ലെബനനിൽ ഇസ്രായേൽ ആക്രമണത്തിൽ 356 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടിച്ച് ഹിസ്ബുല്ല. ഇസ്രായേയിലെ ഹൈഫയിലുള്ള സൈനിക-വ്യവസായ സമുച്ചയങ്ങൾക്ക് നേരെ ഹിസ്ബുള്ള റോക്കറ്റുകൾ തൊടുത്തു. ഇതോടെ അപായ സൈറൻ മുഴക്കിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. റോക്കറ്റ് ആക്രമണത്തിൽ അഞ്ച് അനധികൃത കുടിയേറ്റക്കാർക്ക് നിസാര പരിക്കുകൾ ഏറ്റതായും ഇസ്രായേലി ചാനൽ 13 ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
165 ഓളം മിസൈലുകളാണ് ഹിസ്ബുള്ള തൊടുത്തത്. ഇവയെല്ലാം തങ്ങളുടെ ആന്റിമിസൈൽ സംവിധാനത്തിലൂടെ തകർത്തതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഹൈഫയ്ക്ക് വടക്കുള്ള റാഫേൽ ഇലക്ട്രോണിക്സ് കമ്പനിക്കും നോർത്തേൺ കോർപ്സിൻ്റെ റിസർവ് ആസ്ഥാനത്തിനും അമിയാദ് ക്യാമ്പിലെ ലോജിസ്റ്റിക്സ് ബേസിനും നേരെയാണ് റോക്കറ്റുകൾ തൊടുത്തതെന്ന് ഹിസ്ബുള്ള അറിയിച്ചു.
ഇത് രണ്ടാം തവണയാണ് ഹൈഫയിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഹിസ്ബുള്ള ആക്രമണം നടത്തുന്നത്. ഞായറാഴ്ചയാണ് മേഖലയിൽ ഹിസ്ബുള്ള റോക്കറ്റാക്രമണം നടത്തിയത്. ഇന്ന് 180 പ്രൊജക്ടൈലുകളും ഒരു ഡ്രോണുമാണ് ഇസ്രായേൽ മണ്ണിൽ പതിച്ചത്. അതേസമയം ആക്രമണം രൂക്ഷമായതോടെ ആളുകളിൽ ബങ്കറുകളിൽ അഭയം പ്രാപിച്ചതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണം രൂക്ഷമായ പശ്ചാത്തലത്തിൽ ഇസ്രായേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സപ്റ്റംബർ 30 വരെയാണ് അടിയന്തരാവസ്ഥ.
അടിയന്തരാവസ്ഥ ജനങ്ങളുടെ സാധാരണ ജീവിതത്തെ ബാധിക്കില്ല. എന്നാൽ അടിയന്തര സാഹചര്യത്തിൽ ആവശ്യമെങ്കിൽ വേഗത്തിൽ തീരുമാനങ്ങൾ നടപ്പിലാക്കാൻ ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സിനും (IDF) സ്റ്റേറ്റ് ഏജൻസികൾക്കും അനുവാദം നൽകുന്നതാണ് ഇത്.
അതിനിടെ ഹിസ്ബുള്ളയുടെ 1300 കേന്ദങ്ങൾ തങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. ദക്ഷിണ ലെബനനിലും ബെക്കാ വാലിയിലുള്ള പ്രദേശങ്ങളിലാണ് ആക്രമണം നടത്തിയത്. തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ ഉന്നത കമാൻഡറായ അലി കരാക്കിയെ ലക്ഷ്യം വെച്ച് വ്യോമാക്രമണം നടത്തിയതായും ഇസ്രോയേൽ സേന പറഞ്ഞു. ആക്രമണത്തിൽ കരാക്കി കൊല്ലപ്പെട്ടോയെന്ന കാര്യം ഇസ്രായേൽ പരിശോധിക്കുകയാണ്.അതേസമയം കരാകി ജീവിച്ചിരിപ്പുണ്ടെന്ന് ഹിസ്ബുള്ള പ്രസ്താവനയിൽ അറിയിച്ചു. കരാക്കി കൊല്ലപ്പെടുന്ന സാഹചര്യം ഉണ്ടായാൽ അത് ഹിസ്ബുള്ളയെ സംബന്ധിച്ച് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലെബനൻ അതിർത്തിയിലെ ഹിസ്ബുള്ളയുടെ സേനയുടെ തലവനാണ് അദ്ദേഹം. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഹിസ്ബുള്ളയിലെ പല മുതിർന്ന കമാൻഡർമാരെ ഇസ്രായേൽ വധിച്ചിരുന്നു.
തിങ്കളാഴ്ച അതിശക്തമായ വ്യോമാക്രമണമാണ് ഇസ്രായേൽ നടത്തിയത്. ആക്രമണത്തിൽ 1650 ഓളം പേർക്കാണ് പരിക്കേറ്റത്. മരിച്ചവരിൽ 21 കുട്ടികളും 39 സ്ത്രീകളും ഉൾപ്പെടുന്നു. വീടുകൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും നേരെയാണ് ഇസ്രായേൽ ആക്രമണമെന്ന് ലെബനൻ ആരോഗ്യ മന്ത്രി ഫിറാസ് അബ്ദയാദ് പറഞ്ഞു. പരിക്കേറ്റവരുമായി പോകുന്ന ആംബുലൻസുകൾക്ക് നേർക്കും ആക്രമണം നടന്നതായി മന്ത്രി പറഞ്ഞു. ആക്രമണം രൂക്ഷമായതോടെ നിരവധി പേരാണ് ബെയ്റൂട്ട് അടക്കമുള്ള മേഖലയിൽ നിന്നും പലായനം ചെയ്യുന്നത്. 2006 ലെ സംഘർഷത്തിന് ശേഷമുള്ള ഏറ്റവും വലിയ പലായനമാണിത്.