സ്വപ്‌നങ്ങള്‍ക്ക് മേല്‍ തീ കോരിയിട്ട് സ്വര്‍ണവില കുതിച്ചുയരുന്നു. ധന്‍തേരസ് ദിവസമായ ഇന്ന് സര്‍വകാല റെക്കോഡിലേക്കാണ് സ്വര്‍ണം നടന്ന് കയറിയിരിക്കുന്നത്. ഒക്ടോബര്‍ മാസത്തില്‍ ഇതുവരെ കണ്ട വിലയിലെ കുതിച്ചുചാട്ടം തന്നെയാണ് ഇന്നും ദൃശ്യമായത്. ഇത് എട്ടാം തവണയാണ് സ്വര്‍ണവില ഈ മാസം സര്‍വകാല റെക്കോഡ് തിരുത്തുന്നത്.
വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ ആഭരണാവശ്യങ്ങള്‍ക്കായി സ്വര്‍ണം എടുക്കുന്ന സമയമാണിത്. മാത്രമല്ല ധന്‍തേരസ്, ദീപാവലി എന്നിവ കണക്കിലെടുത്തും ആളുകള്‍ സ്വര്‍ണം വാങ്ങിക്കാറുണ്ട്. സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിച്ച് നില്‍ക്കുന്ന സമയമാണിത്. ഇപ്പോഴത്തെ വില വര്‍ധനവ് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് താങ്ങാനാകാത്തതാണ്.
ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം പൊന്ന് വാങ്ങാന്‍ ഇന്ന് കൊടുക്കേണ്ട വില 7375 ആണ്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഗ്രാം സ്വര്‍ണം ഈ വിലയില്‍ എത്തുന്നത്. ഒരു പവന്‍ സ്വര്‍ണത്തിനും അതിന് ആനുപാതികമായി വില വര്‍ധിച്ചിട്ടുണ്ട്. എട്ട് ഗ്രാം സ്വര്‍ണത്തെയാണ് ഒരു പവനായി കണക്കാക്കുന്നത്. ഇത് പ്രകാരം ഒരു പവന് 480 രൂപയാണ് ഇന്ന് മാത്രം കൂടിയത്.
ചരിത്രത്തില്‍ ആദ്യമായി പവന് 59000 രൂപ എന്ന വിലയിലേക്ക് സ്വര്‍ണം എത്തി. ആഭരണാവശ്യമായി സ്വര്‍ണം വാങ്ങുമ്പോള്‍ ജി എസ് ടിക്കും ഹാള്‍മാര്‍ക്കിംഗ് നിരക്കിനും പുറമെ പണിക്കൂലി കൊടുക്കേണ്ടി വരും. ഇത് പ്രകാരം ഇന്നത്തെ വിലയ്ക്ക് ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാന്‍ 65000 രൂപയ്ക്ക് മുകളില്‍ കൊടുക്കേണ്ടി വരും.
സ്വര്‍ണവിലയില്‍ വലിയൊരു ഇടിവൊന്നും ഇനി പ്രതീക്ഷിക്കേണ്ട എന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. പത്താം തിയതി രേഖപ്പെടുത്തിയ പവന് 56200 എന്നതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. ഒന്നാം തിയതി 56400 ആയിരുന്നു പവന്‍ വില. ഇതാണ് ഒരു മാസം പൂര്‍ത്തിയാകും മുന്‍പ് 2800 രൂപ വര്‍ധിച്ച് 59000 ത്തില്‍ എത്തിയിരിക്കുന്നത്.
സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ജ്വല്ലറികളിലെ അഡ്വാന്‍സ് ബുക്കിംഗ് പ്രകാരം വാങ്ങുന്നതായിരിക്കും നല്ലത്. ഇത് പ്രകാരം ബുക്ക് ചെയ്യുന്ന വിലയ്ക്ക് സ്വര്‍ണം വാങ്ങിക്കാം. പിന്നീട് വില കൂടിയാലും ബുക്ക് ചെയ്ത വിലയില്‍ സ്വര്‍ണം വാങ്ങിക്കാന്‍ സാധിക്കും. ഇനി ബുക്കിംഗിലെ വിലയേക്കാള്‍ സ്വര്‍ണ വില ഇടിഞ്ഞാല്‍ കുറഞ്ഞ വിലയ്ക്കും സ്വര്‍ണം വാങ്ങാന്‍ ഉപഭോക്താക്കളെ പ്രാപ്തമാക്കുന്ന രീതിയാണ് ഇത്.