24 in Thiruvananthapuram

വില കൂടിയാലും പൊന്നില്ലാതെ പറ്റില്ല..! ലൈറ്റ് വെയ്റ്റ് സ്വര്‍ണത്തിന് ഡിമാന്‍ഡേറുന്നു, നേട്ടം വെള്ളിക്ക്

Posted by: TV Next February 27, 2025 No Comments

സ്വര്‍ണം എപ്പോഴും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണ്. വിവാഹത്തിനും മറ്റ് ആഘോഷങ്ങള്‍ക്കുമെല്ലാം സ്വര്‍ണമാണ് സമ്മാനമായി നല്‍കുന്നത്. ആഭരണം എന്നതിലുപരി സുരക്ഷിതമായ നിക്ഷേപ മാര്‍ഗം കൂടിയാണ് സ്വര്‍ണം. എന്നിരുന്നാലും സ്വര്‍ണ വില റെക്കോര്‍ഡ് ഉയരത്തിലെത്തിയതോടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ അവരുടെ ആഭരണ മുന്‍ഗണനകള്‍ പുനര്‍നിര്‍വചിക്കുകയാണ്.

സ്വര്‍ണത്തിന്റെ ഇറക്കുമതിയില്‍ രാജ്യത്ത് വലിയ ഇടിവാണ് ഫെബ്രുവരിയില്‍ ഉണ്ടായിരിക്കുന്നത്. വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ഡിമാന്‍ഡിലുണ്ടായ ഇടിവാണ് ഇതിന് കാരണം. നിലവില്‍ സ്വര്‍ണം വാങ്ങുന്നവരും തങ്ങളുടെ താല്‍പര്യങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട് എന്നാണ് വ്യാപാരികള്‍ പറയുന്നത്. പരമ്പരാഗതമായി തൂക്കം കൂടിയ സ്വര്‍ണ്ണാഭരണങ്ങള്‍ക്കാണ് ഉപഭോക്താക്കള്‍ മുന്‍ഗണന നല്‍കിയിരുന്നത്.

അവയുടെ നിക്ഷേപ മൂല്യവും സൗന്ദര്യാത്മക ആകര്‍ഷണവും തന്നെയായിരുന്നു ഇതിന് കാരണം. എന്നാല്‍ അനിയന്ത്രിതമായി കുതിച്ചുയരുന്ന സ്വര്‍ണ വില മറ്റ് ബദലുകള്‍ തേടാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുകയാണ്. ഇന്നത്തെ ഉപഭോക്താക്കള്‍ കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണ്ണവും ഭാരം കുറഞ്ഞതുമായ ഡിസൈനുകള്‍ തിരഞ്ഞെടുക്കുന്നു. അവ ഒരേ സമയം വൈവിധ്യവും താങ്ങാനാവുന്ന വിലയും വാഗ്ദാനം ചെയ്യുന്നു. Recommended For You

പരമ്പരാഗത 22 കാരറ്റ് ആഭരണങ്ങള്‍ക്ക് പകരം ചെലവ് കുറഞ്ഞ 18 കാരറ്റിന് താഴെയുള്ള ഇനത്തിനാണ് ഇപ്പോള്‍ ഡിമാന്‍ഡ് കൂടുതല്‍. പ്രീമിയം സ്വര്‍ണാഭരണങ്ങളും ഭാരമേറിയ സ്വര്‍ണ്ണാഭരണങ്ങളും വാങ്ങാന്‍ ഇപ്പോഴും ഇഷ്ടപ്പെടുന്ന ആളുകളുണ്ടെങ്കിലും യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, ഫാഷനില്‍ താല്‍പര്യമുള്ളവര്‍, ബജറ്റ് നോക്കുന്നവര്‍ എന്നിവരെല്ലാം കുറഞ്ഞ കാരറ്റ് സ്വര്‍ണ്ണത്തിലും ഭാരം കുറഞ്ഞ ഡിസൈനുകളിലും ആണ് താല്‍പ്പര്യം കാണിക്കുന്നത്.

അതേസമയം സ്വര്‍ണം വാങ്ങല്‍ പ്രവണതകള്‍ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്നാണ് വിദഗ്ധര്‍ കരുതുന്നത്. ആഭരണ വാങ്ങലുകള്‍ അവസരങ്ങള്‍, പാരമ്പര്യങ്ങള്‍, ജീവിതശൈലി ആവശ്യങ്ങള്‍ എന്നിവയാല്‍ സ്വാധീനിക്കപ്പെടുന്നു എന്നാണ് കല്യാണ്‍ ജ്വല്ലേഴ്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേശ് കല്യാണരാമന്റെ അഭിപ്രായപ്പെടുന്നത്.

ഉദാഹരണത്തിന് പണപ്പെരുപ്പം ഉണ്ടായിരുന്നിട്ടും വിവാഹാവശ്യത്തിനായി സ്വര്‍ണം വാങ്ങുന്നവര്‍ പ്രീമിയം, ഭാരമേറിയ വസ്തുക്കളില്‍ നിക്ഷേപിക്കുന്നത് തുടരുന്നു. കൂടാതെ ഈ വിഭാഗത്തില്‍ പ്രീമിയവല്‍ക്കരണ പ്രവണത ശക്തമായി തുടരുന്നു. ഈ വിഭാഗത്തിലെ ഉപഭോക്താക്കള്‍ എക്‌സ്‌ക്ലൂസീവ് ഡിസൈനുകളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര ഡിസൈന്‍ ഘടകങ്ങളുള്ള വജ്രങ്ങളും രത്‌നക്കല്ലുകളും ഉള്‍ക്കൊള്ളുന്ന ആഭരണങ്ങളോടുള്ള വര്‍ധിച്ചുവരുന്ന ചായ്വ് തങ്ങള്‍ നിരീക്ഷിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. മറുവശത്ത് കുറഞ്ഞ ഗ്രാമേജ് അല്ലെങ്കില്‍ കാരറ്റ് ഭാരമുള്ള ഡിസൈനുകള്‍ തേടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. പിപി ജ്വല്ലേഴ്‌സിന്റെ പവന്‍ ഗുപ്ത പറയുന്നത് 9 കാരറ്റ് സ്വര്‍ണാഭരണങ്ങളില്‍ ഉപയോക്താക്കള്‍ക്ക് താല്‍പര്യം വര്‍ധിക്കുന്നുണ്ട് എന്നാണ്.

വില ഉയരുന്നുണ്ടെങ്കിലും സ്വര്‍ണവുമായുള്ള സാംസ്‌കാരികവും വൈകാരികവുമായ ബന്ധം ശക്തമായി തുടരുന്നു. ഉത്സവങ്ങള്‍ ഗണ്യമായ സ്വര്‍ണ വാങ്ങലുകള്‍ക്ക് സാക്ഷ്യം വഹിക്കുന്നു. എന്നിരുന്നാലും, ഭാരമേറിയ ആഭരണങ്ങള്‍ക്ക് പകരം, വാങ്ങുന്നവര്‍ ഇപ്പോള്‍ വൈവിധ്യമാര്‍ന്നതും ഭാരം കുറഞ്ഞതുമായ ഇനങ്ങളെയാണ് ഇഷ്ടപ്പെടുന്നത്,’ പവന്‍ ഗുപ്ത വ്യക്തമാക്കി. അതിനിടെ വെള്ളി ആഭരണങ്ങള്‍ക്കുള്ള ആവശ്യം വര്‍ധിച്ചതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വെള്ളി താങ്ങാനാവുന്നതും എന്നാല്‍ ഫാഷനബിള്‍ ആയതുമായ ഒരു ബദല്‍ വാഗ്ദാനം ചെയ്യുന്നു എന്നതിനാലും എല്ലാ വസ്ത്രങ്ങള്‍ക്കൊപ്പവും ധരിക്കാം എന്നതിനാലും ബദല്‍ മാര്‍ഗം തേടുന്നവര്‍ക്ക് ആകര്‍ഷകമായ ഒരു ഓപ്ഷനാക്കി മാറ്റുന്നു. മില്ലേനിയലുകളുടെയും ജെന്‍ ഇസഡിന്റെയും മുന്‍ഗണനകള്‍ ആഭരണ വിപണിയെ പുനര്‍നിര്‍മ്മിക്കുന്നുണ്ടെന്നും വിദഗ്ധര്‍ പറഞ്ഞു. ലോക്കറുകളില്‍ സ്വര്‍ണം സൂക്ഷിച്ചിരുന്ന മുന്‍ തലമുറകളില്‍ നിന്ന് വ്യത്യസ്തമായി പുതുതലമുറ അവരുടെ ദൈനംദിന ജീവിതശൈലിക്ക് യോജിച്ച പ്രായോഗികവും ധരിക്കാവുന്നതുമായ വസ്തുക്കളാണ് ഇഷ്ടപ്പെടുന്നത്. മിനിമലിസ്റ്റ് മോതിരങ്ങളും ബ്രേസ്ലെറ്റുകളും മുതല്‍ ട്രെന്‍ഡി പെന്‍ഡന്റുകള്‍ വരെ അതില്‍ ഉള്‍പ്പെടുന്നു.