ന്യൂയോർക്ക്: എല്ലാവരും ഒന്നാകെ കാത്തിരിക്കുന്ന യുഎസ് തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. നവംബർ അഞ്ചിനാണ് രാജ്യത്തെ വോട്ടെടുപ്പ് നടക്കുന്നത്. മുൻ പ്രസിഡന്റും ഗ്രാൻഡ് ഓൾഡ് പാർട്ടി അഥവാ റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ ഡൊണാൾഡ് ട്രംപും ഇന്ത്യൻ വംശജ കൂടിയായ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി വൈസ് പ്രസിഡന്റ് കമല ഹാരിസും തമ്മിലുള്ള പോരാട്ടത്തിനാണ് യുഎസ് സാക്ഷ്യം വഹിക്കുന്നത്.
മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞൊരു തിരഞ്ഞെടുപ്പാണ് യുഎസിലേത്. പ്രധാനമായും ഈ തിരഞ്ഞെടുപ്പിന്റെ രീതി തന്നെയാണ് അതിനെ വ്യത്യസ്‌തമാക്കുന്നത്. ഇലക്ട്രൽ കോളേജ് സംവിധാനവും മുൻകൂറായി വോട്ട് ചെയ്യാനുള്ള സൗകര്യവും ഒക്കെ ഇതിൽ ചിലത് മാത്രമാണ്.
നിലവിൽ വോട്ടെടുപ്പ് നടക്കുന്ന നവംബർ 5ന് മുൻപ് തന്നെ നാല് കോടിയോളം വരുന്ന യുഎസ് വോട്ടർമാർ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു കഴിഞ്ഞുവെന്നതാണ് പ്രത്യേകത. എന്നാൽ നാളെ നടക്കാനിരിക്കുന്ന വോട്ടിംഗ് തന്നെയാണ് ഏറ്റവും പ്രധാനം. ഇന്ത്യയിൽ എപ്പോഴാണ് ഫലമറിയുക, നമുക്ക് ഒന്ന് പരിശോധിക്കാം.
നവംബർ അഞ്ചിനാണ് (ചൊവ്വാഴ്‌ച) യുഎസിൽ വോട്ടെടുപ്പ് നടക്കുന്നത്. പ്രാദേശിക സമയം രാവിലെ 6 മണി മുതൽ വിവിധ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് ആരംഭിക്കും. എന്ന് വച്ചാൽ ഇന്ത്യൻ സമയം ചൊവ്വാഴ്‌ച രാത്രിയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. പ്രാദേശിക സമയം രാത്രി എട്ട് മണിയോടെ ആയിരിക്കും വോട്ടിംഗ് അവസാനിപ്പിക്കുക. ഇത് ഇന്ത്യയിൽ ബുധനാഴ്‌ച പുലർച്ചെ ആയിരിക്കും. സാധാരണഗതിയിൽ വോട്ടെടുപ്പ് ദിവസം രാത്രി തന്നെ വിജയിയെ കുറിച്ചുള്ള സൂചന യുഎസ് മാധ്യമങ്ങൾ പുറത്തുവിടാറുണ്ട്, എന്ന് വച്ചാൽ ഇന്ത്യയിൽ ബുധനാഴ്‌ച രാവിലെയോടെ ഫലങ്ങൾ അറിവായി തുടങ്ങുമെന്ന് സാരം. എന്നാൽ നവംബർ ആറ് ബുധനാഴ്‌ച രാത്രിയോടെ ആയിരിക്കും ഇന്ത്യയിൽ ഫലം ഔദ്യോഗികമായി അറിയുക.
ഇന്ത്യൻ സമയം ബുധനാഴ്‌ച പുലർച്ചെ രണ്ടരയോടെ എക്‌സിറ്റ് പോൾ ഫലങ്ങൾ ലഭ്യമായി തുടങ്ങും എന്നതാണ് മറ്റൊരു പ്രത്യേകത. നിലവിൽ യുഎസ് തിരഞ്ഞെടുപ്പിൽ 270 വോട്ടുകളോ അതിൽ കൂടുതലോ നേടുന്ന സ്ഥാനാർത്ഥിയാകും വിജയി. എന്നാൽ ജയിച്ചാലും സ്ഥാനം ഏറ്റെടുക്കുന്നതിന് 2025 ജനുവരി 20 വരെ കാത്തിരിക്കേണ്ടി വരും.
2025 ജനുവരി 6ന് നടക്കുന്ന കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിലാണ് രാജ്യത്തെ ഇലക്ട്രറൽ വോട്ടുകളുടെ എണ്ണലും തിരഞ്ഞെടുപ്പ് വിജയിയുടെ സർട്ടിഫിക്കേഷനും ഉൾപ്പെടെ നടക്കുക. ഈ നടപടി ക്രമങ്ങൾക്ക് സിറ്റിങ് വൈസ് പ്രസിഡന്റ് എന്ന നിലയിൽ കമല ഹാരിസാവും അധ്യക്ഷത വഹിക്കുക. ഇത് ഔദ്യോഗികമായി നടത്തുന്ന ചടങ്ങ് മാത്രമാവും, ഇതിനകം തന്നെ വിജയി ആരെന്ന കാര്യത്തിൽ കൃത്യമായ ധാരണ വന്നിട്ടുണ്ടാകും.
നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ വിവിധ കാരണങ്ങളാൽ സ്ഥാനാർത്ഥിത്വത്തിൽ പിന്മാറിയതിന് പിന്നാലെയാണ് കമല ഹാരിസ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ജയിച്ചാൽ അമേരിക്കയിലെ ആദ്യ വനിതാ പ്രസിഡന്റ് എന്ന നേട്ടമാണ് അവരെ കാത്തിരിക്കുന്നത്. മറുവശത്ത് മുൻ പ്രസിഡന്റ് കൂടിയായ ഡൊണാൾഡ് ട്രംപിന് ഇത് തുടർച്ചയായ മൂന്നാം മത്സരമാണ്. നിലവിൽ ഇരുവരും ഒപ്പത്തിനൊപ്പമാണെന്നാണ് സർവേ ഫലങ്ങൾ നൽകുന്ന വിവരം.