കേരളത്തിലെ ഏറ്റവും വില കൂടിയ വാഹന നമ്പർ പ്ലേറ്റ് വിറ്റുപോയ കാര്യമാണ് ഇപ്പോൾ രാജ്യം മൊത്തം സംസാര വിഷയമായിരിക്കുന്നത്. എറണാകുളം ആർടി ഓഫീസിന് കീഴിൽ വരുന്ന KL 07 DG 0007 എന്ന ഫാൻസി നമ്പർ 45.99 ലക്ഷത്തിനാണ് ബിസിനസുകാരനായ മലയാളി സ്വന്തമാക്കിയിരിക്കുന്നത്. സോഫ്റ്റ്‌വെയർ കമ്പനിയായ ലിറ്റ്മസ് 7 സിസ്റ്റം കൺസൽട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ മുതലാളി വേണു ഗോപാലകൃഷ്‌ണൻ എന്ന വ്യക്തിയാണ് ഇഷ്‌ട നമ്പരിനായി ലക്ഷങ്ങൾ മുടക്കിയിരിക്കുന്നത്. വാർത്ത പുറത്തുവന്നത് മുതൽ കക്ഷി ആരാണെന്ന് അറിയാനും കാണാനുമെല്ലാം ആളുകൾക്ക് തിടുക്കമായിരുന്നു.
ഇപ്പോഴിതാ കക്ഷിയെയും വാഹനത്തേയും പരിചയപ്പെടുത്തിക്കൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളാണ് പുറത്തുവരുന്നത്. തന്റെ ഏറ്റവും പുതിയ ലംബോർഗിനി ഉറൂസ് ആഡംബര എസ്‌യുവിക്ക് വേണ്ടിയാണ് KL 07 DG 0007 എന്ന ഫാൻസി നമ്പർ ഇത്രയും ഉയർന്ന തുകയ്ക്ക് ലേലം വിളിച്ചെടുത്തിരിക്കുന്നത്. പുത്തനൊരു ഫോർച്യൂണർ വാങ്ങുന്ന വിലയാണ് വെറുമൊരു നമ്പർപ്ലേറ്റിനായി വേണു ഗോപാലകൃഷ്‌ണൻ ചെലവാക്കിയിരിക്കുന്നത്
കേരളത്തിൽ ഒരു ഫാൻസി നമ്പറിനായി ഇത്രയും വലിയ തുക ചെലവഴിക്കുന്നത് ഇതാദ്യമാണ്. സംസ്ഥാനത്ത് ഇതുവരെ ഒരു ഫാൻസി നമ്പറിന് ലഭിച്ചതിൽ വച്ച് ഏറ്റവും ഉയർന്ന തുകയാണെന്നത് പിന്നെ പറയേണ്ടതില്ലല്ലോ. 31 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ KL 01 CK 0001 എന്ന ഫാൻസി നമ്പറിനെ മറികടന്നാണ് കേരളത്തിലെ ഏറ്റവും വിലയുള്ള ഫാൻസി നമ്പർ എന്ന റെക്കോർഡ് KL 07 DG 0007 സ്വന്തമാക്കിയിരിക്കുന്നത്.
2019-ൽ തിരുവനന്തപുരം സ്വദേശിയായ കെഎസ് ബാലഗോപാൽ എന്ന വ്യക്തിയായിരുന്നു KL 01 CK 0001 എന്ന നമ്പർ തന്റെ പോർഷ 718 ബോക്സ്റ്റിനായി അന്ന് വിളിച്ചെടുത്തത്. നിരവധി ആളുകൾ KL 07 DG 0007 എന്ന നമ്പരിനായി ഓൺലൈൻ ലേലത്തിൽ പങ്കെടുക്കുകയും ചെയ്‌തിരുന്നു. പുതുതായി പുറത്തിറക്കിയ 0007 നമ്പരിനായി 25,000 രൂപയായിരുന്നു അടിസ്ഥാന വില. അഞ്ച് വ്യക്തികൾ ഒരേ നമ്പർ ബുക്ക് ചെയ്തതിനെത്തുടർന്നാണ് ലേലം നടന്നത്
ഏപ്രിൽ ഏഴിന് മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ വെബ്‌സൈറ്റിലാണ് ലേലം നടന്നത്. മത്സരം മുറുകിയതോടെ പങ്കെടുത്ത അഞ്ച് പേരിൽ മൂന്ന് പേർ പിന്നോട്ട് പോയി. അങ്ങേയറ്റം വാശിയേറിയ ലേലത്തിനൊടുവിലാണ് സോഫ്റ്റ്‌വെയർ കമ്പനിയായ ലിറ്റ്മസ് 7 സിസ്റ്റം കൺസൽട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ മുതലാളി വേണു ഗോപാലകൃഷ്‌ണൻ ഉറൂസിനായി ലേലം വിജയിക്കുന്നത്.
ഫാൻസി നമ്പർ വാങ്ങിയ ലംബോർഗിനി ഉറൂസിനും ഏറെ പ്രത്യേകതയുള്ളതാണ്. കേരളത്തിലെ ആദ്യത്തെ ഉറൂസ് പെർഫോമാന്റെ മോഡലാണിതെന്നാണ് റിപ്പോർട്ടുകൾ. 2022-ലാണ് ഇന്ത്യയിൽ ഈ ആഡംബര എസ്‌യുവി ഔദ്യോഗികമായി പുറത്തിറങ്ങുന്നത്. പഴയ പതിപ്പിനേക്കാൾ അല്പം കൂടുതൽ പവർ ഉത്പാദിപ്പിക്കുന്ന ഉറൂസിന്റെ പുതുക്കിയ പതിപ്പാണിത്. പഴയ പതിപ്പിലെ എയർ സസ്‌പെൻഷന് പകരമായി ഒരു കോയിൽ സ്പ്രിംഗ് സജ്ജീകരണമാണ് പെർഫോമന്റെയിലുള്ളത്.
പഴയ മോഡലിനേക്കാൾ 20 മില്ലീമീറ്റർ താഴ്ന്നതും 16 മില്ലീമീറ്റർ വീതിയുള്ളതും 25 മില്ലീമീറ്റർ നീളമുള്ളതുമാണ് ഏറ്റവും പുതിയ ലംബോർഗിനി ഉറൂസ് പെർഫോമാന്റെ. 4.0 ലിറ്റർ, ട്വിൻ-ടർബോ V8 എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 666 bhp പവറിൽ പരമാവധി 850 Nm പീക്ക് ടോർക്ക് വരെ വികസിപ്പിക്കാനാവുമെന്നാണ് ഇറ്റാലിയൻ ബ്രാൻഡ് പറയുന്നത്.
ഫോർവീൽ ഡ്രൈവ് സ്റ്റാൻഡേർഡായി വരുന്ന എസ്‌യുവിക്ക് വെറും 3.3 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. അതേസമയം മണിക്കൂറില്‍ 305 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗമായി നിശ്ചയിച്ചിരിക്കുന്നത്. 2018-ൽ ലോഞ്ച് ചെയ്‌ത ഉറൂസ് സൂപ്പർകാർ നിർമാതാക്കളായ ലംബോർഗിനിയിൽ നിന്നുള്ള ആദ്യത്തെ എസ്‌യുവിയാണ്.