മുംബൈ: സമീപകാലത്ത് രൂപയുടെ മൂല്യത്തില്‍ റെക്കോർഡ് നിരക്കിലുള്ള ഇടിവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം കഴിഞ്ഞ ദിവസം 58 പൈസ ഇടിഞ്ഞ് റെക്കാഡ് ഇടിവായ 86.62 എന്ന നിരക്കിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയില്‍ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഏറ്റവും വലിയ പ്രതിദിന ഇടിവായിരുന്നു ഇത്. പിന്നീട് റെക്കോർഡ് ഇടിവില്‍ നിന്നും കരകയറിയ രൂപയുടെ ഇന്നത്തെ ഡോളറുമായുള്ള വിനിമയ നിരക്ക് 86.46 രൂപയാണ്.
രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗള്‍ഫ് കറന്‍സികളും മികച്ച രീതിയില്‍ മുന്നേറ്റം തുടരുകയാണ്. ഇതോടെ പ്രവാസികള്‍ കടം വാങ്ങിയും മറ്റും നാട്ടിലേക്ക് കൂടുതലായി പണം അയക്കാനും തുടങ്ങിയിട്ടുണ്ട്. ഒമാന്‍ റിയാലിന്റെ വിനിമയ നിരക്ക് സർവ്വാകാല റെക്കോർഡിലേക്ക് എത്തുന്നതിനും കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചു. ഇന്ത്യന്‍ കറന്‍സിയുമായുള്ള ഒമാന്‍ റിയാലിന്റെ മൂല്യം 224 രൂയിലേക്ക് അടുക്കുകയാണ്.
224.63 രൂപയാണ് ഇന്നത്തെ ഒമാന്‍ റിയാലിന്റെ മൂല്യമെങ്കിലും കഴിഞ്ഞ ദിവസം ഇത് 224.73 രൂപയിലേക്ക് എത്തിയിരുന്നു. ഒരു യു എ ഇ ദിര്‍ഹത്തിന് 23.54 രൂപയാണ് ഇന്നത്തെ വിനിമയ നിരക്ക്. ബഹ്‌റൈന്‍ റിയാല്‍ 229.42 രൂപയിലും കുവൈത്ത് ദിനാര്‍ 280.27 രൂപയിലുമെത്തി. സൗദി റിയാല്‍ 23.04 രൂപ, ഖത്തര്‍ റിയാല്‍ 23.75 രൂപ എന്നിങ്ങനെയുമാണ് വിനിമയ നിരക്ക്.
രൂപയുടെ മൂല്യം കുറഞ്ഞതിന്റെ ആനുകൂല്യം പല പ്രവാസികള്‍ക്കും വേണ്ടത്ര നേട്ടമാക്കാനും കഴിഞ്ഞില്ലെന്നും ശ്രദ്ധേയമാണ്. മാസത്തിന്റെ തുടക്കത്തില്‍ ശമ്പളം കിട്ടിയതിന് പിന്നാലെ മിക്ക പ്രവാസികളും നാട്ടിലേക്ക് അയച്ചിരുന്നു. ചലർ കടം വാങ്ങിയും മറ്റും നാട്ടിലേക്ക് പണം അയക്കുന്നുണ്ടെങ്കിലും പണം സ്വരൂപിച്ച് വെച്ച മറ്റുചിലരാകട്ടെ കൂടുതല്‍ മൂല്യം ലഭിക്കുന്നതിനായുള്ള കാത്തിരിപ്പിലാണ്. അതുകൊണ്ട് തന്നെ ഇന്നലെ ധനമിടപാട് സ്ഥാപനങ്ങളില്‍ പ്രതീക്ഷിച്ച തിരക്ക് ഉണ്ടായില്ലെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
വരും ദിവസങ്ങളിലും ഇന്ത്യന്‍ രൂപക്ക് തിരിച്ചടി നേരിട്ടേക്കാമെന്നാണ് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇങ്ങനെയാണെങ്കില്‍ ഒമാന്‍ റിയാലിന്റെ മൂല്യം അടുത്ത ദിവസം തന്നെ 225 രൂപയിലേക്ക് എത്തും. നാട്ടിലേക്ക് പണം അയക്കാന്‍ ഉദ്ദേശിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്തുന്നതായിരിക്കും കൂടുതല്‍ ഗുണകരമായി മാറുക. അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും അസംസ്‌കൃത എണ്ണ വിലയുടെ കുതിപ്പുമാണ് രൂപയ്ക്ക് തിരിച്ചടിയായിക്കൊണ്ടിരിക്കുന്നത്. അമേരിക്കയില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ മികച്ച തൊഴില്‍ വളര്‍ച്ച ഉണ്ടായതോടെ ഡോളര്‍ ശക്തിയാര്‍ജിക്കുകയായിരുന്നു. ഇതോടെ അമേരിക്കന്‍ കടപ്പത്ര വിപണിയില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും രൂപയ്ക്ക് തിരിച്ചടിയായി. ഇതോടൊപ്പം തന്നെയാണ് അസംസ്‌കൃത എണ്ണ വില ഉയര്‍ന്നത്.
ഇന്ത്യന്‍ റിഫൈനറിമാർ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 81 ഡോളറിലേക്ക് നീങ്ങുകയാണ്. നേരത്തെ 70 ഡോളറിന് താഴേക്ക് വരെ വിലയെത്തിരുന്നു. വില വർധിച്ചതോടെ ഇറക്കുമതിക്കാര്‍ക്കിടയില്‍ ഡോളര്‍ ആവശ്യകത വര്‍ധിക്കാന്‍ ഇത് ഇടയാക്കി. ഉയർന്ന എണ്ണവില വ്യാപാരക്കമ്മി വർധിപ്പിക്കും. ഇതും രൂപയുടെ മൂല്യത്തെ ബാധിച്ചതായും സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.