കേരളം കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്ന സ്ഥലമാണ് യുഎഇ. നാട്ടിലെ അപേക്ഷിച്ച് സ്വർണത്തിന് വില കുറവാണ് എന്നതാണ് ഇവിടേക്ക് മലയാളികളെ ആകർഷിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രണ്ടിടത്തും വിലയിൽ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതേസമയം ആഗോള വിപണയിലെ ചലനങ്ങൾ ഇന്ന് സ്വർണവില കുറയാൻ കാരണമായിട്ടുണ്ട്. വില കുറഞ്ഞ സാഹചര്യത്തിൽ യുഎഇയിൽ നിന്നാണോ അതോ കേരളത്തിൽ നിന്ന് സ്വർണം വാങ്ങുന്നതാണോ ലാഭം എന്ന് അറിയാം
ജനവരി 22 മുതൽ സംസ്ഥാനത്ത് സ്വർണ വിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. അന്ന് ആദ്യമായി പവന് വില 60,000ത്തൊട്ടു. 24 ആയപ്പോഴേക്കും വീണ്ടും 200 രൂപ കൂടി വില 60,440 ലെത്തി. കഴിഞ്ഞ മാസം അവസാനിച്ചതാകട്ടെ 61,840 എന്ന വിലനിലവാരത്തിലാണ്.
ഫെബ്രുവരിയിൽ ആശ്വാസം ഉണ്ടാകുമെന്ന് കരുതിയെങ്കിലും സ്വർണപ്രേമികളുടെ നെഞ്ചിടിപ്പ് ഉയർത്തി വില വീണ്ടും ഉയർന്നു. ഫെബ്രുവരി ഒന്നിന് പവന് 61,960 രൂപയാണ് രേഖപ്പെടുത്തിയത്. എന്നാൽ ഇന്ന് നേരിയ ആശ്വാസമാണ് വിലയിൽ ഉണ്ടായിരിക്കുന്നത്. ഇന്നലത്തെ അപേക്ഷിച്ച് പവന് 320 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അതായത് ഒരു പവന് 61,640 രൂപ.
യുഎഇയിൽ ഗ്രാമിന് രണ്ട് ദിർഹത്തിന്റെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ആഗോളവിപണയിൽ സ്വർണത്തിന്റെ വില ഔൺസിന് 2778 ലേക്ക് ആയതോടെയാണ് യുഎയിലും സ്വർണ വിലയിൽ കുറവ് ഉണ്ടായത്. ഇന്നലെ 2800 ഡോളറിന് മുകളിലായിരുന്നു ഔൺസിന് വില. യുഎയിൽ ഇന്ന് ഒരു ഗ്രാമം 24 കാരറ്റ് സ്വർണത്തിന് 336.75 ദിർഹമാണ് നൽകേണ്ടത്. അതായത് 7,984.96 രൂപ. 22 കാരറ്റിന് 311.75 ദിർഹവും ( 7392 രൂപ) 18 ഗ്രാം സ്വർണത്തിന് 301.75 ദിർഹമാണ് ഇന്നത്തെ നിരക്ക്.
കേരളത്തിലെ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ഭേദപ്പെട്ട നിലയിലാണ് യുഎഇയിൽ വ്യാപാരം നടക്കുന്നത്. ഇന്ന് കേരളത്തിൽ ഒരു പവന് 61,640 രൂപ കൊടുക്കുമ്പോൾ യുഎഇയിൽ ഒരു പവൻ വാങ്ങാൻ 2494 ദിർഹം ( 59139 ഇന്ത്യൻ രൂപ) മാത്രമേ കൊടുക്കേണ്ടതുള്ളൂ. അതായത് 2501 രൂപയുടെ വ്യത്യാസം. പത്ത് പവൻ സ്വർണം വാങ്ങാൻ നാട്ടിൽ 6,16,400 ഇവിടെ കൊടുക്കുമ്പോൾ യുഎഇയിൽ 24,940 ദിർഹത്തിന് അതായത് 5,91,357.08 രൂപയ്ക്ക് ലഭിക്കും. നാട്ടിലെ പവന്റെ വില മാത്രമാണ് 61,640 . ഇത് കൂടാതെ പണിക്കൂലി, ജിഎസ്ടി എന്നിവയൊക്കെ നൽകണം. അതേസമയം നാട്ടിലെ അപേക്ഷിച്ച് പരിശുദ്ധ സ്വർണമാണ് ലഭിക്കുകയെന്നതാണ് യുഎഇയിൽ വാങ്ങുമ്പോഴുള്ള മറ്റൊരു മെച്ചം. വില കുറവാണെന്ന് കരുതി വാങ്ങിക്കൂട്ടാൻ നിൽക്കരുത് കേട്ടോ, നാട്ടിലേക്ക് സ്വർണം കൊണ്ടുവരുന്നതിന് നിയന്ത്രണങ്ങൾ ഉണ്ട്. അതുകൂടി വിശദമായി അറിഞ്ഞ് സുരക്ഷിതമായി വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം.