കൊൽക്കത്ത: പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയാണ് അൻവറിന് അംഗത്വം നൽകി സ്വീകരിച്ചത്. അൻവർ പാർട്ടിയിൽ ചേർന്ന വിവരം സ്ഥിരീകരിച്ച് തൃണമൂൽ കോൺഗ്രസ് എക്സിൽ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്.
അൻവറിനെ സ്വാഗതം ചെയ്യുന്നുവെന്നും ജനക്ഷേമത്തിനായി ഒരുമിച്ച് പ്രവർത്തിക്കാമെന്നും ടി എം സി എക്സിൽ കുറിച്ചു. ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞ പി വി അൻനവർ ആദ്യം ഡി എം കെയിലേക്ക് പോകാനായി ശ്രമം നടത്തിയെങ്കിലും ഡി എം കെ താല്പര്യം കാണിച്ചില്ല. അൻവർ കോൺഗ്കസിലേക്ക് പോകാനുള്ള സാധ്യതയുള്ളതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു അൻവർ തൃണമൂൽ കോൺഗ്രസിലേക്ക് പോയിരിക്കുന്നത്.
നേരത്തെ അൻവർ പാലക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളേയും പിന്നീട് പി കെ കുഞ്ഞാലിക്കുട്ടിയെയും സന്ദർശിച്ചിരുന്നു.
അൻവറിനെ യു ഡി എഫുമായി സഹകരിപ്പിക്കുന്ന വിഷയത്തിൽ കോൺഗ്രസ് എടുക്കനന്ന ഏത് തീരുമാനത്തിനൊപ്പവും നിൽക്കുമെന്നാണ് മുസ്ലിം ലീഗ് പറഞ്ഞത്. കോൺഗ്രസ് നേതാക്കളെ കാണാൻ അൻവർ തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം എത്തിയിരുന്നെങ്കിലും ആരും സമയം നൽകിയില്ലെന്നാണ് വിവരം. അതേ സമയം, നിലമ്പൂർ ഡി എഫ് ഒ ഓഫീസ് ആക്രമിച്ച കേസിൽ ഞായറാഴ്ച പോലീസ് അൻവറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കോൺഗ്രസ് നേതാക്കൽ അൻവറിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. രമേശ് ചെന്നിത്തല, കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ തുടങ്ങിയവർ അറസ്റ്റിനെ വിമർശിച്ചിരുന്നു. കോൺഗ്രസ് നേതാക്കൾ അൻവറിനെ പിന്തുണച്ച് എത്തിയതോടെ അൻവർ കോൺഗ്രസിൽ ചേരുമെന്ന ചർക്കൾ ഉയർന്നിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ കൊൽക്കത്തയിലെ ഓഫീസിൽ വെച്ച് അഭിഷേക് ബാനർജിയുമായി അൻവർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തൃണമൂലിലേക്കുള്ള പ്രവേശന സാധ്യത തെളിഞ്ഞുവന്നത്. തൃണമൂൽ പ്രവേശനത്തിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയെ അൻവർ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു
പാർട്ടിയിൽ സംസ്ഥാന കോ – ഓഡിനേറ്റർ സ്ഥാനമാണ് ലഭിച്ചിരിക്കുന്നതെന്ന് പി വി അൻവർ റിപ്പോർട്ടറിനോട് പറഞ്ഞു. ജനക്ഷേമത്തിനായി ടി എം സിക്ക് ഒപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.