ന്യൂഡല്‍ഹി: കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി മധ്യപ്രദേശിലെ ബിജെപി മന്ത്രി കുന്‍വര്‍ വിജയ് ഷാ. സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരിയാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം. മന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിച്ചു. ഷായുടെ പരാമര്‍ശങ്ങള്‍ അപമാനകരവും ലജ്ജാകരവുമാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു
ഇന്ദോറില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് കുന്‍വര്‍ വിജയ് ഷായുടെ കടുത്ത അധിക്ഷേപം ഉളവാക്കുന്ന വാക്കുകള്‍ ഉണ്ടായത്. ‘നമ്മുടെ പെണ്മക്കളുടെ നെറ്റിയിലെ സിന്ദൂരം തുടച്ചവരെ ഒരു പാഠം പഠിപ്പിക്കാന്‍ നമ്മള് അവരുടെ സഹോദരിയെത്തന്നെ അയച്ചു’, എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
ഓപ്പറേഷന് സിന്ദൂറിനേക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് കേണല്‍ സോഫിയ ഖുറേഷിയായിരുന്നു. വിജയ് ഷായുടെ പരാമര്‍ശം ഇന്ത്യന്‍ സേനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപി-ആര്‍എസ്എസ് മാനസികാവസ്ഥ എപ്പോഴും സ്ത്രീവിരുദ്ധമാണെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി.