29 in Thiruvananthapuram

* ചരിത്ര നിമിഷം; വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു; ഇനി രാജ്യത്തിന്റെ പണം രാജ്യത്തിനെന്ന് മോദി.

Posted by: TV Next May 2, 2025 No Comments

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. വിഴിഞ്ഞം തുറമുഖത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി കമ്മീഷൻ ചെയ്‌തത്. മലയാളത്തിലാണ് പ്രധാനമന്ത്രി സംസാരിച്ച്. പദ്ധതിയുടെ നേട്ടങ്ങളും സാധ്യതകളും ഉയർത്തിക്കാട്ടിയാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഇനി രാജ്യത്തിന്റെ പണം രാജ്യത്തിനാണെന്നും പണം രാജ്യത്തിന് പുറത്തേക്ക് ഒഴുകില്ലെന്നും പറഞ്ഞ പ്രധാനമന്ത്രി, കേരളത്തിനും രാജ്യത്തിനും പുതിയ സാമ്പത്തിക സ്ഥിരത നൽകുമെന്നും വ്യക്തമാക്കി.

രാജ്യത്തിന്റെ തുറമുഖ നഗരങ്ങൾ വികസിത ഭാരത് സങ്കല്പത്തിന്റെ പ്രധാന കേന്ദ്രമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാറിനൊപ്പം ചേർന്ന് വിഴിഞ്ഞം തുറമുഖ വികസനം കേന്ദ്ര സർക്കാർ യാഥാർത്ഥ്യമാക്കി. ഇന്നത്തെ പരിപാടി ഇന്ത്യ സഖ്യത്തിലെ പലരുടേയും ഉറക്കം കെടുത്തും. ഞാൻ വിഴിഞ്ഞം തുറമുഖം കണ്ടു. ഇത്ര വലിയ തുറമുഖം ഗൗതം അദാനി കേരളത്തിൽ നിർമിച്ചതിന് ഗുജറാത്തുകാർ അദ്ദേഹത്തോട് പിണങ്ങുമെന്നും മോദി പ്രസംഗത്തിൽ പറഞ്ഞു.

രാഹുൽ ഗാന്ധിയെ കുത്തി അദാനിയെ പുകഴ്ത്തിയാണ് മോദി പ്രസംഗിച്ചത്. ഇന്ത്യ സംഖ്യത്തിലെ പ്രധാന നേതാവായ പിണറായിയും ശശി തരൂരും ഇവിടെ ഉണ്ട്. ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി പറയുന്നു, അദാനി തങ്ങളുടെ പങ്കാളിയാണെന്ന്. ഇതാണ് മാറ്റമെന്ന് സ്വാഗത പ്രാസംഗികനായ വിഎൻ വാസവൻ്റെ പ്രസംഗത്തിലെ പരാമർശം ചൂണ്ടി പ്രധാനമന്ത്രി പരിഹസിച്ചു. സ്വകാര്യ നിക്ഷേപത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സ്വാഗതം ചെയ്യുന്നത് നല്ല കാര്യമെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം ബൈപ്പാസും ആലപ്പുഴ ബൈപ്പാസും കേന്ദ്ര സർക്കാർ അതിവേഗം പൂർത്തിയാക്കിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രപദ്ധതികളിലൂടെ കേരളത്തിന്റെ വികസനം യാഥാർഥ്യമാക്കി. മത്സ്യത്തൊഴിലാളികൾക്കും പ്രാഥമിക പരിഗണ നൽകി. നമ്മുടെ കേരളത്തിൽ ആളുകൾ സൗഹാർദത്തോടെ ജീവിക്കുന്നു. മാർപ്പാപ്പയുടെ സംസ്കാര ചടങ്ങിൽ രാഷ്ട്രപതിയും മന്ത്രി ജോർജ്ജ് കുര്യനും പങ്കെടുത്തു. പലതവണ തനിക്ക് മാർപ്പാപ്പയെ കാണാൻ അവസരം കിട്ടി. അദ്ദേഹത്തിന്റെ പ്രത്യേക സ്നേഹം അനുഭവിക്കാനായി. നമുക്ക് ഒരുമിച്ച് കേരളം പടുത്തുയർത്താം. ജയ് കേരളം, ജയ് ഭാരത് എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

ഗവർണർ രാജേന്ദ്ര അർലേകർ, മുഖ്യമന്ത്രി പിണറായി വിജയൻ, അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനി, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വിഎൻ വാസവൻ, എംപിമാരായ ശശി തരൂർ, ജോൺ ബ്രിട്ടാസ്, എംഎൽഎ എം വിൻസൻ്റ്, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

രാവിലെ ഹെലികോപ്റ്റർ മാർഗം തുറമുഖത്ത് എത്തിയ പ്രധാനമന്ത്രി, പദ്ധതി പ്രദേശം നടന്നുകണ്ട ശേഷമാണ് വേദിയിലേക്ക് എത്തിയത്. ഇവിടെ വച്ച് വേദിയിലുണ്ടായിരുന്ന മന്ത്രിമാരെയും എംപിമാരെയും എംഎൽഎമാരെയും കണ്ട അദ്ദേഹം, സദസിനെ അഭിവാദ്യം ചെയ്തു. ആർപ്പുവിളിച്ചാണ് സദസിലുണ്ടായിരുന്ന ബിജെപി പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചത്. പിന്നീട് അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനി നേരിട്ടെത്തി പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ചു.

പരിപാടിക്ക് സ്വാഗതം ആശംസിച്ച് സംസാരിച്ച തുറമുഖ വകുപ്പ് മന്ത്രി ഇടതുപക്ഷ സർക്കാരിൻ്റെ നേട്ടമാണ് വിഴിഞ്ഞം കമ്മീഷനിങ് എന്ന് പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്രം വായ്പയായി നൽകിയ വിജിഎഫ് ഫണ്ട് മാത്രമാണ് കേന്ദ്ര വിഹിതമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി മോദിയെ വേദിയിലിരുത്തി കേന്ദ്രസർക്കാർ നിലപാടിനെതിരെ സംസാരിച്ചു. അധ്യക്ഷ പ്രസംഗത്തിൽ പദ്ധതി സംസ്ഥാന സർക്കാരിൻ്റെ നേട്ടമെന്ന് പറഞ്ഞ അദ്ദേഹം, അങ്ങനെ അതും നമ്മൾ നേടി എന്ന് വ്യക്തമാക്കി. തൻ്റെ പ്രസംഗത്തിൽ എവിടെയും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറിച്ച് പരാമർശിച്ചില്ല.