ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തികളില്‍ ഒരാളാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായ മുകേഷ് അംബാനി. ലോകത്തെ തന്നെ ഏറ്റവും സമ്പന്നരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. ഫോബ്സിന്റെ തത്സമയ ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം മുകേഷ് അംബാനിയുടെ ആസ്തി 105.1 ബില്യണ്‍ ഡോളറാണ്. അതായത് ഏകദേശം 88,42,46,94,32,210 രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.
ഇപ്പോഴിതാ ഇക്കഴിഞ്ഞ ഉത്സവ സീസണില്‍ മറ്റാരേക്കാളും ലാഭം കൊയ്തത് മുകേഷ് അംബാനിയാണ് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഉത്സവ സീസണില്‍ ഓഹരി വിപണിയില്‍ 15,393.45 കോടി രൂപയുടെ വരുമാനമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് നേടിയത്. ഇതോടെ കമ്പനിയുടെ വിപണി മൂലധനം 18,12,120.05 കോടി രൂപയായി ഉയര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതുമാത്രമല്ല ഇതുവഴി ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയെന്ന പദവി ഉറപ്പിക്കാനും റിലയന്‍സ് ഇന്‍ഡസ്ട്രീസിന് സാധിച്ചു. കഴിഞ്ഞ വര്‍ഷത്തോടെ റിലയന്‍സ് ഗ്രൂപ്പിന്റെ പല പദവികളും മുകേഷ് അംബാനി തന്റെ മൂന്ന് മക്കള്‍ക്കുമായി വീതിച്ച് നല്‍കിയിരുന്നു. മൂത്ത മകന് ആകാശ് അംബാനി ആണ് ഇപ്പോള്‍ ജിയോയെ നയിക്കുന്നത്. ജിയോയ്ക്ക് ഏകദേശം 490 ദശലക്ഷം വരിക്കാരുടെ അടിത്തറയുണ്ട്.
2023 ജൂലൈയില്‍ ഓഹരി വിപണിയില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആരംഭിച്ചിരുന്നു. എന്നിരുന്നാലും അടുത്തിടെ ജിയോയ്ക്കും മറ്റ് ടെലികോം ദാതാക്കളായ എയര്‍ടെല്ലിനും വോഡഫോണ്‍ ഐഡിയയ്ക്കും സമീപകാല താരിഫ് വര്‍ധന കാരണം ലക്ഷക്കണക്കിന് ഉപഭോക്താക്കളെ നഷ്ടപ്പെട്ടിരുന്നു. കൂടുതല്‍ താങ്ങാനാവുന്ന മൊബൈല്‍ പ്ലാനുകള്‍ കാരണം നിരവധി ഉപഭോക്താക്കള്‍ ബി എസ് എന്‍ എല്ലിലേക്ക് മാറിയിരുന്നു.
എന്നാല്‍ ഈ വെല്ലുവിളികള്‍ ഏറ്റെടുത്ത് ഉപഭോക്തൃ അടിത്തറ തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ട് പുതിയ പ്ലാനുകള്‍ അവതരിപ്പിച്ച് തിരിച്ചുവരവിനൊരുങ്ങുകയാണ് ജിയോ. അതേസമയം മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയാണ് റീട്ടെയില്‍, സാമ്പത്തിക സേവന വിഭാഗങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത്. ഇളയ മകന് അനന്ത് അംബാനി ഊര്‍ജമേഖലയുടെ നേതൃത്വമാണ് ഏറ്റെടുത്തിരിക്കുന്നത്.
അടുത്ത വര്‍ഷം ജിയോ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ് റിലയന്‍സ് ഗ്രൂപ്പ്. കമ്പനി അതിന്റെ റീട്ടെയില്‍ യൂണിറ്റിന്റെ ഐപിഒ സമാരംഭിക്കാന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. റിലയന്‍സ് ജിയോയും റിലയന്‍സ് റീട്ടെയിലും അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ലിസ്റ്റിംഗിലേക്ക് നീങ്ങുമെന്ന് 2019 ല്‍ തന്നെ മുകേഷ് അംബാനി വ്യക്തമാക്കിയിരുന്നതാണ്.
2025 ല്‍ റിലയന്‍സ് ജിയോ ഐപിഒ അവതരിപ്പിക്കാനുള്ള പദ്ധതികള്‍ റിലയന്‍സ് ഉറപ്പിച്ചിട്ടുണ്ട്. ഹ്യൂണ്ടായ് ഇന്ത്യയുടെ 3.3 ബില്യണ്‍ യുഎസ് ഡോളറിന്റെ ഐപിഒ റെക്കോര്‍ഡ് മറികടക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത് എന്നാണ് വിവരം. നിലവില്‍ രാജ്യത്തെ എക്കാലത്തെയും വലിയ ഐപിഒ ആണിത്.