27 in Thiruvananthapuram

കൊല്ലം സുധിയുടെ ഓര്‍മദിനത്തിലെ ഡാന്‍സ്; മാപ്പ് അപേക്ഷിച്ച് അലിന്‍ ജോസ് പെരേര

Posted by: TV Next June 8, 2025 No Comments

നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ അപ്രതീക്ഷിത മരണം എല്ലാ മലയാളികളും വേദനയോടെ ഓര്‍ത്തിരിക്കുന്ന സംഭവമാണ്. വാഹനാപകടത്തിലാണ് കൊല്ലം സുധിയുടെ മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു കൊല്ലം സുധിയുടെ രണ്ടാം ചരമവാര്‍ഷികം

സുധിയുടെ ഓര്‍മ്മയ്ക്കായി ഭാര്യ രേണു സുധി പള്ളിയിലും വീട്ടിലും പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുകയും അതിലേക്ക് കുറേ പേരെ ക്ഷണിക്കുകയും ചെയ്തിരുന്നു. അടുത്തിടെ, റീല്‍സുകളിലൂടെയും ഗ്ലാമറസായ ഫോട്ടോ ഷൂട്ടുകളിലൂടെയും രേണു സുധി വലിയ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു.

ഭര്‍ത്താവ് മരിച്ച് അധികം വൈകാതെ അഭിനയ രംഗത്തേക്ക് ഇറങ്ങിയതിന്റെ പേരില്‍ നിരവധി പേര്‍ രേണുവിനെ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളെ അതിജീവിച്ച് രേണു ആല്‍ബങ്ങളിലും ഷോര്‍ട്ട് ഫിലിമുകളിലും ഉള്‍പ്പെടെ സജീവമായി മുന്നോട്ടു പോകുകയാണ്. രേണു നേരിടുന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഓര്‍മ്മദിനം ആചരിച്ചത്.

സുധിയുടെ കുടുംബവും രേണുവും വെവ്വേറെയാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. സുധിയുടെ കുടുംബവീട്ടില്‍ നടന്ന ചടങ്ങിലാണ് മൂത്ത മകന്‍ കിച്ചുവും സുധിയുടെ അമ്മയും അടക്കമുള്ളവര്‍ പങ്കെടുത്തത്. അതേസമയം രേണു സുധിയുടെ വീട്ടില്‍ നടത്തിയ ചടങ്ങില്‍ അലിന്‍ ജോസ് പെരേരയും പ്രതീഷും അടക്കമുള്ള സഹതാരങ്ങളും പങ്കെടുത്തു. സുധിയുടെ ഓര്‍മ്മ ദിനം രേണു ആഘോഷമായാണ് കൊണ്ടാടിയത് എന്ന വിമര്‍ശനങ്ങള്‍ രണ്ടു ദിവസമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചടങ്ങിലെ രേണുവിന്റെ വൈകാരിക നിമിഷങ്ങള്‍ ഒപ്പിയെടുക്കാനായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളെ രേണു തന്നെ ക്ഷണിച്ചുവരുത്തിയതായുള്ള വെളിപ്പെടുത്തലുകളും പുറത്തുവന്നിരുന്നു.

വീട്ടില്‍ സുധിയുടെ ഫോട്ടോയ്ക്ക് മുന്നില്‍ നിന്ന് പ്രാര്‍ത്ഥിച്ച അലിന്‍ ജോസ് പെരേര വീടിന്റെ മുറ്റത്ത് വച്ച് നൃത്തം ചെയ്തതും രേണു അതിന് കൈയടിച്ച് പ്രോല്‍സാഹിപ്പിക്കുകയും ചെയ്തതാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച. ഇതിനെതിരേ നിരവധി യൂട്യുബര്‍മാരും വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ഇത് ചരമ വാര്‍ഷികമാണോ വിവാഹ വാര്‍ഷികമാണോ എന്നാണ് പലരും ചോദിക്കുന്നത്.

ഭര്‍ത്താവിന്റെ മരണം നടന്ന ദിവസത്തിന്റെ ഓര്‍മ ദിനത്തില്‍ തന്നെ ഇത്തരം കോപ്രായങ്ങള്‍ കാണിക്കുന്നത് എല്ലാ പരിധികളും ലംഘിക്കുന്നതാണെന്ന് പല യൂട്യുബര്‍മാരും രേണുവിനെ കുറ്റപ്പെടുത്തുന്നുണ്ട്. അലിന്‍ ജോസിന് ഇല്ലാത്ത പക്വത രേണു സുധി എങ്കിലും പ്രകടിപ്പിക്കേണ്ടതായിരുന്നു എന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു. ഇപ്പോഴിതാ, ഈ സംഭവത്തില്‍ മാപ്പപേക്ഷയുമായി അലിന്‍ ജോസ് പെരേര രംഗത്ത് വന്നു. വിഷ്ണു കൊച്ചിക്കാരന്‍ എന്നയാള്‍ക്ക് ഒപ്പമെത്തിയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അലിന്‍ ജോസ് മാപ്പപേക്ഷിച്ചത്. സുധിയുടെ വീട്ടില്‍ ചെന്ന് കാണിച്ചത് മോശമായ പ്രവൃത്തിയാണെന്ന് വിഷ്ണു കൊച്ചിക്കാരന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

കൊല്ലം സുധിയുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം ഇത് കാണുന്നുണ്ടെങ്കില്‍, അദ്ദേഹത്തിന് വേദനിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും അലിന്‍ ജോസ് പെരേര പറഞ്ഞു. അന്നത്തെ ദിവസം തെറ്റാണ് ഞങ്ങള്‍ ചെയ്തതെന്നും അലിന്‍ ജോസ് കൂടിച്ചേര്‍ത്തു. അതേസമയം, നിരവധി അഭിമുഖങ്ങള്‍ നല്‍കുന്ന രേണു സുധി ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല