ശ്രീനഗർ: ജമ്മു കാശ്മീരിൽ എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെച്ച് നാഷ്ണൽ കോൺഫറൻസ്-കോൺഗ്രസ് മുന്നേറ്റം. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ബിജെപിയെക്കാൾ ഇരട്ടി സീറ്റിൽ മുന്നേറാൻ ഇന്ത്യ സഖ്യത്തിന് സാധിച്ചിട്ടുണ്ട്. കാശ്മീരിലാണ് ഇന്ത്യ സഖ്യം മുന്നേറുന്നത്. ജമ്മുവിലാണ് ബിജെപിക്ക് നിലവിൽ മുൻതൂക്കം. വൈകാതെ ബാലറ്റ് വോട്ടുകൾ എണ്ണിത്തുടങ്ങും.
ജമ്മു കാശ്മീരിൽ 10 വർഷങ്ങൾക്ക് ശേഷമാണ് നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്തിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായതിനാൽ തന്നെ ബി ജെ പിയെ സംബന്ധിച്ച് ജമ്മുകാശ്മീരിലേത് ജീവൻമരണ പോരാട്ടമാണ്. ആകെ 90 സീറ്റുകളാണ് സംസ്ഥാനത്ത് ഉള്ളത്. ജമ്മുവിൽ 43 സീറ്റുകളും കാശ്മീരിൽ 46 സീറ്റുകളും. 46 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. സംസ്ഥാനത്ത് കേവല ഭൂരിപക്ഷം മറികടക്കാൻ നാഷ്ണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യത്തിന് സാധിക്കുമെന്നായിരുന്നു എക്സിറ്റ് പോള് ഫലങ്ങൾ വ്യക്തമാക്കിയത്. എന്നാൽ മാന്ത്രിക സംഖ്യ തൊട്ടാലും ഇന്ത്യ സഖ്യത്തിന് അധികാരം നേടാൻ സാധിക്കുമോയെന്നാണ് പ്രധാനമായും ഉറ്റുനോക്കപ്പെടുന്നത്.
സംസ്ഥാനത്ത് ലെഫ്റ്റനന്റ് ഗവർണർക്ക് അഞ്ച് പേരെ നാമനിർദ്ദേശം ചെയ്യാൻ അധികാരം ഉണ്ട്. രണ്ട് സ്ത്രീകൾ, രണ്ട് കശ്മീരി പണ്ഡിറ്റുകൾ, പാക് അധീന കശ്മീരിൽ നിന്ന് നാടുകടത്തപ്പെട്ട ഒരാൾ എന്നിങ്ങനെയാണ് നാമനിർദ്ദേശം ചെയ്യേണ്ടത്. നേരത്തേ ഡിലിമിറ്റേഷൻ കമ്മീഷൻ സംസ്ഥാനത്തെ മണ്ഡലങ്ങളുടെ എണ്ണം വർധിപ്പിച്ചതിന് പിന്നാലെയാണ് ഇത്തരമൊരു അധികാരം ഗവർണർക്ക് നൽകിയത്. എന്നാൽ ബി ജെ പിയെ സഹായിക്കാൻ ലക്ഷ്യം വെച്ചുള്ളതാണ് നീക്കം എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ജനവിധിയെ മറികടക്കുന്നതാണ് നിയമമെന്നും അത്തരത്തിൽ ബി ജെ പിക്ക് ജയിക്കാൻ സാഹചര്യം ഒരുങ്ങിയാൽ നിയമപരമായി നേരിടുമെന്നാണ് നാഷ്ണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യവും പി ഡി പിയും വ്യക്തമാക്കുന്നത്
ജമ്മു കാശ്മീരിൽ ഇതുവരെ ബി ജെ പിക്ക് തനിച്ച് ഭരിക്കാൻ സാധിച്ചിട്ടില്ല. 2014 ൽ പി ഡി പിയുടെ പിന്തുണയോടെയായിരുന്നു സർക്കാർ അധികാരത്തിലേറിയത്. അതിന് എന്നാൽ 2019 ൽ ബി ജെ പി പിന്തുണ പിൻവലിച്ചു. ഇതോടെ സർക്കാർ നിലംപതിച്ചു. ഇക്കുറി സംസ്ഥാനത്ത് തനിച്ചാണ് ബി ജെ പിയും പിഡിപിയും പോരാടുന്നത്. ജമ്മുവിൽ മുഴുവൻ സീറ്റിലും കാശ്മീരിൽ 19 സീറ്റിലും മാത്രമാണ് ബി ജെ പി മത്സരിച്ചത്. ജമ്മുവിൽ പരമാവധി സീറ്റ് നേടി കാശ്മീരിൽ സ്വതന്ത്രരുടേയും ചെറുപാർട്ടികളുടേയും പിന്തുണയോടെ ഭരണം പിടിക്കാമെന്നാണ് ബി ജെ പി കണക്ക് കൂട്ടുന്നത്.