31 in Thiruvananthapuram

നീലേശ്വരം അഞ്ഞൂറ്റമ്പലം പടക്കശാലയ്ക്ക് തീപിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

Posted by: TV Next October 29, 2024 No Comments

കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവിലെ കളിയാട്ടത്തിനിടെ പടക്കശാലയ്ക്ക് തീപിടിച്ച് അപകടം. തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ 150 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പൊള്ളലേറ്റും തിക്കിലും തിരക്കിലും പെട്ടാണ് പലര്‍ക്കും പരിക്കേറ്റത്. പൊള്ളലേറ്റ എട്ട് പേരുടെ നില ഗുരുതരമാണ് . അതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ് എന്ന് ജില്ല കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു.

80 ശതമാനം പൊള്ളലേറ്റ സന്ദീപ് എന്നയാളെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ മറ്റ് മൂന്ന് പേരെ കൂടി പരിയാരത്തേക്ക് എത്തിച്ചിട്ടുണ്ട്. പ്രകാശന്‍, മകന്‍ അദ്വൈത്, ലതീഷ് എന്നിവരെയാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടം നടന്നയുടനെ കാസര്‍ക്കോട്ടെ എല്ലാ ആംബുലന്‍സുകളോടും ജില്ലാ ആശുപത്രിയിലും സംഭവസ്ഥലത്തുമായി എത്തിച്ചേരാന്‍ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.

കലക്ടറും ജില്ലാ പൊലീസ് മേധാവിയും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പരിക്കേറ്റവര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, നീലേശ്വരം താലൂക്ക് ആശുപത്രി, സഞ്ജീവനി ആശുപത്രി, ഐശാല്‍ ആശുപത്രി, പരിയാരം മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ മിംസ്, കോഴിക്കോട് മിംസ്, അരിമല ആശുപത്രി, കെഎഎച്ച് ചെറുവത്തൂര്‍, മണ്‍സൂര്‍ ആശുപത്രി, ദീപ ആശുപത്രി, മാംഗ്ലൂര്‍ എംജെ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ക്ഷേത്രത്തിലെ തെയ്യം കെട്ട് മഹോത്സവത്തിനിടെയായിരുന്നു അപകടം. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയായിരുന്നു സംഭവം. പടക്കം പൊട്ടിച്ചതിന്റെ തീപ്പൊരി പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് വീണതാണ് അപകട കാരണം എന്നാണ് വിവരം. അതേസമയം പടക്കങ്ങള്‍ സൂക്ഷിച്ചത് അനുമതിയില്ലാതെയാണെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു.

മിനിമം അകലം പാലിക്കാതെയാണ് പടക്കം പൊട്ടിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേത്രമതിലിനോട് ചേര്‍ന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിനുസമീപം തെയ്യം കാണാന്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ കൂടിനിന്നിരുന്നു. ആകെ 1500 ലധികം പേര്‍ തെയ്യംകെട്ട് മഹോത്സവത്തിന് എത്തിയിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഓലപടക്കങ്ങളും മറ്റു പടക്കങ്ങളും ബോക്‌സുകളിലായി സൂക്ഷിച്ചുവെച്ചിരുന്നു. ക്ഷേത്രത്തിന് സമീപമുള്ള കലവറയിലാണ് ഇത് സൂക്ഷിച്ചിരുന്നത് എന്നും ഇതിലേക്ക് തീപ്പൊരി വീണതോടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. ഉത്തര മലബാറില്‍ കളിയാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന കാവുകളിലൊന്നാണ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ്.