വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ശതകോടീശ്വരനും ടെസ്ല ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഇലോണ്‍ മസ്‌ക്കുമായി കഴിഞ്ഞാഴ്ച്ച കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ ആഗോള ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ല ഇന്ത്യന്‍ വിപണിയിലേക്ക് വരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇന്ത്യയിലെ ചെറുപ്പക്കാരും ഓട്ടോമൊബൈല്‍ മേഖലയും ഈ റിപ്പോര്‍ട്ടുകളെ ഏറെ പ്രതീക്ഷയോടെ സ്വീകരിക്കുമ്പോള്‍ അതിന്മേല്‍ ആശങ്ക വിതച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന വന്നിരിക്കുകയാണ്. ടെസ്ല ഇന്ത്യയില്‍ ജീവനക്കാരെ തേടി ലിങ്ക്ഡ് ഇന്നില്‍ പരസ്യവും നല്‍കിയശേഷമാണ് ടംപ് തന്റെ നിലപാട് വ്യക്തമാക്കിയത്
.
ഇന്ത്യയില്‍ ടെസ്ല ഫാക്ടറി നിര്‍മിക്കുമെന്ന വാര്‍ത്തകളില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ അതൃപ്തി മസ്‌കിനോട് നേരിട്ട് അറിയിച്ചു. കഴിഞ്ഞ ദിവസം ഫോക്സ് ന്യൂസിന് ഇരുവരും നല്‍കിയ സംയുക്ത അഭിമുഖത്തിലാണ് ട്രംപ് തന്റെ അതൃപ്തി അറിയിച്ചത്. ഇന്ത്യയില്‍ ഒരു ഫാക്ടറി നിര്‍മ്മിക്കാനുള്ള ടെസ്ലയുടെ പദ്ധതി യുഎസിനോട് ചെയ്യുന്ന അന്യായമായിരിക്കുമെന്നാണ് ട്രംപ് പ്രതികരിച്ചത്. ഇറക്കുമതി തീരുവ ലാഭിക്കുന്നതിനു വേണ്ടിയുള്ള ടെസ്ലയുടെ ഈ നീക്കത്തെ ട്രംപ് വിമര്‍ശിക്കുകയും ചെയ്തു.
കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ കാറുകള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ ഉയര്‍ന്ന ഇറക്കുമതി തീരുവയെക്കുറിച്ച് താന്‍ സംസാരിച്ചതായി ട്രംപ് അഭിമുഖത്തില്‍ വ്യക്തമാക്കി. താരിഫ് സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാമെന്ന് മോദി സമ്മതിച്ചിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. അതിനിടെയാണ് ടെസ്ലയുടെ പുതിയ നീക്കം. ‘ഇലോണ്‍ മസ്‌കിന് ഇന്ത്യയില്‍ ഒരു കാര്‍ വില്‍ക്കുകയെന്നത് അസാധ്യമാണ്. ലോകത്തുള്ള എല്ലാ രാജ്യങ്ങളും ഇറക്കുമതി തീരുവയുടെ പേരില്‍ അമേരിക്കയെ മുതലെടുക്കുകയാണ്. മസ്‌ക് ഇന്ത്യയില്‍ ഒരു പ്ലാന്റ് നിര്‍മിച്ചാല്‍ അത് അമേരിക്കയോട് ചെയ്യുന്ന അന്യായമായിരിക്കും. അതേസമയം, ടെസ്‌ല ഇന്ത്യയില്‍ ഫാക്ടറി നിര്‍മിക്കുന്നതിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ട്രംപിന്റെ ഈ പ്രസ്താവനയോട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയിലെ ആഭ്യന്തര വാഹന നിര്‍മാതാക്കളെ പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ കുത്തനെ ഉയര്‍ത്തിയത്. ഇതിനെതിരേ ഇലോണ്‍ മസ്‌ക് നേരത്തെയും വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. മുന്‍പും ടെസ്ല ഇന്ത്യയില്‍ എത്താന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഉയര്‍ന്ന ഇറക്കുമതി തീരുവയായിരുന്നു പ്രധാന തടസം.
പുതിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഏപ്രിലോടെ ടെസ്ല ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ ഷോറൂമുകള്‍ ആരംഭിക്കുന്നതിനായി സ്ഥലങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സുമായി ടെസ്ല കൈകോര്‍ക്കുമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. അതേസമയം, ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ നിര്‍മാണത്തിനുള്ള പദ്ധതികളെപ്പറ്റി ടെസ്ല ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.