29 in Thiruvananthapuram

സൗദി അറേബ്യ തകരുമോ? ക്രൂഡ് ഓയിലില്‍ ഭയപ്പെടുത്തുന്ന പ്രവചനം: ഇപ്പോള്‍ തന്നെ വരുമാനം കുത്തനെ ഇടിഞ്ഞു

Posted by: TV Next April 9, 2025 No Comments

മറ്റ് മേഖലകളില്‍ നിന്നുള്ള വരുമാനത്തില്‍ സമീപകാലത്ത് വലിയ വർധനവ് ഉണ്ടായിട്ടുണ്ടെങ്കിലും ഇന്നും സൗദി അറേബ്യയുടെ ഏറ്റവും വലിയ വരുമാന മാർഗ്ഗം ക്രൂഡ് ഓയില്‍ വില്‍പ്പനയാണ്. വരുമാനം ഉറപ്പിക്കുന്നതിനായി ക്രൂഡ് ഓയില്‍ വില പിടിച്ച് നിർത്താനുള്ള സകല മാർഗ്ഗങ്ങളും അവർ സ്വീകരിച്ച് വരാറുണ്ട്. എന്നാല്‍ നിലവിലെ വിലയിടിവ് അറബ് രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവ് കടം ഉയർത്തല്‍, ചെലവ് കുറയ്ക്കല്‍ എന്നിവയിലേക്ക് സൗദി അറേബ്യയെ തള്ളിവിട്ടേക്കാമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. അങ്ങനെ ഒരു നീക്കമുണ്ടായാല്‍ ഇത് ഇത് സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാനുള്ള വിഷന്‍ 2030 പോലുള്ള പദ്ധതികളുടെ ചിലവുകളില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കും.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടക്കം കുറിച്ചിരിക്കുന്ന വ്യാപാര യുദ്ധം ആഗോള വളർച്ചയെ ബാധിക്കുമെന്ന ആശങ്കയും സൗദി അറേബ്യ ഉൾപ്പെടെയുള്ള ചില ഒപെക് + രാജ്യങ്ങളുടെ ഉൽ‌പാദനം വർദ്ധിപ്പിക്കാനുള്ള അപ്രതീക്ഷിത തീരുമാനവുമാണ് അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ നിരക്ക് നാല് വർഷത്തിന് ഇടയിലെ ഏറ്റവും താഴ്ന നിരക്കിലേക്ക് എത്തിച്ചിരിക്കുന്നത്.

വിലയിടിവ് സൗദിയുടെ കോടിക്കണക്കിന് ഡോളറിന്റെ വരുമാനം ഇല്ലാതാക്കുമെന്നും, സർക്കാർ നിയന്ത്രണത്തിലുള്ള ഊർജ്ജ ഭീമനായ സൗദി അരാംകോയിൽ നിന്നുള്ള ലാഭവിഹിതത്തിൽ കുറവുണ്ടാകുമെന്നുമാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. അന്താരാഷ്ട്ര നാണയ നിധിയും സാമ്പത്തിക വിദഗ്ധരും കണക്കാക്കുന്നത് റിയാദിന്റെ ബജറ്റ് സന്തുലിതമാകണമെങ്കില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 90 ഡോളറിൽ കൂടുതൽ ആയിരിക്കണമെന്നാണ്. എന്നാല്‍ നിലവില്‍ ക്രൂഡ് ഓയില്‍ വില്‍പ്പന നടക്കുന്നത് ബാരലിന് 65 ഡോളറില്‍ താഴെയാണ്.

വിഷൻ 2030 പദ്ധതിക്കായി ബജറ്റിൽ നിന്ന് വലിയ തോതിലുള്ള തുകയാണ് ഭരണകൂടം ചിലവഴിക്കുന്നത്. പദ്ധതികള്‍ക്കായി വലിയ തോതില്‍ പണം ചിലവഴിക്കുന്ന പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും ഭാഗികമായി എണ്ണ വരുമാനം തന്നെയാണ് ആശ്രയിക്കുന്നത്. യുഎസ് താരിഫ് പ്രഖ്യാപനത്തിന് മുമ്പ്, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സൗദിയുടെ പൊതു കടം 100 ബില്യൺ ഡോളർ വർദ്ധിക്കുമെന്നായിരുന്നു പ്രതിീക്ഷിച്ചിരുന്നത്. 2024 ൽ ഇത് 16% വർദ്ധിച്ച് 324 ബില്യൺ ഡോളറായി ഉയർന്നതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

അരാംകോയുടെ ലാഭവിഹിതം ഈ വർഷം മൂന്നിലൊന്നായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു, അതായത് സർക്കാരിനും പി ഐ എഫിനും യഥാക്രമം ഏകദേശം 32 ബില്യൺ ഡോളറും 6 ബില്യൺ ഡോളറും കുറവ് പണം മാത്രമേ ലഭിക്കുകയുള്ളുവെന്നാണ് കണക്കുകള്‍ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം സർക്കാർ വരുമാനത്തിന്റെ 62 ശതമാനവും എണ്ണയിൽ നിന്നാണ് ലഭിച്ചത്. ഈ വർഷം റിയാദ് എണ്ണ വരുമാനം പ്രവചിച്ചിട്ടില്ലെങ്കിലും നവംബറിൽ പുറത്തിറക്കിയ 2025 ലെ ബജറ്റിൽ മൊത്തം വരുമാനത്തിൽ 3.7% ഇടിവ് പ്രവചിച്ചിട്ടുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്.

വില്‍പ്പന വില കുറച്ചു

 

അടുത്ത മാസത്തേക്ക് എണ്ണ ഉൽപാദനം വർധിപ്പിക്കാൻ തീരുമാനിച്ചതിന് മുന്നോടിയായി സൗദി അറേബ്യ എണ്ണയുടെ ഔദ്യോഗിക വിൽപ്പന വില കുത്തനെ കുറച്ചിട്ടുമുണ്ട്. ഏഷ്യന്‍ രാജ്യങ്ങള്‍ക്കായി വിൽക്കുന്ന എണ്ണയുടെ വിലയിലാണ് ഏറ്റവും വലിയ കുറവ് വരുത്തിയത്. മെയ് മാസത്തിൽ അറബ് ലൈറ്റ് ബാരലിന് 2.30 ഡോളർ കുറവിലായിരിക്കും വില്‍പ്പന.

 

രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ വിലക്കുറവാണിതെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. എല്ലാ വ്യാപാര പങ്കാളികൾക്കും, പ്രത്യേകിച്ച് ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായ ചൈനയ്ക്ക്, ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനത്തെത്തുടർന്നുണ്ടായ എണ്ണവില ഇടിവിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. എണ്ണ, വാതകം ഉൾപ്പെടെയുള്ള എല്ലാ യുഎസ് ഇറക്കുമതികൾക്കും ചൈന സ്വന്തം തീരുവ ചുമത്തി തിരിച്ചടിച്ചതാണ് ക്രൂഡ് ഓയിലിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടിയത്

അതേസമയം, വ്യാപാര സംഘർഷങ്ങൾ വർദ്ധിക്കുന്നതും വിതരണത്തിലെ വർദ്ധനവും പോലുള്ള “തീവ്രമായ” സാഹചര്യങ്ങളിൽ ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 40 ഡോളറിൽ താഴെയാകാൻ സാധ്യതയുണ്ടെന്ന ഗോൾഡ്മാൻ സാച്ച്സിന്റെ പ്രവചനവും കഴിഞ്ഞ ദിവസം പുറത്ത് വന്നിട്ടുണ്ട്. ആ നിലയിലേക്ക് ക്രൂഡ് ഓയില്‍ വില എത്തുകയാണെങ്കില്‍ സൗദി അറേബ്യ പ്രതീക്ഷിക്കാത്ത തിരിച്ചടിയായിരിക്കും നേരിടേണ്ടി വരിക.

 

‘ആഗോള ജി ഡി പി മാന്ദ്യവും ഒപെക് ഇതര വിതരണത്തെ നിയന്ത്രിക്കുന്ന ഒപെക് + വെട്ടിക്കുറവുകളും പൂർണ്ണമായി പിൻവലിക്കുന്ന സാഹചര്യത്തിൽ, 2026 അവസാനത്തോടെ ബ്രെന്റ് ബാരലിന് 40 ഡോളറിൽ താഴെയാകുമെന്ന് ഞങ്ങൾ കണക്കാക്കുന്നു’ ഗോൾഡ്മാൻ സാച്ച്സിലെ യൂലിയ ഗ്രിഗ്സ്ബി ഉൾപ്പെടെയുള്ള വിശകലന വിദഗ്ധർ അഭിപ്രായപ്പെട്ടതായി ബ്ലൂംബെർഗിന്റെ റിപ്പോർട്ട് ചെയ്യുന്നു

.2024 ൽ സൗദി അരാംകോ 106.25 ബില്യൺ ഡോളർ ലാഭം സ്വന്തമാക്കിയെങ്കിലും ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 12% കുറവായിരുന്നു. ഊർജ്ജ വിലയിലെ ഇടിവായിരുന്നു ഇതിന് പ്രധാന കാരണം. കഴിഞ്ഞ വർഷത്തേക്കാള്‍ വലിയ ഇടിവാണ് ഈ വർഷം സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിനാല്‍ ലാഭം വീണ്ടും കുറയും. ‘വരുമാനത്തിലെ കുറവും വിൽപ്പനയുമായി ബന്ധപ്പെട്ട ഉയർന്ന പ്രവർത്തനച്ചെലവും, കുറഞ്ഞ ധനകാര്യവുമാണ് ഈ ഇടിവിന് കാരണമായത്’ അരാംകോ തന്നെ വ്യക്തമാക്കി.

സൗദിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം വെട്ടിച്ചുരുക്കി മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. ഇതില്‍ നിന്നും മാറി മെയ് മുതല്‍ ഓരോ ദിവസവും 411000 ബാരല്‍ എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് തീരുമാനം. നേരത്തെ 135000 ബാരല്‍ ഉല്‍പ്പാദനം കൂട്ടാമെന്നായിരുന്നു ആലോചന. ഇതിന് വിരുദ്ധമായിട്ടാണ് വലിയ തോതിലുള്ള ഉല്‍പാദന വർധനവ്. ഒപെക് നിശ്ചയിച്ച ക്വാട്ട ലംഘിച്ച് ഇറാഖ്, കസാകിസ്താന്‍, റഷ്യ എന്നീ രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദിപ്പിച്ചതും സൗദി അറേബ്യക്ക് തിരിച്ചടിയായിരുന്നു.

അതേസമയം, കഴിഞ്ഞ മാർച്ചില്‍ സൗദി അറേബ്യയില്‍ നിന്നും 565 ടി ബി ഡി ക്രൂഡ ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. മാർച്ചിൽ ഇന്ത്യയുടെ ആകെ അസംസ്കൃത എണ്ണ ഇറക്കുമതി പ്രതിദിനം 5 ദശലക്ഷം ബാരൽ (mb/d) കവിഞ്ഞു. 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ അളവാണ് ഇത്. ശക്തമായ ആഭ്യന്തര ഡിമാൻഡും ഉയർന്ന ശുദ്ധീകരണ ശേഷിയും വിലക്കുറവും ഇറക്കുമതി വർധിപ്പിക്കുന്നതില്‍ നിർണ്ണായകമായി.

 

അമേരിക്കന്‍ ഉപരോധം ഉണ്ടായിട്ടും മാർച്ചില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ആറ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ആഗോള റിയൽ-ടൈം ഡാറ്റ ആൻഡ് അനലിറ്റിക്സ് ദാതാവായ കെപ്ലറിൽ നിന്നുള്ള വ്യാപാര കണക്കുകൾ പ്രകാരം, കഴിഞ്ഞ മാസം ഇന്ത്യ താൽക്കാലിക അടിസ്ഥാനത്തിൽ 5.13 എംബി/ഡി അസംസ്കൃത എണ്ണയാണ് ഇറക്കുമതി ചെയ്തത്. 2025 ഫെബ്രുവരിയിൽ ഇത് 4.78 എംബി/ഡി ആയിരുന്നു. മാർച്ചിൽ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഇറക്കുമതി ഏകദേശം 1.9 mb/d ആയിരുന്നു.

 

റഷ്യ കഴിഞ്ഞാല്‍ ഇന്ത്യന്‍ വിപണിയിലെ പ്രധാന ഇറക്കുമതിക്കാർ അറബ് രാജ്യങ്ങളാണ്. 929 ടി ബി ഡി (Thousans barrel per day) യുമായി ഇറാഖ് രണ്ടാമത് നില്‍ക്കുമ്പോള്‍ സൌദി അറേബ്യയുടെ വിഹിത് 565 ടി ബി ഡിയാണ്. യു എ ഇ 424 , കുവൈത്ത് 110, ഖത്തർ 36, ഒമാന്‍ 33 എന്നിങ്ങനെയാണ് മറ്റ് ഗള്‍ഫ് രാജഷ്ട്രങ്ങളുടെ വിഹിതം. ആകെ ഇറക്കുമതിയില്‍ 289 ടി ബി ഡിയുമായി അമേരിക്ക അഞ്ചാമത് നില്‍ക്കുമ്പോള്‍ നൈജീരിയ (222), അംങ്കോള (150) എന്നീ രാജ്യങ്ങളുടെ ഇറക്കുമതിയിലും വർധനവുണ്ടായി.