27 in Thiruvananthapuram
TV Next News > News > Entertainment > ഭക്ഷണത്തിന്റെ വിവരവും ഹോട്ടല്‍ ബില്ലുമെല്ലാം കൃത്യം, തെളിവുകളെല്ലാം എതിര്; സിദ്ദീഖിന് കുരുക്ക് മുറുകുന്നു

ഭക്ഷണത്തിന്റെ വിവരവും ഹോട്ടല്‍ ബില്ലുമെല്ലാം കൃത്യം, തെളിവുകളെല്ലാം എതിര്; സിദ്ദീഖിന് കുരുക്ക് മുറുകുന്നു

2 weeks ago
TV Next
22

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ നടന്‍ സിദ്ദീഖിന് കുരുക്ക് മുറുകുന്നു. സിദ്ദീഖിന് എതിരെ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ട് എന്നാണ് അന്വേഷണ സംഘം പറയുന്നത്. യുവനടിയാണ് സിദ്ദീഖിനെതിരെ പരാതി നല്‍കിയത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡീപ്പിച്ചു എന്നാണ് നടിയുടെ പരാതി. നടി നേരത്തെ തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പാകെ വിശദമായ മൊഴി നല്‍കിയിരുന്നു.

ഈ മൊഴി സാധൂകരിക്കുന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിധി വരുന്നതിന് പിന്നാലെ തുടര്‍നടപടികളും കുറ്റപത്രവും നല്‍കിയേക്കും എന്നാണ് വിവരം. മലയാള സിനിമയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് താരങ്ങള്‍ക്കെതിരെ ലൈംഗിക പീഡന പരാതി ഉയര്‍ന്നത്.

അമ്മ ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദീഖിന് ഈ പരാതിയെ തുടര്‍ന്ന് സ്ഥാനം രാജി വെക്കേണ്ടി വന്നിരുന്നു. 2016 ജനുവരി 28 ന് സിദ്ദീഖ് ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. നിള തിയേറ്ററില്‍ ഒരു സിനിമയുടെ പ്രിവ്യൂ കഴിഞ്ഞിറങ്ങിയതിന് ശേഷം തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി, ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് നടി ആരോപിച്ചു.

അന്വേഷണത്തില്‍ നടി ചൂണ്ടിക്കാട്ടിയ പല കാര്യങ്ങളും കണ്ടെത്താനായി എന്നാണ് വിവരം. പീഡനം നടന്ന മുറി, മുറിയുടെ സവിശേഷതകള്‍, സാക്ഷികള്‍, സിദ്ദീഖ് കഴിച്ച ഭക്ഷണം എന്നിവയെല്ലം നടി പറഞ്ഞതുമായി ഒത്തുപോകുന്നതാണ്. 101 ഡി നമ്പര്‍ മുറിയില്‍ വെച്ചാണ് പീഡനം എന്നും ഈ മുറിയിലെ ഗ്ലാസ് ജനലിലിലെ കര്‍ട്ടന് മാറ്റി പുറത്തേക്ക് നോക്കിയാല്‍ സ്വിമ്മിംഗ് പൂള്‍ കാണാമെന്നും നടി പറഞ്ഞിരുന്നു.

 

തെളിവെടുപ്പില്‍ ഇക്കാര്യം അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. അച്ഛനും അമ്മയും ഒരു കൂട്ടുകാരിയും ചേര്‍ന്നാണ് തന്നെ ഹോട്ടലില്‍ എത്തിച്ചത് എന്ന് നടി പറഞ്ഞിരുന്നു. ഈ മൂന്ന് പേരും ഇത് അന്വേഷണ സംഘത്തിന് മുന്‍പാകെ ശരി വെച്ചു. സംഭവം നടന്ന് ഒരുവര്‍ഷത്തിന് ശേഷം കാട്ടാക്കടയിലുള്ള ഒരു സുഹൃത്തിനോട് നടി ഇക്കാര്യം പറഞ്ഞിരുന്നു.

ഈ സുഹൃത്തും ഇക്കാര്യം പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മാത്രമല്ല നടി പറഞ്ഞ ദിവസം സിദ്ദീഖ് ഈ ഹോട്ടലില്‍ താമസിച്ചതിനും തെളിവുകളുണ്ട്. ജനുവരി 27 ന് രാത്രി 12 മണി തൊട്ട് പിറ്റേന്ന് വൈകിട്ട് 5 മണി വരെ ഹോട്ടലില്‍ ഉണ്ടായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ചോറും മീന്‍ കറിയും തൈരുമാണ് സിദ്ദീഖ് കഴിച്ചത് എന്നാണ് നടി പറഞ്ഞത്. ഇത് ശരിവെയ്ക്കുന്ന ഹോട്ടല്‍ ബിലും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

സംഭവത്തിന് ശേഷം നടിക്ക് മാനസിക സംഘര്‍ഷങ്ങളുണ്ടായി എന്നും ഇതിന് ചികിത്സ തേടിയെന്നും അന്വേഷണം സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. മാനസിക സംഘര്‍ഷങ്ങളെ തുടര്‍ന്ന് യുവതിക്ക് ആത്മഹത്യ പ്രേരണയുണ്ടായിരുന്നു. പീഡനം നടന്ന ഹോട്ടല്‍ മുറിയിലേതിന് സമാനമായ അന്തരീക്ഷങ്ങള്‍ കാണുന്നത് നടിയെ അസ്വസ്ഥയാക്കിയിരുന്നു. ഇതില്‍ ഇവര്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.

കാക്കനാട്ടേയും കൊച്ചി പനമ്പിള്ളി നഗറിലേയും രണ്ട് വനിതാ സൈക്യാട്രിസ്റ്റുകളായിരുന്നു നടിയെ ചികിത്സിച്ചിരുന്നത്. രണ്ട് പേരും ഇക്കാര്യം അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുമുണ്ട്. സംഭവ ദിവസം യുവതി ധരിച്ച വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കൂടാതെ മസ്‌ക്കറ്റ് ഹോട്ടലിലെത്തിയപ്പോള്‍ യുവതി ഒപ്പിട്ട പഴയ സന്ദര്‍ശക രജിസ്റ്റര്‍ കണ്ടെത്താനും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം തനിക്കെതിരായ

ആരോപണങ്ങളെല്ലാം സിദ്ദീഖ് നിഷേധിച്ചിരുന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് സിദ്ദീഖ് ഇക്കാര്യം പറയുന്നത്. 2019 മുതല്‍ നടി തനിക്കെതിരെ പരാതിയുമായി രംഗത്തുണ്ടെന്നും അന്നൊന്നും ബലാത്സംഗ ആരോപണം ഉന്നയിച്ചിരുന്നില്ലെന്നുമാണ് സിദ്ദീഖിന്റെ വാദം.

Leave a Reply