ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദ പരിപാടിയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കാഴ്‌ചക്കാരനാക്കി വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പ്രകടനം. ട്രംപിനെക്കാളും കമല തന്നെയാണ് മികവ് പുലർത്തിയതെന്നാണ് സർവേ ഫലങ്ങൾ നൽകുന്ന സൂചനയും. അമേരിക്കൻ വോട്ടർമാരുടെ അഭിപ്രായ സർവേയിൽ ഈ മുന്നേറ്റം പ്രകടമാണ്
സ്വതന്ത്ര ഗവേഷണ സ്ഥാപനമായ എസ്എസ്ആർഎസ് നടത്തിയ സംവാദ കണ്ട ആളുകളുടെ ഇടയിൽ നടത്തിയ സർവേയിലാണ് ട്രംപിനെ ബഹുദൂരം പിന്നിലാക്കി കമൽ കുത്തികുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സർവേ കണ്ടവരിൽ 63 ശതമാനം പേരും കമലയുടെ പ്രവർത്തനത്തെയാണ് അനുകൂലിച്ചത്. ട്രംപിനെ വെറും 37 ശതമാനം പേർ മാത്രമാണ് പിന്തുണയ്ക്കുന്നത്.
എന്നാൽ സംവാദത്തിന് മുന്നോടിയായി ന്യൂയോർക്ക് ടൈംസും സിയീന കോളേജും നടത്തിയ ഒരു സർവേയിൽ രണ്ട് സ്ഥാനാർത്ഥികളും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നുണ്ടെന്നാണ് അറിയിച്ചിരുന്നത്. എങ്കിലും അതിനെ ഒന്നാകെ മാറ്റി മറിക്കുന്ന സർവേ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നവംബറിൽ നടക്കുന്ന വോട്ടെടുപ്പിൽ ജയം തേടുന്ന ട്രംപിന് ഇപ്പോഴത്തെ സാഹചര്യം തിരിച്ചടിയാവും എന്നാണ് വിലയിരുത്തൽ. സംവാദം കണ്ട കമല ഹാരിസ് അനുയായികളിൽ 96 ശതമാനം പേരും തങ്ങളുടെ സ്ഥാനാർത്ഥി മികച്ച പ്രകടനമാണ് കാഴ്‌ച വച്ചത് എന്നാണ് പറയുന്നത്. എന്നാൽ ട്രംപ് അനുകൂലികളിൽ 69% മാത്രമാണ് അദ്ദേഹം മികച്ച നിലയിൽ പ്രവർത്തിക്കുന്നു എന്ന് അവകാശപ്പെടുന്നത്. മുൻപ് ബൈഡൻ പിന്മാറിയ ശേഷം ഈ സംവാദത്തിൽ പങ്കെടുക്കാനില്ലെന്നായിരുന്നു ട്രംപ് പറഞ്ഞത്. എന്നാൽ കമല ഹാരിസിന്റെ ജനസ്വീകാര്യതയും മറ്റ് ചില കാര്യങ്ങളും കണക്കിലെടുത്താണ് ട്രംപ് സംവാദത്തിന് തയ്യാറായത്. ഗർഭച്ഛിദ്രം മുതൽ വിദേശനയം വരെയുള്ള വിഷയങ്ങളിൽ എതിർ സ്ഥാനാർത്ഥിയെ കമല ഹാരിസ് കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. എന്നാൽ ഇന്ന് നടന്നത് തന്റെ ഏറ്റവും മികച്ച സംവാദമാണെന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്.
ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യമെന്തെന്നാൽ നേരത്തെ ബൈഡൻ മത്സരിക്കുമെന്ന് കരുതിയിരുന്ന സമയത്ത് ഡൊണാൾഡ് ട്രംപിനുണ്ടായ മുന്നേറ്റത്തെ അപ്പാടെ പിടിച്ചെടുത്ത ശേഷമാണ് കമല ഹാരിസിന്റെ മുന്നേറ്റം എന്നതാണ്. ആ സമയത്ത് വിവിധ സർവേകൾ സൂചിപ്പിച്ചത്, 67 ശതമാനം വരെ ആധിപത്യം ബൈഡന് മേൽ ട്രംപിന് ഉണ്ടെന്നായിരുന്നു.
എന്നാൽ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം നടന്ന പുതിയ സംവാദത്തിലാണ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി മുന്നേറ്റം ഉണ്ടാക്കിയിരിക്കുന്നത്. ഇത് കൂടുതൽ ചർച്ചകളിലേക്ക് വഴിയൊരുക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യൻ വംശജയായ കമല ഹാരിസ് ജയിച്ചാൽ അത് ചരിത്രമാകും എന്നത് മറക്കരുത്. അതുകൊണ്ട് തന്നെ എല്ലാ കണ്ണുകളും ഇനി തിരഞ്ഞെടുപ്പിലേക്കാണ്.