ശ്രീനഗര്‍: ഭൂമിയിലെ സ്വര്‍ഗം ഇപ്പോള്‍ തീരാദുഃഖത്തിലാണ്. പ്രതിഷേധത്തിലാണ്. പഹല്‍ഗാം ആക്രമണം അത്രമേല്‍ കശ്മീരിനെയും കശ്മീര്‍ ജനതയെയും കീഴ്‌മേല്‍ മറിച്ചിരിക്കുന്നു. 35വര്‍ഷത്തിനിടെ ഇതാദ്യമായി കശ്മീരിലെ സകല കടകളും അടഞ്ഞ് കിടന്നു. പള്ളികളിലെ ഉച്ചഭാഷിണികളില്‍ നിന്ന് കടകള്‍ അടക്കാനും പ്രതിഷേധിക്കാനും മരിച്ചവര്‍ക്കായി അനുശോചിക്കാനും ആഹ്വാനം ഉയര്‍ന്നു. വ്യാപാരസംഘടനകളെല്ലാം ബന്ദിന് അനുകൂലമായിരുന്നു. തെരുവുകളില്‍ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ചുള്ള മുദ്രാവാക്യങ്ങള്‍ മുഴങ്ങി. നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല മതസംഘടനകളുടെ കൂട്ടായ്മയായ മുത്തഹിദെ മജ്ലിസ് ഉലമയും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. ഹുറിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ മിര്‍വായിസ് ഉമര്‍ ഫാറൂഖ് ആണ് ഈ കൂട്ടായ്മയുടെ അധ്യക്ഷന്‍.
കശ്മീരികള്‍ അല്ലാത്തവര്‍ ടൂറിസ്റ്റുകളായി വന്ന് ഇവിടെ താമസം ഉറപ്പിക്കുന്നു, അത് സമ്മതിക്കില്ല എന്നൊക്കെ നിലപാട് എടുത്തിട്ടുള്ള ടിആര്‍എഫ് അവകാശപ്പെടുന്നത് യഥാര്‍ത്ഥ കശ്മീരികള്‍ക്ക് വേണ്ടിയാണ് പോരാട്ടമെന്നാണ്. എന്നാല്‍ നാട് കാണാന്‍ എത്തിയ പാവം മനുഷ്യരെ വെടിവെച്ചിട്ടവര്‍ക്ക് എതിരെ ഉയര്‍ന്ന പ്രതിഷേധം വിഘനടവാദം ഉയര്‍ത്തുന്ന ഭീകരവാദികള്‍ക്കുള്ള ഒരു നാടിന്റെ മുന്നറിയിപ്പാണ്.
വര്‍ഷങ്ങള്‍ക്ക് ഇപ്പുറം പ്രതീക്ഷയുടെ വെട്ടം കണ്ട് സ്വസ്ഥ ജീവിതം സ്വപ്‌നം കണ്ടു തുടങ്ങിയതാണ് അവര്‍. താഴ്‌വരയുടെ സൗന്ദര്യത്തിന് പല ഭാഷകളുടെ വൈവിധ്യം പുതിയ നിറങ്ങള്‍ നല്‍കുന്നത് കണ്ട് സന്തോഷിച്ചവര്‍ ആണ്. ദാല്‍ തടാകത്തിലെ ഷിക്കാരകള്‍ക്കുള്ള കാത്തിരിപ്പ് കണ്ട് ആനന്ദിച്ചവരാണ് അവര്‍. പുതിയൊരു കാലത്തിനായി പതുക്കെ നടന്നു തുടങ്ങിയ നാടിന്റെ മുഴുവന്‍ പ്രതീക്ഷകളുമാണ് ബൈസരണ്‍ വാലിയില്‍ മുഴങ്ങിയ വെടിയൊച്ചകളില്‍ വീണുടഞ്ഞത്.
26 ജീവനുകള്‍ക്കൊപ്പം പഹല്‍ഗാമില്‍ കൊല്ലപ്പെട്ട 26 പേരില്‍ 25 പേരും കശ്മീര്‍ കാണാന്‍ വന്നവര്‍. അവസാന പേരുകാരന്‍ കശ്മീര്‍ സ്വദേശി സയിദ് ആദില്‍ ഹുസൈന്‍ ഷാ. 28 കാരന്‍. കുടുംബത്തിന്റെ അത്താണി. മുസ്ലീമാണോ എന്നും കലിമ ചൊല്ലാന്‍ അറിയുമോ എന്നും ചോദിച്ച് വെടിയുതിര്‍ത്ത ഭീകരര്‍ ഇതിന് രണ്ടിനും അനുകൂല ഉത്തരം ഉറപ്പായിട്ടും സയിദിനെ കൊന്നു. എന്തിന്? സയിദ് യഥാര്‍ത്ഥ കശ്മീരുകാരന്‍ ആയിരുന്നു. അതു കൊണ്ട്. ഏറ്റവും ലളിതമായ ഉത്തരം അതാണ്.
തനിക്ക് ഒപ്പമുണ്ടായിരുന്ന യാത്രികരെ ആക്രമിക്കാന്‍ എത്തിയ തീവ്രവാദിയുടെ തോക്ക് തട്ടിത്തെറിപ്പിച്ചപ്പോഴാണ് സയിദിന് നേരെ വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞത്. കശ്മീരില്‍ തന്നെ ജനിച്ച് വളര്‍ന്ന സയിദിന് എന്താണ് സംഭവിക്കുന്നത് എന്നോ താന്‍ ചെയ്യുന്നത് എന്താണെന്നോ തനിക്ക് നേരെ വരാന്‍ പോകുന്നത് എന്താണെന്നോ അറിയാതിരിക്കാന്‍ തരമില്ല. എന്നിട്ടും അവന്‍ അത് ചെയ്തു. ചോര പൊടിഞ്ഞ് വീഴുകയും ചെയ്തു. ഭീകരവാദത്തിന് ഇരയായി ജീവന്‍ പോയ മറ്റൊരു കശ്മീരി മാത്രമല്ല സയിദ്. പ്രതിസന്ധികള്‍ക്ക് ഇടയിലും തോക്കിന്റെ ഒച്ചകള്‍ക്ക് നടുവിലും സഞ്ചാരികളോട് മുഖം തിരിക്കാത്ത സ്‌നേഹത്തോടെ പെരുമാറുന്ന സാധാരണ കശ്മീര്‍ ജനതയുടെ പ്രതിനിധിയാണ് സയിദ്.
ആക്രമണത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട്, ഒരു നിമിഷം കൊണ്ട് ജീവിതം കീഴ്‌മേല്‍ മറിഞ്ഞ സ്ത്രീകളെയും കുട്ടികളെയും ആയുസ്സിന്റെ ബലം കൊണ്ട് ജീവന്‍ കിട്ടിയ മറ്റുള്ളവരെയും കശ്മീരികള്‍ ഒപ്പം ചേര്‍ത്ത് പിടിച്ചു. അവര്‍ക്ക് വിശ്രമിക്കാന്‍ സ്ഥലം ഒരുക്കിയും ഭക്ഷണവും വെള്ളവും കൊടുത്തും ആശുപത്രികളിലേക്ക് കൂട്ടുപോയും സൗകര്യം ഒരുക്കിയും ഒക്കെ കശ്മീരികള്‍ അവര്‍ക്കാവുന്നത് ചെയ്തു. പരിക്ക് പറ്റിയവരെ താങ്ങിപ്പിടിച്ച് ആശുപത്രികളില്‍ എത്തിച്ചു. യഥാര്‍ത്ഥ കശ്മീരികള്‍ ആരാണെന്ന് ലോകത്തിന് കാട്ടി തന്ച്ഛന്റെ വിയോഗത്തിനിടയിലും കശ്മീര്‍ ബാക്കിയാക്കുന്ന നന്മയുടെ ഒരു ഏടുണ്ട്, കൊച്ചിയിലെ ആരതിക്കും. കണ്‍മുന്നില്‍ വെടിയേറ്റ് വീണ അച്ഛന്‍ രാമചന്ദ്രന് അരികില്‍ നിന്ന് അഞ്ച് വയസ്സുള്ള ഇരട്ടക്കുട്ടികളുടെ കൈ പിടിച്ച് കാട്ടിലൂടെ ഓടി റോഡിലെത്തിയ ആരതിക്കു മുന്നില്‍ ഞങ്ങളുണ്ട് എന്ന് പറഞ്ഞ് ഒപ്പം നില്‍ക്കാന്‍ രണ്ട് കശ്മീരികള്‍ ഉണ്ടായിരുന്നു. മുസാഫിറും സമീറും. ഹോട്ടലിലേക്കും ആശുപത്രിയിലേക്കും മോര്‍ച്ചറിയിലേക്കും പൊലീസ് സ്റ്റേഷനിലേക്കും ഒടുവില്‍ വിമാനത്താവളത്തിലേക്കും. എല്ലായിടത്തും മുസാഫിറും സമീറും ആരതിക്കൊപ്പം പോയി. സഹായിച്ചു. അച്ഛനെ നഷ്ടപ്പെട്ട മണ്ണില്‍ നിന്ന് രണ്ട് സഹോദരങ്ങളെ കിട്ടിയെന്നാണ് തീരാവേദനക്കിടയിലും ആരതി പറഞ്ഞത്. അത്രമേല്‍ ആരതിക്കൊപ്പം നിന്നു അവര്‍ രണ്ടു പേരും.
ആരതിയുടേത് ഒറ്റപ്പെട്ട അനുഭവം അല്ല. കശ്മീരികളുടെ പൊതുഭാവം സൗഹൃദമാണ്. ഹിമവാന്റെ അതിരുകളും ടുലിപ് വിരിയുന്ന തോട്ടങ്ങളും താഴ്‌വരകളുടെ പച്ചപ്പും ഷിക്കാരകളുടെ മൃദുതാളവും എല്ലാം ആസ്വദിക്കാന്‍ എത്തുന്നവരെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്നവര്‍ ആണവര്‍. അനിശ്ചിതാവസ്ഥയുടെ നീണ്ട കാലത്തിന് ശേഷം നാട് കാണാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ വന്ന വര്‍ധന കശ്മീരികള്‍ക്ക് സന്തോഷം നല്‍കിയിരുന്നു. നല്ലൊരു സ്വപ്‌നത്തില്‍ നിന്ന് പെട്ടെന്ന് ഉണര്‍ന്ന് പോയ അവസ്ഥയിലാണ് ഇപ്പോള്‍ അവര്‍.
ഷിക്കാരകള്‍ വീണ്ടും ദാല്‍ തടാകത്തിന്റെ ഓരത്ത് അനങ്ങാതെ കിടക്കുന്നു. തെരുവുകള്‍ ശൂന്യമാണ്. ചെറുതും വലുതുമായ ഹോട്ടലുകളില്‍ എത്തുന്ന സന്ദേശങ്ങളെല്ലാം റദ്ദാക്കലിന്റേതാണ്. ശ്രീനഗറില്‍ നിന്നുള്ള വിമാനങ്ങളില്‍ നല്ല തിരക്കാണ്. ഇങ്ങോട്ടേക്കുള്ള വിമാനങ്ങളില്‍ തീരെ ആളുമില്ല. സാമ്പത്തികമായും സാമൂഹികമായും കരുത്ത് കിട്ടുമായിരുന്ന ഒരു കാലയളവ് ആണ്, ഒരു അവധിക്കാലമാണ് പഹല്‍ഗാമില്‍ ഇല വീഴുന്ന പോലെ കൊഴിഞ്ഞു പോയത്. ഇനിയൊരു പൂക്കാലം അടുത്തുണ്ടാവാന്‍ സാധ്യത കുറവാണെന്നും കശ്മീരികള്‍ക്ക് അറിയാം.
കണക്കുകൂട്ടലും പ്രതീക്ഷകളും തകര്‍ന്നതിന്റെ നിരാശയേക്കാളും പക്ഷേ കശ്മീരികളെ വിഷമിപ്പിക്കുന്നത് നാടു കാണാനെത്തിയവരുടെ ദുഃഖമാണ്. ഇത്രയും മനസ്സ് തകര്‍ന്ന് യാത്രികര്‍ പോകുന്നത് അവരെ വേദനിപ്പിക്കുന്നു. നാടിനേറ്റ അപമാനമായാണ് കശ്മീരികള്‍ ഇത് കാണുന്നത്. മനസ്സ് അത്രയും തകര്‍ന്നതു കൊണ്ടാണ് കശ്മീരികള്‍ തെരുവില്‍ ഇറങ്ങിയത്. കടകള്‍ അടച്ചത്. സൈന്യത്തിന് പിന്തുണ അറിയിച്ചും ജയ് ഹിന്ദുസ്ഥാന്‍ എന്ന് ഉറക്കെ വിളിച്ചും പ്രകടനം നടത്തിയത്. അവരാണ് യഥാര്‍ത്ഥ കശ്മീരികള്‍. അവരുടെ തൊണ്ട പൊട്ടിയുള്ള, മനസ്സ് തകര്‍ന്നുള്ള മുദ്രാവാക്യം വിളിയിലും സ്വയം മറന്നുള്ള സഹായതത്പരതയിലും ആണ് യഥാര്‍ത്ഥ കശ്മീര്‍ പ്രതിഫലിക്കുന്നത്.