28 in Thiruvananthapuram

പ്രതിരോധ മന്ത്രി ഗാലന്റിനെ പുറത്താക്കി നെതന്യാഹു, ഗാസയില്‍ അഭിപ്രായഭിന്നത; പകരക്കാരന്‍ കട്‌സ് …

Posted by: TV Next November 6, 2024 No Comments

ജറൂസലേം: ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റിനെ പുറത്താക്കി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയിലെ യുദ്ധത്തില്‍ ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ പരസ്യമായിരുന്നു. ഇതേ തുടര്‍ന്നാണ് ഗാലന്റിനെ പുറത്താക്കിയത്. മുന്‍ നയതന്ത്രജ്ഞനായ ഇസ്രായേല്‍ കട്‌സിനെയാണ് പകരക്കാരനായി നിയമിച്ചത്.

ഗാലന്റിനെ പുറത്താക്കാനുള്ള നീക്കം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ഹിസ്ബുല്ലയുമായുള്ള ഇസ്രായേലിന്റെ യുദ്ധത്തില്‍ ഗാല്ലന്റ് തീവ്ര നിലപാടുകളാണ് അദ്ദേഹം സ്വീകരിച്ചത്. എന്നാല്‍ അടുത്തിടെ ഗാസയില്‍ വെടിനിര്‍ത്തലിനും ബന്ദികളെ വിട്ടയക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ആഹ്വാനം ചെയ്തിരുന്നു.

ഗാലന്റിന്റെ നിലപാടുകള്‍ പലപ്പോഴും നെതന്യാഹുവിന്റെ നിലപാടിന് എതിരായിരുന്നു. ഹമാസ് പൂര്‍ണമായും കീഴടങ്ങാതെ ഗാസയിലെ പോരാട്ടം അവസാനിക്കില്ലെന്നായിരുന്നു നെതന്യാഹുവിന്റെ നിലപാട്. ഹമാസിനെതിരെയുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ തിരിച്ചടികളില്‍ ഗാലന്റിനും നെതന്യാഹുവിനും ഒരേ അഭിപ്രായമായിരുന്നില്ല. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ ഗാലന്റിലുള്ള വിശ്വാസം ഇല്ലാതായി. ഈ സാഹചര്യത്തില്‍ പ്രതിരോധ മന്ത്രിയെ പുറത്താക്കുകയാണെന്നും നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.

കട്‌സിനെ പകരം പ്രതിരോധ മന്ത്രിയായി നിയമിച്ചുവെന്നും നെതന്യാഹു പറഞ്ഞു.  കട്‌സ് നേരത്തെ വിദേശ കാര്യ മന്ത്രിയായിരുന്നു. പുതിയ വിദേശകാര്യ മന്ത്രിയായി ജിഡിയോണ്‍ സാറിനെയും നിയമിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ സുരക്ഷയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദൗത്യമെന്ന് പുറത്താക്കലിന് ശേഷം ഗാലന്റ് പ്രതികരിച്ചു.

ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ ആക്രമണത്തില്‍ 1206 പേരാണ് ഇസ്രായേലില്‍ മരിച്ചത്. ഭൂരിഭാഗവും സാധാരണക്കാരായിരുന്നു. എന്നാല്‍ ഇസ്രായേലിന്റെ തിരിച്ചടിയില്‍ 43391 പേരാണ് ഗാസയില്‍ മരിച്ചത്.ഹിസ്ബുല്ല കഴിഞ്ഞ ദിവസം ഇസ്രായേലിനെ റോക്കറ്റ്-ഡ്രോണ്‍ ആക്രമണം നടത്തിയതായി അവകാശപ്പെട്ടിരുന്നു. ലെബനനോട് ചേര്‍ന്നുള്ള അതിര്‍ത്തിയിലുള്ള ഇസ്രായേല്‍ ട്രൂപ്പുകളെ ലക്ഷ്യമിട്ടുള്ള ആക്രമണം നടത്തിയതായും ഹിസ്ബുല്ല പറഞ്ഞു.

യുദ്ധത്തിലെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിലും, ബന്ദികളെ തിരികെയെത്തിക്കുന്നതുമാണ് പ്രധാന കാര്യമെന്ന് കട്‌സ് പ്രഖ്യാപിച്ചു. അതേസമയം ഗാലന്റിനെ പുറത്താക്കിയതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ടെല്‍ അവീവില്‍ നടന്നത്. ആയിരക്കണിന് പ്രതിഷേധക്കാര്‍ ടെല്‍ അവീവിലെ ഹൈവേ തടഞ്ഞു.

ജെറൂസലേമിലെ നെതന്യാഹുവിന്റെ വസതിക്ക് മുന്നിലും നൂറുകണക്കിന് പ്രതിഷേധക്കാരെത്തി. വിവിധയിടങ്ങളിലെ റോഡുകള്‍ ബ്ലോക് ചെയ്ത് ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുകയാണ് പ്രതിഷേധക്കാര്‍. കൃത്യമായ മാര്‍ഗരേഖയില്ലാതെയാണ് യുദ്ധം മുന്നോട്ട് പോകുന്നതെന്ന് ഗാലന്റ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഹമാസിനെ ഇല്ലാതാക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് നെതന്യാഹു പറഞ്ഞിരുന്നു. സൈന്യം ഗാസയില്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ നെതന്യാഹുവിന്റെ വലതുപക്ഷ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് രാഷ്ട്രീയ നേട്ടത്തിനാണെന്ന് വിമര്‍ശനമുണ്ട്.