കൊച്ചി: എൻസിപിയിൽ നിർണായക നേതൃമാറ്റ നീക്കങ്ങൾക്ക് കളമൊരുങ്ങുന്നതായി സൂചന. നിലവിലെ എൻസിപി മന്ത്രിയായ എകെ ശശീന്ദ്രനെ മാറ്റി പകരം തോമസ് കെ തോമസിനെ കൊണ്ട് വരാൻ പാർട്ടിക്കുള്ളിൽ ശക്തമായ സമ്മർദ്ദമാണ് ഇപ്പോള്ളത്. എന്നാൽ മുതിർന്ന നേതാവ് പിസി ചാക്കോ ഉൾപ്പെടെ ഇത്തരമൊരു ചർച്ച നടന്നിട്ടില്ലെന്ന് മറുപടി നൽകുമ്പോഴും വിഷയം കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിൽ ഉള്ളതായി പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.
ഇന്നലെയാണ് ഇത് സംബന്ധിച്ച വാർത്തകൾ ആദ്യം പുറത്തുവന്നത്. എകെ ശശീന്ദ്രന് പകരം കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെ മന്ത്രിയാക്കണം എന്നാണ് ഭൂരിഭാഗം പേരുടെയും ആവശ്യം എന്നായിരുന്നു വാർത്തകൾ. പിസി ചാക്കോ അടക്കമുള്ള നേതാക്കൾ ഇതിനെ അനുകൂലിച്ചുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
എന്നാൽ ശശീന്ദ്രനെ മാറ്റണമെന്ന ആവശ്യം പാർട്ടിയുടെ സംസ്ഥാന നേതൃത്വം ചർച്ച ചെയ്‌തിട്ടില്ലെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ പറഞ്ഞത്. മന്ത്രിയെ മാറ്റുന്നത് തന്റെ അധികാര പരിധിയിൽ വരുന്നതല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത്തരം വിഷയങ്ങളിൽ തീരുമാനം എടുക്കേണ്ടത് ശരത് പവാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എങ്കിലും നിലവിലെ പരിതസ്ഥിതികൾ കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കാനും ശശീന്ദ്രനെ മാറ്റണമെന്ന ആവശ്യം ശക്തമാക്കാനും പിസി ചാക്കോ കേന്ദ്ര നേതൃത്വത്തെ കാണുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സെപ്റ്റംബർ അഞ്ചിന് ഇതിനായി പിസി ചാക്കോ ഡൽഹിയിലേക്ക് തിരിക്കുമെന്നാണ് വിവരം.
ഈ വിവാദങ്ങളോട് എകെ ശശീന്ദ്രനും പ്രതികരിച്ചിരുന്നു. തന്റെ അറിവില്‍ അങ്ങനെ യാതൊരു നീക്കവും നടന്നിട്ടില്ലെന്നും മന്ത്രി സ്ഥാനമൊഴിയാന്‍ ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു ശശീന്ദ്രൻ 24 ന്യൂസിനോട് പറഞ്ഞത്. എന്നാൽ കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെ മന്ത്രിയാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഒഴികെ മറ്റുള്ളവരെല്ലാം അനുകൂല നിലപാട് സ്വീകരിച്ചുവെന്നാണ് സൂചന.