തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ വിവാദ കല്ലറ തുറന്ന് പരിശോധന തുടങ്ങി. കല്ലറയില്‍ ഗോപന്‍ സ്വാമിയുടേതെന്ന് വ്യക്തമാക്കുന്നു മൃതദേഹം കണ്ടെത്തി. ശാസ്ത്രീയ പരിശോധനയിലൂടെയായിരിക്കും ഇക്കാര്യം സ്ഥിരീകരിക്കുക. മക്കളും ഭാര്യയും മൊഴി നല്‍കിയത് പോലെ കല്ലറയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മൃതദേഹത്തിന് ചുറ്റും നിന്നും ഭസ്മവും സുഗന്ധ ദ്രവ്യങ്ങളും വസ്ത്രങ്ങളും കല്ലറയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം സബ്കലക്ടർ ഒ.വി.ആല്‍ഫ്രഡിന്റെ നേതൃത്വത്തിലാണു നടപടികൾ പുരോഗമിക്കുന്നത്.
കല്ലറയുടെ മുകളിലത്തെ സ്ലാബ് മാത്രം നീക്കി നടത്തിയ പരിശോധനയില്‍ തന്നെ മൃതദേഹത്തിന്റെ തലഭാഗം കണ്ടെത്താന്‍ സാധിച്ചു. തുടർന്ന് വശത്തെ ഭിത്തികളും പൊളിച്ചു. മൃതദേഹം അഴുകിയ നിലയിലാണെങ്കില്‍ പോസ്റ്റുമോർട്ടം സ്ഥലത്ത് തന്നെ നടത്തുമെന്നാണ് പൊലീസ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സംഭവ സ്ഥലത്ത് നിന്നും മാറ്റാവുന്ന നിലയിലാണ് എന്നതിനാല്‍ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റും.
അതിരാവിലെ തന്നെ പോസ്റ്റുമോർട്ടം നടത്താനുള്ള സർജ്ജന്‍ അടക്കമുള്ള സന്നാഹങ്ങളുമായിട്ടാണ് പൊലീസ് ഗോപന്‍ സ്വാമിയുടെ കല്ലറ തുറന്ന് പരിശോധിക്കാനായി എത്തിയത്. കഴിഞ്ഞ ദിവസം കല്ലറ പൊളിക്കാനായി പൊലീസ് എത്തിയപ്പോള്‍ വലിയ എതിർപ്പ് ഉയർത്തിയ ഗോപന്‍ സ്വാമിയുടെ മക്കളും ഭാര്യയും ഇന്ന് പ്രതിഷേധിക്കുകയോ സംസാരിക്കുകയോ ചെയ്തില്ല.
ജില്ലാ ഭരണകൂടമാണ് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്. കല്ലറിലേക്കുള്ള വഴി രാവിലെ തന്നെ അടച്ച്, പൊതുജനങ്ങള്‍ ഇവിടേക്ക് പ്രവേശിക്കുന്നത് തടഞ്ഞു. സബ് കളക്ടർ സ്ഥലത്തെ കുടുംബാംഗങ്ങളോട് കാര്യങ്ങള്‍ വീണ്ടും വിശദീകരിച്ചു. കഴിഞ്ഞ ദിവസം വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തില്‍ ഇത്തവണ വലിയ പൊലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. 2 ഡി വൈ എസ് പിമാരുടെ നേതൃത്വത്തിലാണ് പൊലീസ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.
വലിയ രീതിയില്‍ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലായിരുന്നു പരിശോധന നടത്താതെ കഴിഞ്ഞ ദിവസം പൊലീസ് സംഘം മടങ്ങിയത്. കുടുംബത്തോടൊപ്പം ഹിന്ദു ഐക്യവേദി, വി എസ് ഡി പി സംഘടനകളുടെ നേതാക്കളും കല്ലറ തുറക്കുന്നതില്‍ വലിയ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതോടെ സംഘർഷാവസ്ഥ ഒഴിവാക്കാനായി അന്ന് കല്ലറ തുറക്കാതെ പൊലീസ് സംഘം മടങ്ങി. പിന്നാലെ കല്ലറ പരിശോധിക്കാനുള്ള ആർഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി അംഗീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് പൊലീസ് സന്നാഹം ഇന്ന് അതിരാവിലെ ഗോപന്റെ വീട്ടിലേക്ക് എത്തിയത്.