ന്യൂഡൽഹി: കഴിഞ്ഞ 48 മണിക്കൂറിനിടെ 12 വിമാന സർവീസുകൾക്ക് നേരെയാണ് ഇത്തരത്തിൽ അജ്ഞാതരുടെ ബോംബ് ഭീഷണി സന്ദേശം വന്നത്.രാജ്യത്തെ വ്യോമയാന മേഖലയെ ഒന്നാകെ പ്രതിസന്ധിയിലാക്കി വ്യാജ ബോംബ് ഭീഷണി പരമ്പര തുടരുന്നു ഏറ്റവും ഒടുവിൽ ആകാശ എയർ, ഇൻഡിഗോ വിമാനങ്ങളെയാണ് വ്യാജ ബോംബ് ഭീഷണി ബാധിച്ചത്.
ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയർ, മുംബൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം എന്നിവയ്ക്ക് നേരെയാണ് ഇന്ന് ബോംബ് ഭീഷണി ഉയർന്നത്. തുടർന്ന് ഡൽഹിയിലും അഹമ്മദാബാദിലുമായി ഇരുവിമാനങ്ങളും അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു. വ്യാജ ബോംബ് ഭീഷണികളെ തുടർന്ന് പ്രതിസന്ധിയിൽ ആയിരിക്കുകയാണ് ഇന്ത്യൻ വ്യോമയാന മേഖല.
മൂന്ന് കുട്ടികൾ ഉൾപ്പെടെ ആകെ 17 യാത്രക്കാരാണ് ആകാശ എയർ വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഏഴ് ക്യാബിൻ ക്രൂവും ഉൾപ്പെടുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പത്തിലധികം വിമാന സർവീസുകൾക്ക് തുടർച്ചയായി ഭീഷണി സന്ദേശം എത്തിയതിന്റെ ഞെട്ടലിലാണ് അധികൃതർ. ഇത് വ്യോമഗതാഗത്തെയാകെ താറുമാറാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
തിങ്കളാഴ്‌ച മുതൽ ആരംഭിച്ചതാണ് ഈ വ്യാജ ബോംബ് ഭീഷണി സന്ദേശ പരമ്പര. അന്ന് രണ്ട് വിമാന സർവീസുകളെയാണ് അത് ബാധിച്ചത്. പിന്നീട് തുടർച്ചയായ ഇടവേളകളിൽ വിവിധ കമ്പനികളുടെ വിമാനങ്ങൾക്ക് ബോംബ് ഭീഷണി വരികയായിരുന്നു. ആരാണ് ഇതിന് പിന്നിലെന്നതിന്റെ അന്വേഷണത്തിലാണ് ബന്ധപ്പെട്ട ഏജൻസികൾ.
ഡൽഹി-ഷിക്കാഗോ എയർ ഇന്ത്യ വിമാനം, ജയ്‌പൂർ-ബെംഗളൂരു എയർ ഇന്ത്യ എക്‌സ്പ്രസ്, ദമാം-ലഖ്‌നൗ ഇൻഡിഗോ വിമാനം എന്നിങ്ങനെ ആഭ്യന്തര, അന്താരാഷ്ട്ര വ്യത്യാസമില്ലാതെ സർവീസുകൾക്ക് ഭീഷണി സന്ദേശം ഉയർന്നു . സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഭീഷണി സന്ദേശം കൂടുതലായും വരുന്നത്.
ഇന്ത്യ-കാനഡ നയതന്ത്രം ബന്ധം വഷളായതിന് പിന്നാലെയാണ് ഈ വ്യാജ ബോംബ് ഭീഷണി എന്നതാണ് പലരും ചൂണ്ടിക്കാണിക്കുന്ന കാര്യം. മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇത്തരത്തിൽ അതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ കഴിയാത്തതാണ് വലിയ തിരിച്ചടിയാവുന്നത്. അതുകൊണ്ട് ഭീഷണി ഇനിയും തുടരുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ഇതുവരെ വന്ന സന്ദേശങ്ങൾ എല്ലാം തന്നെ വ്യാജ ഭീഷണിയായിരുന്നു എന്നാണ് പരിശോധനയിൽ കണ്ടെത്താനായത്. ഇനിയും സമാനമായി ബോംബ് ഭീഷണി ഉണ്ടായാൽ അത് സർവീസുകളെ ബാധിക്കുമെന്നതാണ് കാര്യം. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം അടിയന്തര യോഗം വിളിച്ചുചേർത്തിട്ടുണ്ട്.