27 in Thiruvananthapuram

ട്രംപിന്റെ തീരുവ ഭീഷണിയിൽ തളരാതെ ചൈന; ‘തെറ്റിന് മേലെ മറ്റൊരു തെറ്റ്, അവസാനം വരെ പോരാടും’

Posted by: TV Next April 8, 2025 No Comments

ബീജിംഗ്: വീണ്ടും തീരുവ ഭീഷണി മുഴക്കിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മറുപടിയുമായി ചൈന രംഗത്ത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചൈനീസ് ഇറക്കുമതിക്ക് 34 ശതമാനം നികുതി ഏർപ്പെടുത്തിയതിന് പുറമേ, ട്രംപ് ചൈനയ്ക്ക് മേൽ 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ഇന്നലെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് ചൈന രംഗത്ത് വന്നിരിക്കുന്നത്.

തീരുവയുടെ പേരിലുള്ള ഭീഷണിക്ക് തങ്ങൾ വഴങ്ങില്ലെന്ന് ചൈന പറഞ്ഞു, അടിസ്ഥാനരഹിതമായ കാരണങ്ങളാലാണ് യുഎസ് തീരുവ ചുമത്തിയതെന്നും അവർ കൂട്ടിച്ചേർത്തു. യുഎസ് ഇറക്കുമതിക്ക് 34 ശതമാനം പ്രതികാര തീരുവ ഏർപ്പെടുത്തിയ പ്രഖ്യാപനം പിൻവലിക്കാൻ ചൈനയ്ക്ക് ഒരു ദിവസത്തെ സാവകാശമാണ് യുഎസ് പ്രസിഡന്റ് നൽകിയിരിക്കുന്നത്

ഈ സമയപരിധി പാലിച്ചില്ലെങ്കിൽ ഏപ്രിൽ 9 മുതൽ 50 ശതമാനം അധിക തീരുവ ചൈനയ്ക്ക് ബാധകമാകുമെന്നും ട്രംപ് പറഞ്ഞു. സ്വന്തം അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിന് ദൃഢനിശ്ചയത്തോടെ പ്രതിനടപടികൾ സ്വീകരിക്കുമെന്നാണ് ചൈന ഇതിന് പിന്നാലെ വ്യക്തമാക്കിയത്. ചൈനീസ് വാണിജ്യമന്ത്രാലയമാണ് ഏറ്റവും ഒടുവിൽ പ്രതികരിച്ചത്.

 

ചൈനയ്‌ക്കെതിരായ തീരുവ വർധിപ്പിക്കുമെന്ന യുഎസ് പക്ഷത്തിന്റെ ഭീഷണി ഒരു തെറ്റിനു മുകളിലെ മറ്റൊരു തെറ്റാണെന്നും ഇത് അമേരിക്കൻ പക്ഷത്തിന്റെ ഭീഷണിപ്പെടുത്തി കാര്യം നേടുന്ന സ്വഭാവം വീണ്ടും തുറന്നുകാട്ടുന്നുവെന്നും അവർ ആരോപിക്കുന്നു. അവരുടെ ഇഷ്‍ടത്തിന് വഴങ്ങണമെന്ന് യുഎസ് നിർബന്ധം പിടിച്ചാൽ, ചൈന അവസാനം വരെ പോരാടുമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

 

വിവിധ രാജ്യങ്ങൾക്കുള്ള ട്രംപിന്റെ തീരുവ പ്രഖ്യാപനത്തെത്തുടർന്ന് ആഗോള ഓഹരി വിപണിയിലെ കനത്ത നഷ്‍ടത്തിന് ഇടയിലാണ് പുതിയ സംഭവവികാസം. ചൈന നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉയർന്ന തീരുവകൾക്ക് പുറമേ 34 ശതമാനം അധിക തീരുവ കൂടി ചുമത്തിയതായി ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു

നിയമവിരുദ്ധമായ സബ്‌സിഡികൾ, കറൻസി കൃത്രിമത്വം തുടങ്ങിയ അന്യായമായ വ്യാപാര രീതികൾ ചൈന സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം സോഷ്യൽ മീഡിയ പോസ്‌റ്റിൽ ആരോപിച്ചിരുന്നു. ഏതെങ്കിലും രാജ്യം യുഎസിനെതിരെ തിരിച്ചടിച്ചാൽ, മുമ്പത്തേക്കാൾ ഉയർന്ന തീരുവകൾ നൽകേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്‌തിരുന്നു.