31 in Thiruvananthapuram

വഖഫ് നിയമ ഭേദഗതി; സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും

Posted by: TV Next April 17, 2025 No Comments

വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് കെവി വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഇന്നലെ ഹർജികൾ പരിഗണിക്കവെ ബോർഡിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്തിയത് അടക്കമുള്ള വിഷയങ്ങളിൽ കോടതി ചോദ്യം ഉയർത്തിയിരുന്നു. ഇക്കാര്യത്തിലെല്ലാം കേന്ദ്രസർക്കാർ ഇന്ന് മറുപടി നൽകും.

കോടതി വഖഫ് ആയി പ്രഖ്യാപിച്ച സ്വത്തുക്കൾ ഡിനോട്ടിഫൈ ചെയ്യരുതന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഉപയോക്താവ് വഴിയോ, ആധാരം മുഖേനയോ കോടതി ഉത്തരവ് വഴിയോ വഖഫ് ആയ സ്വത്തുക്കൾ വഖഫ് അല്ലാതാക്കരുതെന്നായരുന്നു നിർദേശം. ‘വളരെക്കാലമായി നിലനിൽക്കുന്ന ഉപയോക്തൃ വഴിയുള്ള വഖഫ് എങ്ങനെയാണ് രജിസ്റ്റർ ചെയ്യുക? അവയ്ക്കൊക്കെ എന്ത് രേഖകളാണ് ഉണ്ടാകുക? ചില ദുരുപയോഗങ്ങൾ നടന്നിട്ടുണ്ടെന്ന് അംഗീകരിക്കുന്നു, എന്നാൽ യഥാർത്ഥ വഖഫ് സ്വത്തുക്കളും ഉമ്ട്. പ്രിവി കൗൺസിൽ വിധിന്യായങ്ങൾ പരിശോധിച്ചപ്പോൾ മനസിലായി വഖഫ് സ്വത്തുക്കൾ അംഗീകരിക്കപ്പെട്ടതാണ്. നിങ്ങൾ പഴയപടിയാക്കുകയാണെങ്കിൽ അത് പ്രശ്നമാകും’, എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ വാക്കുക.

സർക്കാർ ഭൂമി സംബന്ധിച്ച കളക്ടറുടെ അന്വേഷണ വേളയിൽ വഖഫ് സ്വത്ത് വഖഫായി പരിഗണിക്കില്ലെന്ന് പ്രസ്താവിക്കുന്ന നിയമഭേദഗതി നടപ്പാക്കരുതെന്നായിരുന്നു മറ്റൊരു നിർദേശം. വഖഫ് ബോർഡുകളിലേയും കേന്ദ്ര വഖഫ് കൗൺസിലിലേയും എക്സ് ഒഫീഷ്യോ അംഗങ്ങൾ ഒഴികെ എല്ലാ അംഗങ്ങളും മുസ്ലീങ്ങളായിരിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പരാമർശിക്കവെ രൂക്ഷവിമർശനവും കോടതി ഉയർത്തി. ഹിന്ദുക്കളുടെ ബോർഡുകളിൽ അല്ലെങ്കിൽ ട്രസ്റ്റുകളിൽ മുസ്ലീങ്ങളെ ഉൾപ്പെടുത്തുമെന്നാണോ എന്നായിരുന്നു കോടതിയുടെ ചോദ്യം.

ഹർജികളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നും ഹർജി പരിഗണിക്കവെ കോടതി വ്യക്തമാക്കി. ‘സാധരണഗതിയിൽ ഇത്തരം നിയമങ്ങളിൽ ഇടക്കാല ഉത്തരവുകൾ ഇറക്കാറില്ല. എന്നാൽ ഇക്കാര്യത്തിൽ സ്ഥിതി വ്യത്യസ്തമാണ്. അതിനാൽ ഉത്തരവ് ഇറക്കാനാണ് ആലോചിക്കുന്നത്’, കോടതി പറഞ്ഞു. എന്നാൽ കേന്ദ്രസർക്കാർ കൂടുതൽ സമയം തേടി. വ്യാഴാഴ്ച കൂടി വാദം കേൾക്കണമെന്നും അതിനുശേഷം ഉത്തരവിറക്കാമെന്നും സോളിസിറ്റർ ജനറൽ അഭ്യർത്ഥിച്ചു. തുടർന്ന് ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഹർജികൾ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരിക്കും പരിഗണിക്കുക.വഖഫ് നിയമഭേദഗതിക്കെതിരെ 73 ഓളം ഹർജികളാണ് സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ടിരിക്കുന്നത്. കോൺഗ്രസ്, സമാജ്വാദി പാർട്ടി, എ ഐ എം ഐ എം, ഡി എം കെ, വിജയിയുടെ ടി വി കെ തുടങ്ങിയ രാഷ്ട്രീയ പാർട്ടികളും ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ്, കേരളം ആസ്ഥാനമായുള്ള സുന്നി പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, എ ഐ പി എൽ ബി, എസ് ഡി പി ഐ,മുസ്ലീം ലീഗ്, അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് തുടങ്ങിയ മതസംഘടനകളും ഹർജി നൽകിയിരുന്നു. നിയമം ഭരണഘടന വിരുദ്ധമാണെന്നും വ്യാപകമായ എതിർപ്പുകൾ ഉണ്ടായിട്ടും ജെ പി സി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ എതിർപ്പുയർത്തിട്ടും കേന്ദ്രം നിയമത്തിൽ ഭേദഗതി വരുത്തുകയായിരുന്നുവെന്നുമാണ് ഹർജികളിൽ ഇവർ ആരോപിക്കുന്നത്.

അതേസമയം പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരെ രാജ്യത്ത് വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. ബംഗാൾ , അസം , തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം പ്രതിഷേധം രൂക്ഷമായിരുന്നു. ബംഗാളിൽ നടന്ന പ്രതിഷേധത്തിനിടെ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം നിയമം ഒരു കാരണവശാലും ബംഗാളിൽ നടപ്പാക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചത്. നിയമം കൈയ്യിലെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മമത വ്യക്തമാക്കിയിരുന്നു.