വാഷിംഗ്ടണ്‍: ഹമാസിന് അന്ത്യശാസനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗാസയില്‍ ബന്ദികളാക്കിയ എല്ലാവരെയും ശനിയാഴ്ച ഉച്ചയോടെ വിട്ടയയ്ക്കണം എന്ന് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നല്‍കി. അല്ലാത്ത പക്ഷം ഇസ്രായേല്‍ – ഹമാസ് വെടിനിര്‍ത്തല്‍ അവസാനിപ്പിക്കാന്‍ താന്‍ നിര്‍ദ്ദേശിക്കുമെന്ന് ട്രംപ് പറഞ്ഞു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബന്ദികളെ വിട്ടയക്കുന്നത് നിര്‍ത്തുമെന്ന് ഹമാസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നാണ് ഹമാസ് ആരോപിക്കുന്നത്. ഇതോടെ യുദ്ധം പുനരാരംഭിച്ചേക്കും എന്ന ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ”എല്ലാ ബന്ദികളെയും ശനിയാഴ്ച രാത്രി 12 മണിക്ക് തിരിച്ചയച്ചില്ലെങ്കില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കാനുള്ള ഉചിതമായ സമയമാണ് ഇത് എന്ന് ഞാന്‍ പറയും. കരാര്‍ റദ്ദാക്കുകയും എല്ലാം തകര്‍ക്കാന്‍ അനുവദിക്കുകയും ചെയ്യും,’ ട്രംപ് വ്യക്തമാക്കി.
ശനിയാഴ്ച 12 മണിയോടെ എല്ലാവരേയും മോചിപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു. ഗാസയില്‍ നിന്ന് പലസ്തീന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ വിസമ്മതിച്ചാല്‍ ജോര്‍ദാനും ഈജിപ്തും നല്‍കുന്ന സഹായം തടഞ്ഞേക്കുമെന്നും ട്രംപ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഗാസയിലേക്ക് മടങ്ങാന്‍ പലസ്തീന്‍കാര്‍ക്ക് അവകാശമില്ലെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
അതിനിടെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ന് സുരക്ഷാ മന്ത്രിസഭയുമായി കൂടിക്കാഴ്ച നടത്തും. പ്രതിരോധം, ദേശീയ സുരക്ഷ, വിദേശ കാര്യം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരാണ് മന്ത്രിസഭയിലുള്ളത്. ഖത്തറും ഈജിപ്തും അമേരിക്കയുമായി ചേര്‍ന്നാണ് വെടിനിര്‍ത്തല്‍ കരാറിനായി ശ്രമം നടത്തിയത്. 42 ദിവസത്തെ കരാറിന്റെ ആദ്യഘട്ടത്തില്‍ മോചിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന 33 ബന്ദികളില്‍ 16 പേര്‍ നാട്ടിലേക്ക് മടങ്ങി.
അഞ്ച് തായ് ബന്ദികളേയും അപ്രതീക്ഷിത നീക്കത്തിലൂടെ മോചിപ്പിച്ചിരുന്നു. മാരകമായ ആക്രമണങ്ങള്‍ക്ക് ജീവപര്യന്തം തടവ് അനുഭവിക്കുന്നവരും കുറ്റം ചുമത്താതെ തടവിലാക്കപ്പെട്ടവരുമുള്‍പ്പെടെ നൂറുകണക്കിന് തടവുകാരെ പകരമായി ഇസ്രായേലും മോചിപ്പിച്ചിരുന്നു. അതേസമയം പലസ്തീനികളുടെ അവകാശങ്ങള്‍ ലംഘിക്കുന്ന വിട്ടുവീഴ്ച അനുവദിക്കില്ലെന്ന് ഈജിപ്ത് പറഞ്ഞിരുന്നു.