26 in Thiruvananthapuram
TV Next News > News > Kerala > Local > വിഷമമുണ്ടായെങ്കില്‍ മാപ്പ്… വിവാദങ്ങള്‍ അവസാനിപ്പിക്കണം; അര്‍ജുന്റെ കുടുംബത്തോട് മനാഫ്

വിഷമമുണ്ടായെങ്കില്‍ മാപ്പ്… വിവാദങ്ങള്‍ അവസാനിപ്പിക്കണം; അര്‍ജുന്റെ കുടുംബത്തോട് മനാഫ്

Posted by: TV Next October 3, 2024 No Comments

കോഴിക്കോട്: അര്‍ജുന്‍ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ പ്രതികരണവുമായി മനാഫിന്റെ കുടുംബം. അര്‍ജുന് സംഭവിച്ച ദുരന്തം വൈകാരികമായി ചൂഷണം ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ല. അതിനെ കുറിച്ച് ആര്‍ക്ക് വേണമെങ്കിലും അന്വേഷിക്കാം. അര്‍ജുന്റെ കുടുംബത്തിന് വിഷമമുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നും മനാഫ് പറഞ്ഞു


ഇന്നത്തോടെ വിവാദം അവസാനിപ്പിക്കണം എന്നും ആരേയും ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. യൂട്യൂബ് ചാനലിന്റെ മോണിറ്റൈസേഷന്‍ ഓണാക്കിയിട്ടില്ല. ചാനലിലെ അര്‍ജുന്റെ ചിത്രം മാറ്റി. മുക്കത്തെ സ്വീകരണത്തില്‍ ഒരു തുക തനിക്ക് വാഗ്ദാനം ചെയ്തിരുന്നു. അത് അര്‍ജുന്റെ മകന് നല്‍കാം എന്നാണ് കരുതിയത്. സംഘാടകരോട് അത് പറഞ്ഞപ്പോള്‍ അത് നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യാം എന്നായിരുന്നു മറുപടി.

 

മകന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ അതിലേക്ക് പണമിടാം എന്ന് പറഞ്ഞിരുന്നു. അതാണ് ഞാന്‍ ചെയ്ത തെറ്റ്. ഇപ്പോഴത്തെ ബഹളങ്ങളൊക്കെ കഴിഞ്ഞ് എല്ലാവരും പോകും. അപ്പോഴും എന്തെങ്കിലും മകന് ലഭിക്കണം എന്നേ കരുതിയുള്ളൂ. ഇന്ന് മുക്കത്തെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ആ കാശ് ഞാന്‍ വാങ്ങിയിട്ടില്ല- മനാഫ് വ്യക്തമാക്കി.

 

വൈകാരികമായി കാര്യങ്ങളെ സമീപിക്കുന്ന ആളാണ് താന്‍ എന്നും അത് മോശമായിപ്പോയെങ്കില്‍ മാപ്പ് ചോദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. പരസ്പരം ചെളി വാരിയെറിഞ്ഞ് രാജ്യം കണ്ട ഏറ്റവും വലിയ ദൗത്യത്തിന്റെ മഹത്വമില്ലാതാക്കരുത് എന്നും മനാഫ് പറഞ്ഞു. കാര്യങ്ങള്‍ മറ്റൊരു തരത്തിലേക്ക് പോകുന്നു എന്നതിനാലാണ് കുടുംബത്തോടൊപ്പം വാര്‍ത്താസമ്മേളനം നടത്തിയത്

. അര്‍ജുനെ കാണാതായ സ്ഥലത്ത് നിന്ന് തിരികെ വീട്ടിലെത്തിക്കണമെന്നാണ് ആഗ്രഹിച്ചത് എന്നും അത് സാധിച്ചെന്നും മനാഫ് പറഞ്ഞു. ലോറിയുടെ ആര്‍സി ഉടമ എന്റെ അനിയനായ മുബീനാണ്. ഇത് ഞങ്ങളുടെ പിതാവിന്റെ ബിസിനസായിരുന്നു. ഇപ്പോള്‍ ഞങ്ങളെല്ലാവരും ആണ് നോക്കുന്നത്. വണ്ടികളെല്ലാം മുബീന്റെ പേരിലാണ്. അര്‍ജുന്റെ കുടുംബത്തോടൊപ്പം തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്.

 

ഇന്നലത്തെ വാര്‍ത്താസമ്മേളനം കാരണം അവര്‍ തന്നെ ഒരുപാട് പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. അത് ഒഴിവാക്കാനാണ് ഇപ്പോള്‍ പ്രതികരിക്കുന്നത്. കുടുംബം ഒറ്റക്കെട്ടാണ്. എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിയത് സ്വന്തം കൈയ്യില്‍ നിന്ന് പണം ചെലവഴിച്ചാണ്. അര്‍ജുനെ കിട്ടിയ ശേഷം യൂട്യൂബ് ചാനല്‍ ഉപയോഗിച്ചിട്ടില്ല. 10000 സബ്സ്‌ക്രൈബര്‍മാരുണ്ടായിരുന്ന യൂട്യൂബ് ചാനല്‍ രണ്ടര ലക്ഷത്തിലെത്തി.

 

അര്‍ജുന്റെ കുടുംബം പരാതി ഉന്നയിച്ചതിന് പിന്നാലെ നിസാരമായ കാര്യം മറ്റേതോ നിലയിലേക്ക് കൊണ്ടുപോവുകയാണ്. അതിനാലാണ് ഇപ്പോള്‍ പ്രതികരിച്ചത്. കേരളത്തിന്റെ സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കപ്പെടരുത്. ഇതിന്റെ പേരില്‍ ആരും പ്രശ്‌നത്തിലാകരുത്.