കൊച്ചി: വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂരിനെതിരെ പോലീസിൽ പരാതി നൽകി നടി ഹണി റോസ്. സ്ത്രീത്വത്തെ അപമാനിക്കുകയും ലൈംഗിക ചുവയോടെ തുടർച്ചയായി പരാമർശങ്ങള്‍ നടത്തിയെന്നുമാണ് ഹണിയുടെ പരാതിയിൽ പറയുന്നത്. എറണാകുളം സെൻട്രൽ പോലീസിനാണ് ഹണി റോസ് ഇത് സംബന്ധിച്ച പരാതി നൽകിയത്. തന്റെ പേര് മറച്ചുവയ്ക്കരുതെന്നാണ് ഹണി റോസ് മാധ്യമങ്ങളോട് ആവശ്യപ്പെട്ടത്.
സ്ത്രീത്വത്തെ അപമാനിച്ചപ്പോൾ ബോബി ചെമ്മണ്ണൂരിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് ഹണി റോസ് പറയുന്നത്. എന്നാൽ വീണ്ടും അധിക്ഷേപം തുടർന്നതോടെയാണ് പോലീസിൽ പരാതി നൽകിയത്. തന്റെ പേര് പറഞ്ഞായിരുന്നു അധിക്ഷേപം മുഴുവനെന്നും ഹണി ആരോപിച്ചു. പരാതി പറയുമ്പോൾ എന്തിന് തന്റെ പേര് മറച്ചുവയ്ക്കണമെന്നും ഹണി റോസ് ചോദിച്ചു.
ബോബി ചെമ്മണ്ണൂരിനെതിരായ പരാതിയെ കുറിച്ച് ഹണി റോസ് തന്നെയാണ് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ, ഞാന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നുവെന്നായിരുന്നു ഹണി ഫേസ്‌ബുക്കിൽ കുറിച്ചത്. താങ്കളുടെ തന്നെ മാനസിക നിലയുള്ള കൂട്ടാളികള്‍ക്കെതിരെയുള്ള പരാതികള്‍ പുറകെ വരുമെന്നും ഹണി കൂട്ടിച്ചേർത്തു. അടുത്തിടെ തനിക്കെതിരെ ഒരാള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നിരന്തരം ദ്വയാര്‍ഥ പ്രയോഗം നടത്തി അപമാനിക്കുന്നുവെന്ന് ആരോപിച്ച് ഹണി റോസ് രംഗത്തെത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് നടി ഒരു ഫേസ്‌ബുക്ക് പോസ്‌റ്റും പങ്കുവച്ചിരുന്നു. ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ദ്വയാര്‍ഥ പ്രയോഗം കൊണ്ട് അപമാനം നേരിട്ടതിനാല്‍ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരുന്നുവെന്ന് ഹണി പറയുന്നു. ഇതിന്റെ പ്രതികാരമെന്നോണം സോഷ്യല്‍ മീഡിയയില്‍ തന്റെ പേര് മനപൂര്‍വം വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകള്‍ പറയുകയാണ് ആ വ്യക്തി ചെയ്യുന്നതെന്നായിരുന്നു ഹണി റോസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കിയത്. എന്നാൽ ഈ കുറിപ്പിൽ ബോബി ചെമ്മണ്ണൂരിന്റെ പേര് ഹണി വെളിപ്പെടുത്തിയിരുന്നില്ല.
എന്നാൽ നിരവധി പേരാണ് ബോബി ചെമ്മണ്ണൂരാണ് ഈ വ്യക്തിയെന്ന് എടുത്തുപറഞ്ഞത്. ഇതിന് പിന്നാലെ ഹണി റോസിന്റെ പോസ്‌റ്റിന് താഴെ മോശം കമന്റുകളുമായി ചിലർ വന്നിരുന്നു. തുടർന്ന് നടി ഇവർക്കെതിരെ എറണാകുളം സെൻട്രൽ പോലീസിൽ പരാതി നൽകി. ഇതിൽ ഒരാളെ അറസ്‌റ്റ് ചെയ്യുകയും അന്വേഷണം പുരോഗമിക്കുകയും ചെയ്യുന്ന വേളയിലാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് നേരിട്ട് രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസവും ഹണി റോസ് ബോബി ചെമ്മണ്ണൂരിനെതിരെ പേരെടുത്ത് പറയാതെ വിമർശിച്ചിരുന്നു.