24 in Thiruvananthapuram

ചൈനയും പാകിസ്ഥാനും ഇനി ‘അമേരിക്കയും’ ഇന്ത്യക്ക് വെല്ലുവിളി: താരിഫ് ഭീഷണിയില്‍ മോദിക്കെതിരേ കോണ്‍ഗ്രസ്

Posted by: TV Next August 6, 2025 No Comments

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ താരിഫ് ഭീഷണിയോട് മൗനം പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. ഇത് മോദിയുടെയും ട്രംപിന്റെയും സൗഹൃദത്തിന്റെ തകര്‍ച്ചയാണെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. ഇന്ത്യ വന്‍ തോതില്‍ റഷ്യന്‍ എണ്ണ വാങ്ങിച്ച് വലിയ ലാഭത്തിന് വില്‍ക്കുകയാണെന്ന് ആരോപിച്ച് 24 മണിക്കൂറിനകം യുഎസ് തീരുവ ഗണ്യമായി ഉയര്‍ത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിപക്ഷ പാര്‍ട്ടിയുടെ വിമര്‍ശനം.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം വളരെ സൗമ്യമായിപ്പോയെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചു. ഈ വിഷയത്തില്‍ ഇന്ത്യയുടെ അഭിപ്രായം പ്രകടിപ്പിക്കേണ്ടത് പ്രധാനമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.

സംഗം’ എന്ന പഴയ ചിത്രത്തില്‍ മുകേഷ് ആലപിച്ച ഗാനം പരാമര്‍ശിച്ചാണ് ജയറാം രമേശ് പ്രധാനമന്ത്രിയെ വിമര്‍ശിച്ചത്. ‘ട്രംപ് ഇനി ഒരു സുഹൃത്തല്ല, ട്രംപ് ഞങ്ങള്‍ക്ക് നിന്നില്‍ വിശ്വാസമില്ല’ എന്ന് ഗാനത്തിന്റെ വരികള്‍ കടമെടുത്ത് പരിഹസിച്ച കോണ്‍ഗ്രസ് നേതാവ് ഇത് മോദിയുടെയും ട്രംപിന്റെയും സൗഹൃദത്തിന്റെ തകര്‍ച്ചയാണെന്നും കുറ്റപ്പെടുത്തി.2019 ല്‍ ടെക്‌സാസില്‍ നടന്ന ഹൗഡി മോദി പരിപാടിയേക്കുറിച്ചും ജയറാം രമേശ് പരാമര്‍ശിച്ചു. 2019 ല്‍ ‘ഹൗഡി മോദി’, 2020 ഫെബ്രുവരിയില്‍ ‘നമസ്തേ ട്രംപ്’, 2025 ഫെബ്രുവരിയില്‍ ട്രംപുമായി ഫോട്ടോഷൂട്ട്, ട്രംപ് പ്രസിഡന്റായപ്പോള്‍ സന്ദര്‍ശിച്ച ആദ്യ രാഷ്ട്രത്തലവന്മാരില്‍ മോദിയും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രസിഡന്റായി ട്രംപ് സ്ഥാനാരോഹണം ചെയ്ത ചടങ്ങില്‍ തനിക്ക് മുന്‍നിരയില്‍ ഇരിപ്പിടം ലഭിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വീമ്പിളക്കി. ഇതെല്ലാം പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും തമ്മിലുള്ള സൗഹൃദത്തിന്റെ പേരിലായിരുന്നു.

മോദി തന്റെ മികച്ച സുഹൃത്താണെന്ന് ട്രംപ് അവകാശപ്പെടുന്നു. ട്രംപ് തന്റെ ഉറ്റ സുഹൃത്താണെന്ന് മോദിയും അവകാശപ്പെടുന്നു. എന്നാല്‍ ഇതേ പ്രസിഡന്റ് ട്രംപ് തന്നെ പാകിസ്ഥാന്‍ ആര്‍മി ചീഫ് അസിം മുനീറിനും ഉച്ചഭക്ഷണം നല്‍കി. മോദി നയതന്ത്രം വ്യക്തിപരമാക്കി മാറ്റുകയാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.1970-കളില്‍ ഇന്ത്യയോട് ധിക്കാരത്തോടെ പെരുമാറിയ അന്നത്തെ യുഎസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണെ ഇന്ദിരാഗാന്ധി എതിര്‍ത്തിരുന്നു. അന്ന് പാര്‍ലമെന്റിലും പുറത്തും സംസാരിച്ച ഇന്ദിരാഗാന്ധിയെപ്പോലെ മോദി യുഎസിനെ എതിര്‍ത്ത് ഒന്നും പറഞ്ഞിട്ടില്ല.

ചൈനയും പാകിസ്ഥാനുമാണ് ഇന്ത്യക്ക് വെല്ലുവിളി എന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്. ഇപ്പോള്‍ യുഎസുമായുള്ള ബന്ധവും സമ്മര്‍ദത്തിലാണ്. ഇനി ചൈന, അമേരിക്ക, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ ഭീഷണികളെ ഇന്ത്യ നേരിടേണ്ടി വരുമെന്നും രമേശ് പറഞ്ഞു. ഇന്ത്യ-യുഎസ് ബന്ധം നന്നാക്കേണ്ടത് പ്രതിപക്ഷത്തിന്റെ ജോലിയല്ലെന്നും മറിച്ച് അത് സര്‍ക്കാരിന്റെ ജോലിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..