28 in Thiruvananthapuram
TV Next News > News > Kerala > Local > ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ്, രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ്, രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

3 weeks ago
TV Next
27

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ 12 ജില്ലകളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ആണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

 

ഇവിടെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.

 

ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്ററില്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഈ ദിവസങ്ങളില്‍ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

 

 

അതേസമയം തുടര്‍ച്ചയായി മഴ ലഭിക്കുന്ന മലയോരമേഖലകളില്‍ പ്രത്യേക ജാഗ്രത വേണം എന്നും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതകള്‍ കരുതിയിരിക്കണം എന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. കേരള തീരത്ത് കടലാക്രമണ സാധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.

തെക്കന്‍ ശ്രീലങ്കക്ക് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. റായലസീമ മുതല്‍ കോമറിന്‍ മേഖല വരെ 900 മീറ്റര്‍ ഉയരം വരെ സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദ പാത്തിയുടെ ഫലമായാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് ആയിരിക്കും.

 

അതേസമയം വയനാട്ടില്‍ ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ വൈകീട്ട് ചൂരല്‍മല, മുണ്ടക്കൈ മേഖലയില്‍ കനത്ത മഴ പെയ്തിരുന്നു. ഇതോടെ ചൂരല്‍മല പുത്തുമല എന്നിവിടങ്ങളില്‍ നിന്നായി 83 പേരെ മാറ്റി പാര്‍പ്പിച്ചു.

Leave a Reply