23 in Thiruvananthapuram
TV Next News > News > Kerala > Local > കോടികളുടെ സ്വത്തുണ്ടെന്ന് മോദി, വീടും കാറുമില്ല; നരേന്ദ്രമോദിയുടെ ആസ്തി കേട്ടോ!!

കോടികളുടെ സ്വത്തുണ്ടെന്ന് മോദി, വീടും കാറുമില്ല; നരേന്ദ്രമോദിയുടെ ആസ്തി കേട്ടോ!!

5 months ago
TV Next
71

വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. വാരാണസിയില്‍ ഇന്ന് നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്ളത്. 3.02 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ സ്വന്തമായുണ്ടെന്നും 52,920 രൂപ പണമായി കൈവശമുണ്ടെന്നും ആണ് നരേന്ദ്ര മോദി സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്.

 

അതേസമയം സ്വന്തമായി സ്ഥലമോ വീടോ കാറോ ഇല്ലെന്നും മോദി പറയുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തിലെ 11 ലക്ഷത്തില്‍ നിന്ന് 2022-23 ല്‍ 23.5 ലക്ഷമായി പ്രധാനമന്ത്രിയുടെ നികുതി വിധേയ വരുമാനം ഇരട്ടിയായെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മോദിക്ക് എസ് ബി ഐയില്‍ രണ്ട് അക്കൗണ്ടുകളാണ് ഉള്ളത്. എസ്ബിഐയുടെ ഗാന്ധിനഗര്‍ ശാഖയില്‍ 73,304 രൂപ നിക്ഷേപമായുണ്ട്.

എന്നാല്‍ വാരാണസി ശാഖയില്‍ 7,000 രൂപ മാത്രമാണുള്ളത്. മോദിക്ക് എസ്ബിഐയില്‍ 2,85,60,338 രൂപയുടെ സ്ഥിര നിക്ഷേപവുമുണ്ട്. തന്റെ പക്കല്‍ 2,67,750 രൂപ വിലമതിക്കുന്ന നാല് സ്വര്‍ണ മോതിരങ്ങളും ഉണ്ട് എന്ന് നരേന്ദ്ര മോദി സത്യവാങ്മൂലത്തില്‍ പറയുന്നു. നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റില്‍ നിക്ഷേപമായി 9.12 ലക്ഷം രൂപയുണ്ട്. എന്‍എസ്സിയിലെ നിക്ഷേപം 2019-ലെ 7.61 ലക്ഷത്തില്‍ നിന്ന് ഏകദേശം 2 ലക്ഷം രൂപ വര്‍ധിച്ചു.

അദ്ദേഹത്തിന്റെ പേരില്‍ വായ്പയൊന്നുമില്ല. സര്‍ക്കാരില്‍ നിന്നുള്ള ശമ്പളവും ബാങ്കില്‍ നിന്നുള്ള പലിശയും തന്റെ വരുമാന സ്രോതസുകളായി അദ്ദേഹം പട്ടികപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ വിഭാഗത്തില്‍, താന്‍ 1978-ല്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദവും 1983-ല്‍ ഗുജറാത്ത് യൂണിവേഴ്സിറ്റിയില്‍ നിന്ന് മാസ്റ്റര്‍ ഓഫ് ആര്‍ട്സും പൂര്‍ത്തിയാക്കിയതായി പ്രധാനമന്ത്രി സത്യവാങ്മൂലത്തില്‍ പറയുന്നു.

തനിക്കെതിരെ ക്രിമിനല്‍ കേസുകളൊന്നും നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 1967ല്‍ ഗുജറാത്ത് ബോര്‍ഡില്‍ നിന്ന് പ്രധാനമന്ത്രി എസ്എസ്സി പരീക്ഷ പാസായി. യശോദബെന്നിന്റെ പേരാണ് ഭാര്യയുടെ കോളത്തില്‍ എഴുതിയിരിക്കുന്നത്. എന്നാല്‍ അവരുടെ വരുമാന സ്രോതസ് അറിയില്ല എന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്. വാരണാസി മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായ മൂന്നാം വിജയം തേടി മോദി ചൊവ്വാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, എസ്ബിഎസ്പി അധ്യക്ഷന്‍ ഓം പ്രകാശ് രാജ്ഭര്‍, എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍, ചന്ദ്രബാബു നായിഡു, ജിതന്‍ റാം മാജ്ഹി, പശുപതി പാസ്വാന്‍, ബിജെപി, എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവരുള്‍പ്പെടെയുള്ള എന്‍ഡിഎ നേതാക്കളുടെ ഒരു വലിയ സംഘത്തിനൊപ്പമെത്തിയാണ് മോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

Leave a Reply