സമുദ്രാതിർത്തിയിൽ പുതുതായി കണ്ടെത്തിയ എണ്ണ, വാതക നിക്ഷേപങ്ങൾ ഖനനം ചെയ്യുന്നതിനായി തുർക്കിയുമായി കരാറുണ്ടാക്കി പാകിസ്താന്‍. പാകിസ്ഥാനിലെ മാരി എനർജിസ് ലിമിറ്റഡ്, ഓയിൽ ആൻഡ് ഗ്യാസ് ഡെവലപ്‌മെന്റ് കമ്പനി ലിമിറ്റഡ്, പാകിസ്ഥാൻ പെട്രോളിയം ലിമിറ്റഡ് എന്നിവ തുർക്കി സർക്കാർ ഉടമസ്ഥതയിലുള്ള ടി പി എ ഒ എന്ന കമ്പനിയുമായി സഹകരിച്ച് ഓഫ്‌ഷോർ ബിഡ്ഡിംഗിങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്
മൂന്ന് വർഷത്തോളമായി നടത്തിയ പര്യവേക്ഷണത്തിന് ഒടുവില്‍ ലോകത്തിലെ നാലാമത്തെ വലിയ എണ്ണ, വാതക ശേഖരം എന്നാണ് പുതിയ കണ്ടുപിടുത്തത്തെ പാകിസ്ഥാന്‍ വിശേഷിപ്പിച്ചത്. നിലവില്‍ വെനിസ്വേല, സൗദി അറേബ്യ, കാനഡ എന്നിവയാണ് ഏറ്റവും വലിയ എണ്ണ ശേഖരം ഉള്ള മൂന്ന് രാജ്യങ്ങൾ. ഈ സാഹചര്യത്തില്‍ നാലിൽ ഒരാൾ ദാരിദ്ര്യത്തിൽ കഴിയുന്ന പാകിസ്ഥാന്റെ സാമ്പത്തിക വ്യവസ്ഥയെ മാറ്റി മറിക്കാന്‍ പുതിയ ക്രൂഡ് ഓയില്‍ ശേഖരം ഖനനം ചെയ്ത് ലോക മാർക്കറ്റില്‍ എത്തിക്കുന്നതിലൂടെ സാധ്യമാകുമെന്നും വിലയിരുത്തപ്പെടുന്നു.
അവകാശവാദങ്ങള്‍ ശരിയാകുകയാണെങ്കില്‍ ലോക ക്രൂഡ് ഓയില്‍ വിപണിയിലെ പ്രധാന കളിക്കാരില്‍ ഒരാളും ഇന്ത്യയുടെ അയല്‍ രാജ്യം മാറും. എന്നാല്‍ ലോകത്തിലെ നാലാമത്തെ വലിയ ക്രൂഡ് ഓയില്‍ ശേഖരമെന്ന അവകാശവാദത്തില്‍ സംശയം പ്രകടിപ്പിക്കുന്ന വിദഗ്ധരും കുറവല്ല. ഓഫ്‌ഷോർ കരുതൽ ശേഖരം അത്ര വലുതാണെങ്കിൽ, എന്തുകൊണ്ടാണ് അവ ഖനനം ചെയ്യാന്‍ എണ്ണക്കമ്പനികൾ പാകിസ്ഥാൻ സർക്കാരിനെ നിർബന്ധിക്കാത്തത് എന്ന ചോദ്യവും ഇവർ ഉയർത്തുന്നു.
2024 ജനുവരിയിൽ, നെതർലന്‍ഡ് കമ്പനിയായ ഷെൽ തങ്ങളുടെ പാകിസ്ഥാൻ ബിസിനസ്സ് സൗദി അരാംകോയ്ക്ക് വിൽക്കാൻ പദ്ധതിയിട്ടിരുന്നതായുള്ള റിപ്പോർട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു. 2023 ജൂണിലാണ് ഈ കരാർ ആദ്യം പ്രഖ്യാപിച്ചത്. 18 എണ്ണ, വാതക ബ്ലോക്കുകൾക്കായി പാകിസ്ഥാൻ ലേലം നടത്തിയെങ്കിലും അന്താരാഷ്ട്ര കമ്പനികളൊന്നും വലിയ താല്‍പര്യം കാണിച്ചിരുന്നില്ല.
പാകിസ്ഥാനിൽ എണ്ണ, വാതക പര്യവേക്ഷണത്തിൽ ഒരു അന്താരാഷ്ട്ര കമ്പനിക്കും താൽപ്പര്യമില്ലെന്നും രാജ്യത്തെ പെട്രോളിയം മന്ത്രി മുസാദിക് മാലിക് കഴിഞ്ഞ ജുലൈയില്‍ പാർലമെന്റില്‍ തന്നെ വ്യക്തമാക്കിയിരുന്നു. സുരക്ഷയും അപകടസാധ്യതയും പ്രതിഫലവും തമ്മില്‍ സന്തുലിതാവസ്ഥ കൈവരിക്കാന്‍ കഴിയാത്തതാണ് പാകിസ്താനിലേക്ക് വരാന്‍ വിദേശ കമ്പനികള്‍ മടിക്കുന്നതിനുള്ള പ്രധാന കാരണം.
കമ്പനികൾ എണ്ണ, വാതകം എന്നിവയ്ക്കായി തിരയുന്ന മേഖലകളിൽ, അവരുടെ ജീവനക്കാർക്കും ആസ്തികൾക്കും സുരക്ഷ ഏർപ്പെടുത്താന്‍ വലിയ തുക ചെലവഴിക്കേണ്ടിവരുന്നു. ഈ സുരക്ഷാ ചെലവാണ് ഒരു പ്രധാന ഇടപാടിലേക്ക് എത്തുന്നതില്‍ പ്രധാനമായും തടസ്സമായി മാറുന്നു’ മുസാദ് മാലിക് പറഞ്ഞു.
2024 മാർച്ചിൽ, പാകിസ്ഥാന്റെ വടക്കുകിഴക്കൻ മേഖലയിൽ നടന്ന ഒരു ചാവേർ ആക്രമണത്തിൽ അഞ്ച് ചൈനീസ് എഞ്ചിനീയർമാർ കൊല്ലപ്പെട്ടു. ഇസ്ലാമാബാദിൽ നിന്ന് ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ഭീമൻ ദാസു അണക്കെട്ട് പദ്ധതിയിലേക്ക് ജീവനക്കാരെ കൊണ്ടുപോകുകയായിരുന്ന ബസിൽ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറിയാണ് ആക്രമണം ഉണ്ടായത്. 62 ബില്യൺ ഡോളറിന്റെ ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ (സിപിഇസി) ഭാഗമാണ് ഈ പദ്ധതി. ഈ സംഭവം മറ്റ് പദ്ധതികളിലെല്ലാം താൽക്കാലികമായി അടച്ചുപൂട്ടലിനും കാരണമായി
.അതേ മാസം ആദ്യം, പാകിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ചൈനീസ് ആസ്തികൾ വിമതർ തകർക്കുകയും ചൈനയുടെ നിയന്ത്രണത്തിലുള്ള ഗ്വാദർ തുറമുഖ അതോറിറ്റി സമുച്ചയം ആക്രമിക്കുകയും ചെയ്തു. സ്വതന്ത്ര ബലൂചിസ്ഥാനുവേണ്ടി പോരാടുന്ന വിഘടനവാദികളായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയായിരുന്നു (BLA)ആക്രമണങ്ങൾ നേതൃത്വം നല്‍കിയത്.
അതേസമയം, പാകിസ്താനില്‍ 235 ട്രില്യൺ ക്യുബിക് അടി (TCF) വാതക ശേഖരം ഉണ്ടെന്നാണ് പാകിസ്ഥാൻ ഊർജ്ജ മന്ത്രി മുഹമ്മദ് അലി അഭിപ്രായപ്പെടുന്നത്. അടുത്ത ദശകത്തിൽ ആ കരുതൽ ശേഖരത്തിന്റെ 10% വേർതിരിച്ചെടുക്കാൻ 25 ബില്യൺ മുതൽ 30 ബില്യൺ ഡോളർ വരെ നിക്ഷേപം മതിയാകും. നിലവിലെ കുറഞ്ഞുവരുന്ന വാതക ഉൽപ്പാദനത്തിന്റെ വിടവ് നികത്താനും ഊർജ്ജ ഇറക്കുമതി വലിയ തോതില്‍ കുറയ്ക്കാനും ഇത് മതിയാകുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.