അമേരിക്കയുടെ 47-ാമത്തെ പ്രസിഡന്റായി ചുമതലയേറ്റെടുത്തതിന് പിന്നാലെ നടത്തിയ പ്രസംഗത്തില്‍ നിർണ്ണായകമായ പല പ്രസ്താവനകളും പ്രഖ്യാപനങ്ങളുമാണ് ഡൊണാള്‍ഡ് ട്രംപ് നടത്തിയത്. കുടിയേറ്റം തടയുന്നതിനായി മെക്സിക്കന്‍ അതിർത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അദ്ദേഹം ട്രാന്‍സ്ജെന്‍ഡേഴ്സിന് രാജ്യത്ത് സ്ഥാനമുണ്ടാകില്ലെന്നും വ്യക്തമാക്കി.
അമേരിക്കയുടെ സുവർണയുഗത്തിന് ഇവിടെ തുടക്കം കുറിക്കുകയാണ്. 2025 ജനുവരി 20 രാജ്യത്തിന്റെ വിമോചന ദിനമാണ്. ഇന്നുമുതൽ യുഎസ് അഭിവൃദ്ധിപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യും. അമേരിക്കയെ എല്ലാതരത്തിലും ഞാന്‍ ഒന്നാമത് എത്തിക്കും എന്നും അഭിപ്രായപ്പെട്ട ട്രംപ് പാനമ കനാൽ പാനമയിൽ നിന്ന് തിരിച്ചെടുക്കുമെന്ന പ്രഖ്യാപനവും നടത്തി.
ലോകത്ത് ഏറ്റവും കൂടുതല് ക്രൂഡ് ഓയില്‍, പ്രകൃതിവാതക നിക്ഷേപമുള്ള രാജ്യമാണ് അമേരിക്ക. അതിനെ പൂർണ്ണമായ തോതില്‍ നമ്മള്‍ ഉപയോഗപ്പെടുത്താന്‍ പോകുകയാണ്. ഒഴുകുന്ന സ്വർണത്തിന്റെ വലിയ ശേഖരമാണ് നമ്മുടെ കാലടിക്ക് താഴെയുള്ളത്. അത് ഖനനം ചെയ്ത് അമേരിക്കയെ വീണ്ടും സമ്പന്ന രാജ്യമാക്കി മാറ്റും. അതോടൊപ്പം തന്നെ ഇലക്ട്രിക് വാഹനങ്ങൾ നിർബന്ധമാക്കാനുള്ള ഉത്തരവ് പിൻവലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ക്രൂഡ് ഓയില്‍ ഉല്‍പാദനം വർധിപ്പിക്കുമെന്ന് പ്രചരണ സമയത്ത് തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. ‘ഡ്രിൽ, ബേബി, ഡ്രിൽ’ എന്ന മുദ്രാവാക്യവും അദ്ദേഹം ഇതോട് അനുബന്ധിച്ച് മുന്നോട്ട് വെച്ചു. ട്രംപിന്റെ തീരുമാനത്തോടെ ആഗോള ക്രൂഡ് ഓയില്‍ വിപണിയിലേക്ക് കൂടുതല്‍ വിതരണം എത്തുകയും ഇത് വിലയിടിവിന് കാരണമാക്കുകയും ചെയ്തേക്കും. ഇത് ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ വമ്പന്‍മാരായ സൗദി അറേബ്യ അടക്കമുള്ള അറബ് രാജ്യങ്ങളെ വലിയ തോതില്‍ ബാധിക്കും എന്നതില്‍ സംശയമില്ല..