26 in Thiruvananthapuram

ഔദ്യോഗിക അറിയിപ്പ് വന്നു, കേരള വന്ദേ ഭാരതിൽ ഇനി സീറ്റുറപ്പ്; തിരുവനന്തപുരം – മംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ഇനി 16 കോച്ച്.

Posted by: TV Next May 12, 2025 No Comments

തിരുവനന്തപുരം: രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തിയിട്ടും യാത്രയ്ക്ക് ടിക്കറ്റ് ലഭിക്കുന്നില്ലെന്ന പരാതിയാരുന്നു കേരളത്തിലെ യാത്രക്കാർ നിരന്തരം ഉന്നയിച്ചിരുന്നത്. കോച്ചുകളുടെ എണ്ണത്തിലെ കുറവായിരുന്നു ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ ഇനി ആ പരാതി ഉണ്ടാകില്ല. തിരുവനന്തപുരം – കാസർകോട് വന്ദേ ഭാരതിൻ്റെ കോച്ചുകൾ കൂട്ടിയതിന് പിന്നാലെ തിരുവനന്തപുരം – മംഗളൂരു വന്ദേ ഭാരതിൻ്റെയും സീറ്റുകൾ വർധിപ്പിക്കുകയാണ് ഇന്ത്യൻ റെയിൽവേ. നിലവിൽ എട്ട് കോച്ചുകളുള്ള ട്രെയിനിൽ ഇനി മുതൽ 16 കോച്ചുകൾ ഉണ്ടാകും.

ട്രെയിൻ നമ്പർ 20631/20632 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ വന്ദേ ഭാരത് മെയ് 22 വ്യാഴാഴ്ച മുതലാണ് 16 കോച്ചുകളുമായി സർവീസ് നടത്തുക. സതേൺ റെയിൽവേ ഇക്കാര്യം ഔദ്യോഗികമായി തന്നെ പുറത്തുവിട്ടിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യാർഥവും തിരക്ക് കുറക്കുന്നതിനുമായാണ് കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കി 16 ആക്കി വർധിപ്പിച്ചതെന്ന് റെയിൽവേ അറിയിച്ചു.

തിരുവനന്തപുരം – മംഗളൂരു വന്ദേ ഭാരതിൽ പുതുതായി ഒരു എക്സിക്യൂട്ടീവ് കോച്ചും ഏഴ് ചെയർ കാർ കോച്ചുകളുമാണ് കൂട്ടി ചേർക്കുന്നത്. ഇതോടെ കേരളത്തിൻ്റെ രണ്ടാം വന്ദേ ഭാരതിൽ ആകെ 14 ചെയർ കാർ കോച്ചുകളും രണ്ട് എക്സ്യുകൂട്ടീവ് കോച്ചുകളുമാകും. ആലപ്പുഴ വഴിയാണ് ഈ വന്ദേ ഭാരത് സർവീസ് നടത്തുന്നത്.

നാഗർകോവിൽ – ചെന്നൈ വന്ദേഭാരതിന് 20 കോച്ചുകളുള്ള ട്രെയിൻ ലഭിക്കുമ്പോൾ അവിടെ നിന്നു പിൻവലിക്കുന്ന 16 കോച്ച് ട്രെയിനാണു പാലക്കാട് ഡിവിഷനു ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്. രാവിലെ 06:25ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 03:05നാണ് തിരുവനന്തപുരത്തെത്തുക. മടക്കയാത്രയിൽ വൈകിട്ട് 4:05ന് പുറപ്പെട്ട് പുലർച്ചെ 12:40ന് മംഗളൂരുവിൽ എത്തുന്ന രീതിയിലാണു സർവീസ് നടത്തുന്നത്.

മംഗളൂരു വന്ദേ ഭാരതിന് യാത്രക്കാരുടെ വലിയ തിരക്കുണ്ടെങ്കിലും കോച്ചുകൾ കുറവായതിനാൽ ടിക്കറ്റ് കിട്ടാത്ത സ്ഥിതിയാണ് നിലവിലുള്ളത്. എട്ട് കോച്ചുകൾ കൂടി വരുന്നതോടെ വന്ദേ ഭാരതൽ 530 സീറ്റുകൾ അധികമായി ലഭിക്കും. അതേസമയം കോച്ചുകൾ 20 ആക്കി ഉയർത്തണമെന്നും ആവശ്യമുണ്ട്.

കേരളത്തിന് ലഭിച്ച ആദ്യ വന്ദേ ഭാരതായ തിരുവനന്തപുരം – കാസർകോട് വന്ദേ ഭാരതിൻ്റെ കോച്ചുകൾ 20 ആയി ഈ വർഷം ആദ്യം ഉയർത്തിയിരുന്നു. കോട്ടയം വഴിയാണ് ട്രെയിനിൻ്റെ സർവീസ്. മംഗളൂരു ട്രെയിനിന് 16 കോച്ചുകൾ ഉപയോഗിച്ചുള്ള സർവീസ് ലാഭകരമാണെങ്കിൽ 20 കോച്ചുകളുള്ള ട്രെയിൻ പിന്നീട് അനുവദിച്ചേക്കും.