27 in Thiruvananthapuram

മില്‍ട്ടണ്‍ വരുന്നു; ഫ്ലോറിഡ കനത്ത ഭീതിയില്‍, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

2 weeks ago
TV Next
18

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയെ ഭീതിയിലാഴ്ത്തി മില്‍ട്ടണ്‍ ചുഴലിക്കാറ്റ്. കാറ്റഗറി 5 ല്‍ ഉള്‍പ്പെടുത്തിയ ചുഴലിക്കാറ്റ് പ്രാദേശിക സമയം ബുധാനാഴ്ച രാത്രിയോടെ തീരം തൊട്ടേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ചുഴലിക്കാറ്റിനെ നേരിടാനായി വലിയ മുന്നൊരുക്കങ്ങള്‍ ഫ്ലോറിഡയിലെ തീരപ്രദേശങ്ങളില്‍ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ആയിരക്കണക്കിന് ആളുകളെയാണ് ഫ്ലോറിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴിപ്പിച്ചിരിക്കുന്നത്.

മേഖലയില്‍ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഏകദേശം പത്ത് ലക്ഷത്തില്‍ അധികം ആളുകളോട് മാറിത്താമസിക്കാന്‍ ഫ്ലോറിഡയിലെ ഭരണകൂടം അറിയിച്ചു. അതേസമയം നിലവിലേത് ജീവന്‍മരണ പോരാട്ടമാണെന്നാണ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയത്.

മുന്നൊരുക്കങ്ങളുടെ ഭാഗമായി ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ചുഴലിക്കാറ്റ് മെക്സിക്കോ ഉൾക്കടലിനു കുറുകെ ഫ്ലോറിഡ പെനിൻസുലയിലേക്ക് നീങ്ങിയെന്നാണ് റിപ്പോർട്ട്. മിൽട്ടണിൻ്റെ കൊടുങ്കാറ്റ് ഫ്ലോറിഡയുടെ പടിഞ്ഞാറൻ തീരത്ത് “അങ്ങേയറ്റം ജീവൻ അപകടപ്പെടുത്തുന്ന സാഹചര്യം” സൃഷ്ടിക്കുന്നുവെന്നാണ് നാഷണൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചത്.

 

മേഖലയില്‍ ഉടനീളം കാറ്റും കനത്ത പേമാരിയും ഉണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. ചുഴലിക്കാറ്റ് മുന്നറിയിപ്പില്‍ ഫ്ലോറിഡ മുഴുവന്‍ റെഡ്, ഓറഞ്ച് അലർട്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച രാത്രി കരയിലേക്ക് കടക്കുന്നതിന് മുമ്പ് കൊടുങ്കാറ്റ് ദുർബലമാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, “പടിഞ്ഞാറൻ-മധ്യ ഫ്ലോറിഡയിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വിനാശകരമായ ചുഴലിക്കാറ്റുകളിൽ ഒന്നാകാൻ മിൽട്ടണിന് സാധ്യതയുണ്ട്,” എന്നാണ് ദേശീയ ചുഴലിക്കാറ്റ് കേന്ദ്രത്തിലെ സ്പെഷ്യലിസ്റ്റ് ജോൺ കാംഗിയലോസിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നത്.

 

ഫ്ലോറിഡയിലെ 22 ദശലക്ഷത്തിലധികം നിവാസികളിൽ 20 ദശലക്ഷത്തിലധികം പേരും ചുഴലിക്കാറ്റ് കൊടുങ്കാറ്റ് മുന്നറിയിപ്പിന് കീഴിലാണെന്നാണ് റിപ്പോർട്ട്. 2005 ലെ റീത്ത ചുഴലിക്കൊടുക്കാറ്റിന് ശേഷമുള്ള ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും മില്‍ട്ടണെന്നാണ് പ്രവചിക്കപ്പെടുന്നത്. ഫ്ലോറിഡയിലെ പ്രധാന എയർപോർട്ടുകളായ ടാമ്പ, ക്ലിയർവാർട്ടർ വിമാനത്താവളങ്ങളും അടച്ചിടാന്‍ ഉത്തരവിട്ടിട്ടുണ്ട്. കനത്ത നാശം വിതച്ച ഹെലീന്‍ ചുഴലിക്കാറ്റിന് പിന്നാലെയാണ് മില്‍ട്ടണും എത്തുന്നത്. ഹെലീന്‍ ചുഴലിക്കാറ്റില്‍ വിവിധ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിലായി 160 ലധികം പേരാണ് മരണപ്പെട്ടത്. ഹെലീന ചുഴലിക്കൊടുക്കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത് നോർത്ത് കരോലിന സംസ്ഥാനത്തായിരുന്നു. ഇവിടെ മാത്രം 73 പേർ മരണപ്പെട്ടു.

Leave a Reply