ന്യൂഡല്‍ഹി: പൊതുറോഡുകളില്‍ വാഹനാപകടങ്ങള്‍ക്ക് ഇരയാകുന്നവർക്ക് നിർദിഷ്ട ആശുപത്രികളില്‍ ഒന്നരലക്ഷം രൂപവരെ അടിയന്തര കാഷ്ലെസ് ചികിത്സ ഉറപ്പാക്കുന്ന പദ്ധതി നിലവില്‍വന്നു.
രാജ്യവ്യാപകമായി സർക്കാർ-സ്വകാര്യ മേഖലയിലെ ആശുപത്രികളില്‍ പണം അടയ്ക്കാതെ അടിയന്തരചികിത്സ ഉറപ്പാക്കും.
അപകടമുണ്ടായി ഏഴുദിവസംവരെയാണ് പദ്ധതിയുടെ ആനുകൂല്യം. തിങ്കളാഴ്ചമുതല്‍ പദ്ധതി നിലവില്‍വന്നു. പദ്ധതിയുടെ പട്ടികയില്‍ ഉള്‍പ്പെട്ട ആശുപത്രികളിലാണ് ചികിത്സ ലഭിക്കുക. മറ്റ് ആശുപത്രികളിലാണ് പ്രവേശിപ്പിക്കുന്നതെങ്കില്‍, പ്രാഥമികമായി സൗജന്യചികിത്സ ലഭിക്കും. തുടർന്ന് പട്ടികയിലുള്ള ആശുപത്രിയിലേക്ക് രോഗിയെ മാറ്റണം. ‘കാഷ്ലെസ് ട്രീറ്റ്മെന്റ് ഓഫ് റോഡ് ആക്സിഡന്റ് വിക്ടിംസ് സ്കീം-2025’ എന്ന പദ്ധതിസംബന്ധിച്ച് കേന്ദ്ര ഗതാഗതമന്ത്രാലയം ചൊവ്വാഴ്ച വിജ്ഞാപനമിറക്കി.
പ്രായം, വരുമാനം മാനദണ്ഡമല്ല
അതിവേഗത്തിലുള്ളതും സൗജന്യമായതുമായ അടിയന്തരചികിത്സ ഉറപ്പാക്കി റോഡ് അപകടങ്ങള്‍മൂലമുള്ള മരണങ്ങള്‍ ഒഴിവാക്കുകയാണ് കേന്ദ്രസർക്കാരിന്റെ പണരഹിതചികിത്സാ പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിക്ക് പ്രായം, സാമൂഹിക പശ്ചാത്തലം, വരുമാനം എന്നിവ മാനദണ്ഡമല്ല. പദ്ധതിക്കുള്ള ചെലവ് അതത് സംസ്ഥാനങ്ങളില്‍ ജനറല്‍ ഇൻഷുറൻസ് സേവനങ്ങള്‍ നല്‍കുന്ന കമ്പനികളില്‍ നിന്ന് കണ്ടെത്തും. പദ്ധതിയുടെ നടത്തിപ്പിന് ദേശീയതലത്തില്‍ 11 അംഗ സ്റ്റിയറിങ് കമ്മിറ്റി പ്രവർത്തിക്കും. റോഡ് വിഭാഗം സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയില്‍ ദേശീയപാതാ അതോറിറ്റി, കേന്ദ്ര ആഭ്യന്തരമന്ത്രാലയം, ധനകാര്യമന്ത്രാലയം, ആരോഗ്യമന്ത്രാലയം, ഇൻഷുറൻസ് ഏജൻസികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പ്രതിനിധികളുണ്ടാകും.
നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാഥമിക ഏജൻസി. സംസ്ഥാനങ്ങളിലുള്ള സംസ്ഥാന റോഡ് സേഫ്റ്റി കൗണ്‍സില്‍, പോലീസ്, ആശുപത്രികള്‍, സംസ്ഥാന ആരോഗ്യ ഏജൻസികള്‍ തുടങ്ങിയവർ സഹകരിക്കും. പദ്ധതിക്കായി ഒരു പ്രത്യേക ഡിജിറ്റല്‍ പോർട്ടലിന് രൂപംകൊടുക്കും
നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാഥമിക ഏജൻസി. സംസ്ഥാനങ്ങളിലുള്ള സംസ്ഥാന റോഡ് സേഫ്റ്റി കൗണ്‍സില്‍, പോലീസ്, ആശുപത്രികള്‍, സംസ്ഥാന ആരോഗ്യ ഏജൻസികള്‍ തുടങ്ങിയവർ സഹകരിക്കും. പദ്ധതിക്കായി ഒരു പ്രത്യേക ഡിജിറ്റല്‍ പോർട്ടലിന് രൂപംകൊടുക്കും. ആശുപത്രികളുടെ വിവരങ്ങള്‍, ക്ലെയിമിനുള്ള നടപടിക്രമങ്ങള്‍, ചികിത്സയും പണമടയ്ക്കലും തുടങ്ങിയവ ഈ പോർട്ടല്‍വഴി ഏകോപിപ്പിക്കും.
വിവരങ്ങള്‍, ക്ലെയിമിനുള്ള നടപടിക്രമങ്ങള്‍, ചികിത്സയും പണമടയ്ക്കലും തുടങ്ങിയവ ഈ പോർട്ടല്‍വഴി ഏകോപിപ്പിക്കും.
റോഡ് സുരക്ഷാ കൗണ്‍സില്‍ നോഡല്‍ ഏജൻസി
സംസ്ഥാന റോഡ് സുരക്ഷാ കൗണ്‍സിലാണ് നോഡല്‍ ഏജൻസി. ആശുപത്രികളുടെ പേരുവിവരപ്പട്ടിക സംസ്ഥാന റോഡ് സുരക്ഷാ കൗണ്‍സിലിന്റെയോ ദേശീയ ആരോഗ്യ അതോറിറ്റിയുടെയോ പോർട്ടലില്‍ ലഭിക്കും. അപകടത്തെക്കുറിച്ച് പോലീസിനെ അറിയിക്കണം. തുടർനടപടികള്‍ക്ക് പോലീസിന്റെ റിപ്പോർട്ട് ആവശ്യമാണ്. ആശുപത്രികള്‍ ദേശീയ ആരോഗ്യ അതോറിറ്റിയുമായി ബന്ധപ്പെട്ട് രോഗികളുടെ ക്ലെയിം സെറ്റില്‍മെന്റ് നടപടികള്‍ സ്വീകരിക്കും. മെഡിക്കല്‍ റിപ്പോർട്ടുകള്‍, ബില്ലുകള്‍, പോലീസ് എഫ്‌ഐആർ എന്നിവയുടെ പകർപ്പുകള്‍ സൂക്ഷിക്കണം.