28 in Thiruvananthapuram
TV Next News > News > International > പാകിസ്ഥാനില്‍ ബോംബ് സ്ഫോടനത്തില്‍ 21 പേർ കൊല്ലപ്പെട്ടു:

പാകിസ്ഥാനില്‍ ബോംബ് സ്ഫോടനത്തില്‍ 21 പേർ കൊല്ലപ്പെട്ടു:

Posted by: TV Next November 9, 2024 No Comments

ഇസ്ലാമാബാദ്: പാകിസ്താനില്‍ ബോംബ് സ്ഫോടനത്തില്‍ ഇരുപതിലേറെ പേർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലെ റെയിൽവേ സ്റ്റേഷനിലാണ് സ്ഫോടനമുണ്ടായിരിക്കുന്നത്. ഇതുവരെ 21 പേരുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 46 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പലരുടേയും സ്ഥിതി ഗുരുതരമാണെന്നും  റിപ്പോർട്ട് ചെയ്യുന്നു.

ബലൂചിസ്ഥാൻ പ്രവിശ്യയിലെ തന്നെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷനാണ് ക്വറ്റ. പെഷവാറിലേക്ക് സർവ്വീസ് നടത്തുന്ന ജാഫർ എക്സ്പ്രസ് യാത്ര ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് സ്ഫോടനമുണ്ടായത്. ജാഫർ എക്സ്പ്രസിലേക്ക് കയറാനായി നിരവധി യാത്രക്കാർ പ്ലാറ്റ്ഫോമില്‍ തടിച്ചുകൂടി നില്‍ക്കെയാണ് സ്ഫോടനം.

ചാവേർ ബോംബാക്രമണത്തിന്റെ സാധ്യതയിലേക്കാണ് ക്വറ്റ സീനിയർ സൂപ്രണ്ട് പോലീസ്  (എസ് എസ്‌ പി)  മുഹമ്മദ് ബലോച്ച് അഭിപ്രായപ്പെടുന്നത്. സ്‌ഫോടനത്തിൽ ഇതുവരെ 21 പേർ മരിക്കുകയും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

റെയിൽവേ സ്‌റ്റേഷനിലെ ബുക്കിംഗ് ഓഫീസിന് സമീപമാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്., റെസ്ക്യൂ, ലോ എൻഫോഴ്‌സ്‌മെൻ്റ് ടീമുകൾ ഉടൻ തന്നെ പ്രദേശത്തേക്ക് എത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തതായി പ്രവിശ്യയിലെ സർക്കാർ വക്താവ് ഷാഹിദ് റിന്ദ് വ്യക്തമാക്കി. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിക്കേറ്റവരെ ചികിത്സിക്കാനായി അധിക മെഡിക്കൽ സ്റ്റാഫിനെ വിളിച്ചുവരുത്തുകയും ആശുപത്രിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. ഇതുവരെ പരിക്കേറ്റ 46 പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ബോംബ് സ്ഫോടനത്തെ “നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യം വച്ചുള്ള ഭയാനകമായ പ്രവൃത്തി” എന്നാണ് ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തി വിശേഷിപ്പിച്ചത്. ആക്രമണത്തെ അപലപിച്ച് അദ്ദേഹം അടിയന്തര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി (ബി എൽ എ) ഏറ്റെടുത്തിട്ടുണ്ട്. 2000 ല്‍ സ്ഥാപിതമായ ഈ സംഘടന ബലൂചിസ്ഥാനെ പാകിസ്താനില്‍ നിന്നും മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. 1973 മുതൽ 1977 വരെ സജീവമായിരുന്ന സ്വതന്ത്ര ബലുചിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ പുനഃരുജ്ജീവനമാണ് ബി എല്‍ എ എന്ന വിലയിരുത്തലുകളും ശക്തമാണ്.

ബലൂച് ജനതയ്ക്ക് സ്വയം നിർണ്ണയാവകാശം, ബലൂചിസ്ഥാനെ പാകിസ്ഥാനിൽ നിന്ന് മോചിപ്പിക്കു തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയർത്തി 2004 മുതല്‍ ബി എല്‍ എ സായുധ പോരാട്ടം ആരംഭിക്കുന്നത്.സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ നിരന്തരം ആക്രമണം നടത്തിയതിനെ തുടർന്ന് 2006 ഏപ്രിൽ 7 ന് ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയെ ഭീകര സംഘടനയായി പാകിസ്ഥാൻ പ്രഖ്യാപിച്ചു.