ഡൽഹി:നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ ഡി എ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി റിപ്പോർട്ട്. ഛത്രപതി ശിവാജി സ്ഥാനമേറ്റ് ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടത്തിയതിന്റെ 350-ാം വാർഷികം വരുന്ന എട്ടിനായിരിക്കും ചടങ്ങുകൾ എന്നാണ് സൂചന. സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ജവഹർലാൽ നെഹ്റുവിന് ശേഷം മൂന്നാം തവണയും തുടർച്ചയായി അധികാരത്തിലേറുന്ന പ്രധാനമന്ത്രിയാണ് മോദി. ഹാട്രിക് വിജയം ആഘോഷമാക്കുമ്പോഴും തനിച്ച് ഭൂരിപക്ഷമില്ലെന്നത് ബി ജെ പി കേന്ദ്രങ്ങളിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
2019 ൽ 303 സീറ്റുകൾ നേടിയായിരുന്നു മോദി സർക്കാരിന് ഭരണത്തുടർച്ച ലഭിച്ചത്. 2014 ൽ തനിച്ച് 282 സീറ്റുകൾ ഉണ്ടായിരുന്നു. എന്നാൽ ഇക്കുറി ആകെ ലഭിച്ചത് വെറും 240 സീറ്റുകളാണ്. ഇതോടെ ഭരിക്കണമെങ്കിൽ സഖ്യകക്ഷികളുടെ പിന്തുണ ബി ജെ പിക്ക് ആവശ്യമായി വന്നിരിക്കുകയാണ്. എൻ ഡി എയിൽ കൂടുതൽ സീറ്റുകൾ സ്വന്താക്കിയ തെലുങ്ക് ദേശം പാർട്ടിയുടേയും നിതീഷ് കുമാറിന്റെ ജെ ഡി യുവിന്റേയും നിലപാട് ഈ ഘട്ടത്തിൽ നിർണായകമാകും. ഇരുപാർട്ടികളും ചേർന്ന് 28 സീറ്റാണ് ഉള്ളത്. ഫലം വന്നതിന് പിന്നാലെ തന്നെ ഇരുവരുടേയും പിന്തുണ തേടി അമിത് ഷാ ബന്ധപ്പെട്ടിരുന്നു.
അതേസമയം സർക്കാർ രൂപീകരണ സാധ്യതകൾ ഇന്ത്യ സഖ്യവും തേടുന്നുണ്ട്. പ്രതിപക്ഷ സഖ്യവും ഇരുപാർട്ടികളേയും ബന്ധപ്പെട്ടിട്ടുണ്ട്. ഇന്ത്യ സഖ്യത്തിലെ മുതിർന്ന നേതാവായ ശരദ് പവാർ ഇരുവരുമായി ചർച്ച നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ ടി ഡി പിയേയും ജെ ഡി യുവിനേയും കൂടെ നിർത്താനുള്ള തീവ്രശ്രമങ്ങളാണ് എൻ ഡി എ നടത്തുന്നത്.
എൻ ഡി എയ്ക്കൊപ്പം ഉറച്ച് നിൽക്കുമെന്നാണ് ടി ഡി പി നേതൃത്വം വ്യക്തമാക്കിയത്. എന്നാൽ സ്പീക്കർ പദവി അടക്കം നൽകണെന്ന ആവശ്യത്തിലാണ് പാർട്ടി. ഇന്ന് വൈകീട്ട് ചേരുന്ന എൻ ഡി എ യോഗത്തിൽ ചന്ദ്രബാബു നായിഡു ഈ ആവശ്യം മുന്നോട്ട് വെച്ചേക്കുമെന്നാണ് വിവരം. അതേസമയം ബി ജെ പി നേതാക്കൾ നടത്തിയ ചർച്ചയിൽ ജെ ഡി യു നിലപാടെടുത്തിട്ടില്ല. ഇന്ന് വൈകീട്ട് ചേരുന്ന എൻ ഡി എ യോഗത്തിൽ നിതീഷ് കുമാറും നായിഡുവും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അധികാരം നഷ്ടപ്പെടാതിരിക്കാൻ പരമാവധി വിട്ടുവീഴ്ചകൾക്ക് എൻ ഡി എ തയ്യാറായേക്കും.