27 in Thiruvananthapuram

ദുബായില്‍ സ്വര്‍ണം കൊണ്ടുപോകാന്‍ പുതിയ മാനദണ്ഡം… ഇനി എല്ലാം എഐ നോക്കിക്കോളും!

Posted by: TV Next February 22, 2025 No Comments

അബുദാബി: സ്വര്‍ണം, ആഭരണം എന്നിവ കൊണ്ടുപോകുമ്പോള്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി നിര്‍മിതബുദ്ധിയുടെ (എഐ) സഹായത്തോടെ പുതിയ സംവിധാനം ആവിഷ്‌കരിച്ച് യുഎഇ. തത്സമയ ട്രാക്കിംഗ്, പരമാവധി സംരക്ഷണം, പൂര്‍ണ്ണമായ നിയന്ത്രണ അനുസരണം എന്നിവ ഉറപ്പാക്കുന്ന നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് സ്വര്‍ണ്ണ, ആഭരണ ട്രാന്‍സ്‌പോര്‍ട്ടേഷനിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പുനര്‍നിര്‍മ്മിക്കുക എന്നതാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം

തവാഷ്’ എന്ന് വിളിക്കപ്പെടുന്ന പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോം സ്വര്‍ണ്ണ, ആഭരണ കമ്പനികള്‍ക്ക് അവരുടെ സ്വന്തം ലൈസന്‍സുള്ളതും അംഗീകൃതവുമായ ജീവനക്കാരെ ഉപയോഗിച്ച് വിലപിടിപ്പുള്ള വസ്തുക്കള്‍ കൊണ്ടുപോകാന്‍ അനുവാദം നല്‍കും എന്ന് ദുബായിലെ സുരക്ഷാ വ്യവസായ നിയന്ത്രണ ഏജന്‍സി പറഞ്ഞു. ഇത് മൂന്നാം കക്ഷിയായ ഒരു കാരിയറുകളുടെ ആവശ്യകത ഇല്ലാതാക്കുന്നു.

അതേസമയം ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സമയത്ത് സുരക്ഷ ഉറപ്പാക്കാന്‍ കൊണ്ടുപോകുന്ന ഇനങ്ങള്‍ സുരക്ഷാ വ്യവസായ നിയന്ത്രണ ഏജന്‍സി അംഗീകൃത ബാഗുകളില്‍ ആയിരിക്കണം. വെള്ളിയാഴ്ച മുതല്‍ തവാഷ് പ്രവര്‍ത്തനം ആരംഭിച്ചു. ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി സാക്ഷ്യപ്പെടുത്തിയ ഹൈടെക് സുരക്ഷാ ബാഗുകള്‍ ഇതിനായി ഉപയോഗിക്കണം എന്നാണ് നിര്‍ദേശം.

തവാഷില്‍ നിരവധി സുരക്ഷാ സവിശേഷതകളാണ് ഉള്ളത്. അനധികൃത പ്രവേശനം കണ്ടെത്തിയാല്‍ സജീവമാകുന്ന സ്മാര്‍ട്ട് അലാറം സംവിധാനങ്ങള്‍, സുരക്ഷാ ലംഘനമുണ്ടായാല്‍ അധികാരികളെ അറിയിക്കാന്‍ ഉച്ചത്തിലുള്ള സൈറണുകള്‍, നിയമവിരുദ്ധമായി തുറക്കുന്നത് തടയുന്നതിനുള്ള ഇലക്ട്രോണിക് ലോക്കിംഗ് സംവിധാനങ്ങള്‍, മാരകമായ വസ്തുക്കള്‍ കൊണ്ട് വെട്ടിപ്പൊളിക്കുകയോ തകര്‍ക്കുകയോ ചെയ്യുന്നതില്‍ നിന്നുള്ള സംരക്ഷണം ഇതില്‍ ചിലതാണ്.

പരമ്പരാഗത സുരക്ഷാ ബാഗുകള്‍ ഇനി അംഗീകരിക്കില്ലെന്നും ‘തവാഷ്’ സിസ്റ്റത്തില്‍ ഉപയോഗിക്കുന്നതിന് അംഗീകാരം ലഭിക്കുന്നതിന് മുമ്പ് എല്ലാ ബാഗുകളും സുരക്ഷാ വ്യവസായ നിയന്ത്രണ ഏജന്‍സി ലബോറട്ടറി പരിശോധനയ്ക്കും സര്‍ട്ടിഫിക്കേഷനും വിധേയമാക്കണമെന്നും അതോറിറ്റി വ്യക്തമാക്കി. ആവശ്യമായ എല്ലാ സുരക്ഷാ സവിശേഷതകളും പാലിക്കുന്നുണ്ടെങ്കില്‍ കമ്പനികള്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ വലിപ്പത്തില്‍ ബാഗ് തിരഞ്ഞെടുക്കാം.

വിദേശത്ത് നിന്ന് വിപണിയിലേക്ക് സ്വര്‍ണം കൊണ്ടുപോകുന്ന വ്യക്തികളെ നിരീക്ഷിക്കാന്‍ കമ്പനികളെ അനുവദിക്കുന്ന ഒരു സ്മാര്‍ട്ട് ആപ്ലിക്കേഷനായ ഗസ്റ്റ് ഇന്‍വൈറ്റ്‌സ് സിസ്റ്റം തവാഷിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ഉണ്ടായിരിക്കും. സ്റ്റോര്‍ മാനേജര്‍മാര്‍ക്ക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നിരീക്ഷിക്കാനും, ആവശ്യമുള്ളപ്പോള്‍ ഉടനടി നടപടിയെടുക്കാനും, സംശയാസ്പദമായ സാഹചര്യത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും സാധിക്കും. ദുബായ് പൊലീസിന് ഏതൊരു ഗതാഗത പ്രവര്‍ത്തനത്തിലും തല്‍ക്ഷണ ഓഡിറ്റിംഗ് അധികാരം ഉണ്ടായിരിക്കും. ഇതിനായി മള്‍ട്ടി-ലെയര്‍ പരിശോധനാ നടപടികള്‍ ഉണ്ടാകും. ശരിയായ സുരക്ഷാ നടപടികളില്ലാതെ അനുവദനീയമായ പരിധിക്കപ്പുറം സ്വര്‍ണം കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് പിഴ ചുമത്താന്‍ കാരണമാകും.