29 in Thiruvananthapuram
TV Next News > News > International > യുഎഇക്കാര്‍ക്ക് ആശ്വസിക്കാം, ഈര്‍പ്പത്തിന്റെ അളവ് കുറയുന്നു; ഇന്നത്തെ കാലാവസ്ഥാ പ്രവചനം ഇങ്ങനെ

യുഎഇക്കാര്‍ക്ക് ആശ്വസിക്കാം, ഈര്‍പ്പത്തിന്റെ അളവ് കുറയുന്നു; ഇന്നത്തെ കാലാവസ്ഥാ പ്രവചനം ഇങ്ങനെ

1 month ago
TV Next
30

അബുദാബി: യു എ ഇയില്‍ ഇന്ന് സാമാന്യം ഭേദപ്പെട്ട കാലാവസ്ഥയായിരിക്കും എന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. ചിലപ്പോള്‍ ഭാഗികമായി മേഘാവൃതമായ ആകാശം ദൃശ്യമാകും എന്നും എന്‍ എം സി പ്രവചിക്കുന്നു. ദിവസം മുഴുവന്‍ നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കാം. ഈ കാറ്റ് ഇടയ്ക്കിടെ ഉന്മേഷദായകമായേക്കാം എന്നും എന്‍ എം സി ഇന്നത്തെ കാലാവസ്ഥാ മുന്നറിയിപ്പില്‍ വ്യക്തമാക്കി.

അതേസമയം ചില പ്രദേശങ്ങളില്‍ പൊടിപടലങ്ങള്‍ക്കും കാരണമാകും. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ നേരിയ തോതില്‍ പ്രക്ഷുബ്ധമായേക്കും. തീരപ്രദേശങ്ങളിലും ദ്വീപ് പ്രദേശങ്ങളിലും മുമ്പ് 95 ശതമാനത്തോളം രേഖപ്പെടുത്തിയിരുന്ന ഈര്‍പ്പത്തിന്റെ അളവ് ഇപ്പോള്‍ താഴ്ന്നത് താമസക്കാര്‍ക്ക് ആശ്വാസമേകുന്നു. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച്, വ്യാഴാഴ്ച ഈര്‍പ്പത്തിന്റെ അളവ് 30% മുതല്‍ 70% വരെ ആയിരിക്കും.

ഏറ്റവും ഉയര്‍ന്ന താപനില 48 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച അബുദാബിയില്‍ 44 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 41 ഡിഗ്രി സെല്‍ഷ്യസും ആയിരുന്നു താപനില രേഖപ്പെടുത്തിയിരുന്നത്. ശനിയാഴ്ച മുതല്‍ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ താപനില കുറയുമെന്നാണ് പ്രവചനം. യു എ ഇ നിവാസികളെ സംബന്ധിച്ച് ഇത് ആശ്വാസകരമാണ്.

ഇടയ്ക്കിടെ മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടും എന്നതിനാല്‍ പടിഞ്ഞാറ് ഭാഗത്തേക്ക് താപനില ചെറുതായി കുറയും. കഴിഞ്ഞ പത്ത് ദിവസത്തോളമായി യു എ ഇയില്‍ ഈര്‍പ്പവും ചൂടുമുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. വെറ്റ്-ബള്‍ബ് ഗ്ലോബ് താപനില എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. താപനില സാധാരണ നിലയേക്കാള്‍ അല്‍പ്പം മുകളിലായിരുന്നുവെങ്കിലും ഈര്‍പ്പത്തിന്റെ അളവുകോല്‍ 90 ശതമാനം വരെ ഉയര്‍ന്നിരുന്നു.

മനുഷ്യശരീരത്തിലെ താപ സമ്മര്‍ദ്ദത്തിന്റെ അളവ് അളക്കുന്ന വെറ്റ്-ബള്‍ബ് ഗ്ലോബ് താപനില കഴിഞ്ഞ ആഴ്ച പേര്‍ഷ്യന്‍ ഗള്‍ഫ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 96 ഉം ദുബായില്‍ 95 ഉം എത്തിയതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. താപനില, ഈര്‍പ്പം, കാറ്റ്, മേഘങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് വെറ്റ്-ബള്‍ബ് ഗ്ലോബിന്റെ താപനില അളക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇയിലെ തീരപ്രദേശങ്ങളില്‍ 90 മുതല്‍ 95 ശതമാനം വരെ ഈര്‍പ്പം രേഖപ്പെടുത്തിയിരുന്നു.

ഇന്ത്യന്‍ മണ്‍സൂണ്‍ ന്യൂനതയാണ് നിലവില്‍ യുഎഇയെ ബാധിക്കുന്നത് എന്നാണ് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയിലെ സീനിയര്‍ മെറ്റീരിയോളജിസ്റ്റ് ഡോ ഹബീബ് അഹമ്മദ് ഗള്‍ഫ് ന്യൂസിനോട് പ്രതികരിച്ചത്. ഇത് തെക്ക്-കിഴക്ക് നിന്ന് യുഎഇക്ക് മുകളിലൂടെ ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ വായു പിണ്ഡം തള്ളുന്നത് ഉയര്‍ന്ന ആര്‍ദ്രതയ്ക്ക് കാരണമാകുന്നു എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

Leave a Reply