ചെന്നൈ: തമിഴ്‌നാടിന് അര്‍ഹതപ്പെട്ട ഫണ്ടുവിഹിതം കേന്ദ്രസര്‍ക്കാര്‍ അകാരണമായി തടഞ്ഞുവെക്കുകയാണ് എന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. സമഗ്ര ശിക്ഷാ അഭിയാന്‍ ഫണ്ടിന്റെ സംസ്ഥാനത്തിനുള്ള വിഹിതം വിതരണം ചെയ്യാത്തതില്‍ ആണ് ഉദയനിധിയുടെ പ്രതികരണം. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന്മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാടിന് ന്യായമായി അനുവദിക്കേണ്ടതാണ് 2190 കോടി രൂപ. ഇതനായി സംസ്ഥാനം യാചിക്കുക അല്ല എന്നും ഉദയനിധി പറഞ്ഞു. ”നിങ്ങളുടെ പിതാവിന്റെ പണമല്ല ഞങ്ങള്‍ ആവശ്യപ്പെടുന്നത്. തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ നികുതിയായി നല്‍കിയ ഞങ്ങളുടെ അവകാശമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഞങ്ങളുടേതായ ഫണ്ട് ഞങ്ങള്‍ ആവശ്യപ്പെടുന്നു,” ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.
ബിജെപിയുടെ ഭീഷണികള്‍ക്ക് തമിഴ്നാട് സര്‍ക്കാരോ അവിടുത്തെ ജനങ്ങളോ വഴങ്ങില്ലെന്നും സംസ്ഥാനത്തെ വിദ്യാഭ്യാസവും ദ്വിഭാഷാ നയവും ഭീഷണിയിലാണെന്നും അദ്ദേഹം പറഞ്ഞു. ”നമ്മള്‍ ഹിന്ദി സ്വീകരിക്കണമെന്ന് അവര്‍ ഉറച്ചുനില്‍ക്കുന്നു. തമിഴ്നാടിന്റെ ചരിത്രം, സംസ്‌കാരം, അതുല്യമായ സ്വത്വം എന്നിവ നശിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഫാസിസ്റ്റ് ബിജെപി സര്‍ക്കാര്‍ തമിഴരെ രണ്ടാംതരം പൗരന്മാരാക്കാന്‍ ആഗ്രഹിക്കുന്നു,” ഉദയനിധി ആരോപിച്ചു.
സംസ്ഥാനത്തിന്റെ ദ്വിഭാഷാ നയത്തിനായി എഐഎഡിഎംകെയും ശബ്ദമുയര്‍ത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയ നേട്ടത്തിനായി ഇത് ഉപയോഗിക്കുന്നതിന് പകരം എഐഎഡിഎംകെ ഞങ്ങളോടൊപ്പം ചേരാനും നിങ്ങളുടെ ശബ്ദം ഉയര്‍ത്താനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ പാര്‍ട്ടിയുടെ പേരില്‍ ‘അന്നാ’യും ‘ദ്രാവിഡ’യും ഉള്ളപ്പോള്‍ ഇതില്‍ നിന്ന് മാറി നില്‍ക്കരുത് എന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദി അംഗീകരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് അവരുടെ മാതൃഭാഷ നഷ്ടപ്പെടും എന്നും തങ്ങള്‍ ഒരു ‘ഭാഷാ യുദ്ധത്തിന്’ തയ്യാറാണെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. ‘ഇത് ഒരു ദ്രാവിഡ മണ്ണാണ്… പെരിയാറിന്റെ നാടാണ്. കഴിഞ്ഞ തവണ നിങ്ങള്‍ തമിഴ് ജനതയുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ‘ഗോബാക്ക് മോദി’ എന്ന മുദ്രാവാക്യമാണ് വിളിച്ചു. വീണ്ടും അതിന് ശ്രമിച്ചാല്‍ ‘മോദി പുറത്തുപോകൂ’ എന്നായിരിക്കും മുദ്രാവാക്യം,’ അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ സമഗ്ര ശിക്ഷ മിഷന്‍ ഗ്രാന്റില്‍ തമിഴ്നാടിന്റെ വിഹിതമാണ് ഇതുവരെ വിതരണം ചെയ്യാത്തത്. അതേസമയം ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണ്ണമായും തമിഴ്‌നാട് മുഴുവന്‍ നടപ്പിലാക്കിയില്ലെങ്കില്‍ കേന്ദ്രം സംസ്ഥാനത്തിന് ഫണ്ട് അനുവദിക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ ബ്ലാക്ക്മെയിലിംഗ് എന്നും ത്രിഭാഷാ നയം സംസ്ഥാനത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണ് എന്നുമാണ് ഡിഎംകെ പറയുന്നത്. തമിഴ്നാട്ടില്‍ ചരിത്രപരമായി ദ്വിഭാഷാ നയമുണ്ട്. തമിഴും ഇംഗ്ലീഷും പഠിപ്പിക്കുന്ന ഈ നയം 1930 കളിലും 1960 കളിലും സാക്ഷ്യം വഹിച്ച വന്‍തോതിലുള്ള ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെ രൂപപ്പെട്ടതാണ്.