31 in Thiruvananthapuram

ദിലീപിന്റെ വിധിയെന്ത്..? വിചാരണ നടപടികള്‍ പൂര്‍ത്തിയായി, ഇനി വിധി പ്രഖ്യാപനത്തിലേക്ക്

Posted by: TV Next April 12, 2025 No Comments

കൊച്ചി: പ്രമാദമായ നടിയെ ആക്രമിച്ച കേസ് വിധിയിലേക്ക് കടക്കുന്നു. കേസില്‍ വാദങ്ങളെല്ലാം കഴിഞ്ഞതോടെ വിചാരണ നടപടികള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇതുവരെയുള്ള വാദത്തില്‍ ആവശ്യമെങ്കില്‍ കോടതി വ്യക്തത തേടും. ഇതിനായി കേസ് മെയ് 21 ന് വീണ്ടും പരിഗണിക്കും. അതിന് ശേഷം വിചാരണക്കോടതി കേസിലെ വിധി പറയാനായി മാറ്റും. ഏഴ് വര്‍ഷവും ഒരു മാസവും നീണ്ട വിചാരണ നടപടികളാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്.

ദിലീപിന്റേത് ഉള്‍പ്പടെയുള്ള പ്രതിഭാഗം വാദമാണ് ആദ്യം പൂര്‍ത്തിയായത്. പിന്നാലെ പ്രോസിക്യൂഷന്റെ മറുപടി വാദവും 10 ദിവസത്തിനകം പൂര്‍ത്തിയാക്കി. 2017 ഫെബ്രുവരി 17-നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ വെച്ച് നടി ആക്രമണത്തിനിരയാകുന്നത്. ക്വട്ടേഷന്‍ നേതാവ് പള്‍സര്‍ സുനിയാണ് കേസിലെ മുഖ്യപ്രതി. ആക്രമണം നടന്നതിന് പിന്നാലെ സിനിമാ മേഖലയിലെ ഗൂഢാലോചനയാണോ ആക്രമണത്തിന് പിന്നില്‍ എന്ന സംശയമുയര്‍ന്നിരുന്നു.

പള്‍സര്‍ സുനി ജയിലിലിരുന്ന് നടന്‍ ദിലീപിനായി എഴുതിയ കത്ത് പുറത്തിറങ്ങിയതോടെയാണ് സംഭവം വഴിത്തിരിവാകുന്നത്. കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തു. കുടുംബജീവിതം തകര്‍ത്തതിലുള്ള വൈരാഗ്യത്തിന് ദിലീപ് കൊടുത്ത ക്വട്ടേഷന്‍ പ്രകാരമാണ് നടിയെ ആക്രമിച്ചത് എന്നാണ് പൊലീസ് കണ്ടെത്തല്‍. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ദിലീപ് 84 ദിവസത്തോളം ജയിലില്‍ കിടന്ന ശേഷമാണ് ജാമ്യത്തിലിറങ്ങിയത്.

കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. അതേസമയം കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സി ബി ഐ അന്വേഷണം ആവശ്യമാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദിലീപ് ഹര്‍ജി നല്‍കിയത്. എന്നാല്‍ കേസിന്റെ വിചാരണ അവസാന ഘട്ടത്തിലാണ് എന്ന് കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ പി കൃഷ്ണകുമാര്‍, എ മുഹമ്മദ് മുസ്താഖ് എന്നിവര്‍ അടങ്ങിയെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ദിലീപിന്റെ ഹര്‍ജി തള്ളിയത്. നേരത്തെ സിംഗിള്‍ ബെഞ്ചും ദിലീപിന്റെ ഹര്‍ജി തള്ളിയിരുന്നു. 2019 ലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. സിംഗിള്‍ ബെഞ്ച് ഹര്‍ജി നിരസിച്ചതിന് ശേഷമാണ് ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കിയത്

ദിലീപിന്റെ ഹര്‍ജി സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി ദിലീപ് ഹര്‍ജി നല്‍കിയിട്ടില്ല എന്ന് സര്‍ക്കാര് ചൂണ്ടിക്കാട്ടി. കേസിന്റെ പുരോഗതിയില്‍ ദിലീപ് പോലും താല്‍പര്യം കാണിച്ചിരുന്നില്ലെന്നും അങ്ങനെയൊരു കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ദിലീപ് ഉള്‍പ്പടെ ഒമ്പത് ാേപ്രതികളാണ് കേസിലുള്ളത്. 2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്.