30 in Thiruvananthapuram
TV Next News > News > Kerala > വയനാട് പുനരധിവാസം: മോദി എടുത്ത കുട്ടികളെ ഡല്‍ഹിയിലെത്തിച്ച് പ്രതിഷേധിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി

വയനാട് പുനരധിവാസം: മോദി എടുത്ത കുട്ടികളെ ഡല്‍ഹിയിലെത്തിച്ച് പ്രതിഷേധിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി

2 weeks ago
TV Next
30

കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസ നടപടികള്‍ എങ്ങുമെത്താത്തതില്‍ സമരത്തിനൊരുങ്ങി ആക്ഷന്‍ കമ്മിറ്റി. പുനരധിവാസ നടപടിയില്‍ നിന്ന് പലരെയും ഒഴിവാക്കാന്‍ ശ്രമം നടക്കുന്നതായും ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. പ്രധാനമന്ത്രി സന്ദര്‍ശിച്ചതൊഴിച്ചാല്‍ ദുരന്തബാധിത മേഖലയില്‍ ഉള്ളവര്‍ക്ക് ധനസഹായം അടക്കം പ്രഖ്യാപിക്കാത്തതിനെതിരെയും പ്രതിഷേധമുയര്‍ത്തും. പ്രധാനമന്ത്രി ചേര്‍ത്തുപിടിച്ച കുട്ടികലെ ഡല്‍ഹിയിലെത്തിച്ച് പ്രതിഷേധിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.

പലരും സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ആക്ഷന്‍ കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു. എസ്റ്റേറ്റുകള്‍ കേസിന് പോയിരിക്കുകയാണ്. നീണ്ട കാലം നിയമനടപടികള്‍ക്ക് പിന്നാലെ പോകേണ്ടി വരുമോ എന്ന ഭയമാണ് ഉള്ളതെന്നും ആക്ഷന്‍ കമ്മിറ്റി പറഞ്ഞു.

പ്രധാനമന്ത്രി വയനാട്ടില്‍ എത്തിയപ്പോള്‍ സഹായിക്കുമെന്നാണ് ഉറപ്പുനല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ കണക്കുകള്‍ നല്‍കിയിട്ടില്ലെന്ന് കേന്ദ്രം പറയുന്നു. ഇരുസര്‍ക്കാരുകളും പരസ്പരം പഴിചാരുക മാത്രമാണ് ചെയ്യുന്നത്. പാവപ്പെട്ടവര്‍ ഇതൊന്നും അറിയുന്നില്ല. അവര്‍ക്ക് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ഒരുമിച്ച് നിന്ന് സഹായം ചെയ്യുകയാണ് വേണ്ടത്. പ്രധാനമന്ത്രി എടുത്ത കുട്ടികളുമായി തന്നെ ഡല്‍ഹിയിലെത്തി സമരം ചെയ്യുമെന്നും ആക്ഷന്‍ കമ്മിറ്റി പറഞ്ഞു. ദുരന്തം നടന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും പുനരധിവാസ നടപടികള്‍ ഇഴയുന്നു.

ടൗണ്‍ഷിപ്പിനായി സര്‍ക്കാര്‍ കണ്ടെത്തിയ എല്‍സ്റ്റണ്‍ എസ്റ്റേറ്റും, ഹാരിസന്‍ മലയാളം എസ്റ്റേറ്റും കോടതിയെ സമീപിച്ചതോടെ നിയമപ്രശ്‌നങ്ങളിലേക്ക് നീങ്ങുമെന്ന് ഉറപ്പായി. ഇത് പുനരധിവാസ നടപടികളെ ബാധിക്കുമെന്നും ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. ദുരന്തം പ്രത്യക്ഷമായും പരോക്ഷമായും ബാധിച്ചവര്‍ക്ക് ഒരുപോലെ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇനിയും കണ്ടെത്താനുള്ള 47 പേര്‍ക്കായി തിരച്ചില്‍ നടത്തുകയോ അല്ലെങ്കില്‍ കുടുംബങ്ങള്‍ക്ക് മരണം സ്ഥിരീകരിച്ചത് സംബന്ധിച്ച രേഖ നല്‍കുകയോ ചെയ്യണം. ഈ വിധം 11 ആവശ്യങ്ങളാണ് ആക്ഷന്‍ കമ്മിറ്റി ഉന്നയിക്കുന്നത്.

ദുരന്ത ബാധിത മേഖലയായ 10, 11, 12 വാര്‍ഡുകളിലെ ആളുകളുടെ കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളാനുള്ള നടപടികള്‍ വേഗത്തിലാക്കണം. അല്ലാത്തപക്ഷം ഒരാഴ്ച്ചയ്ക്കുള്ളില്‍ സമരത്തിലേക്ക് കടക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

Leave a Reply