലൂടെ വാഹനം കടന്നുപോകുമ്പോൾ പുടിൻ വലിയൊരു ചിരി സമ്മാനിച്ചു. യുഎസ് സഖ്യകക്ഷികൾക്ക് സാധാരണയായി ലഭിക്കുന്ന സ്വീകരണത്തിന് സമാനമായിരുന്നു ഇത്. പുടിൻ ആരംഭിച്ച യുക്രൈൻ യുദ്ധത്തിലെ രക്തച്ചൊരിച്ചിലിനും ദുരിതത്തിനും വിരുദ്ധമായിരുന്നു ഇതെന്ന് പറയാം.
ട്രംപിന്റെയും പുടിന്റെയും ദീർഘകാല സൗഹൃദം പരിഗണിച്ച് ഇത് അത്ഭുതകരമല്ലെങ്കിലും, മണിക്കൂറുകളോളം നീണ്ട അടച്ചിട്ട ചർച്ചകൾക്ക് മുമ്പുള്ള ഇത്തരം സൗഹൃദം യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിക്കും യൂറോപ്യൻ നേതാക്കൾക്കും ആശങ്കയുണ്ടാക്കിയേക്കാം. ട്രംപ് പ്രാഥമികമായി യുഎസ് താൽപ്പര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും യുക്രൈന് വേണ്ടി വേണ്ടത്ര സമ്മർദ്ദം ചെലുത്തുന്നില്ലെന്നും അവർ ഭയപ്പെടുന്നുണ്ട്.