25 in Thiruvananthapuram
TV Next News > News > Kerala > Local > ആനവണ്ടീ ട്രാക്ക് മാറ്റ്; ഇനി കെഎസ്ആർടിസി ബസിൽ തിന്നാനും കുടിക്കാനും ഒക്കെ സൗകര്യം, ഇത് പൊളിക്കും

ആനവണ്ടീ ട്രാക്ക് മാറ്റ്; ഇനി കെഎസ്ആർടിസി ബസിൽ തിന്നാനും കുടിക്കാനും ഒക്കെ സൗകര്യം, ഇത് പൊളിക്കും

1 month ago
TV Next
33

തിരുവനന്തപുരം: കെബി ഗണേഷ് കുമാർ ചുമതല ഏറ്റെടുത്തതിന് പിന്നാലെ ഒരു സമ്പൂർണ പരിഷ്‌കരണത്തിന് വിധേയമാകുന്ന കെഎസ്ആർടിസിയിൽ യാത്രക്കാർ ആശ്വാസമാവുന്ന പുതിയ തീരുമാനം ഉടൻ വരുന്നു. ഇനി ബസുകളിൽ ആരും ദാഹിച്ചും വിശന്നും ഇരിക്കേണ്ട സാഹചര്യം ഉണ്ടാവില്ലെന്നാണ് പുതിയ പദ്ധതി വരുമ്പോൾ മനസിലാവുന്നത്.

സൂപ്പർ ഫാസ്‌റ്റ് മുതലുള്ള സർവീസുകളിൽ ഇനി മുതൽ ബസിൽ തന്നെ ലഘുഭക്ഷണവും വെള്ളവും ഉൾപ്പെടെ വാങ്ങാനുള്ള സൗകര്യമാണ് കെഎസ്ആർടിസി നടപ്പാക്കുന്നത്. കൈയിൽ പണമായി സൂക്ഷിക്കാത്തവരും ഇനി പേടിക്കേണ്ടതില്ല. സേവനത്തിന് ഡിജിറ്റലായും പണം നൽകാനുള്ള സംവിധാനവും ആനവണ്ടി ഒരുക്കുന്നുണ്ട്.

 

 

പദ്ധതിയുടെ ഭാഗമായി വരുന്ന മാലിന്യങ്ങൾ ഉൾപ്പെടെ ശേഖരിക്കേണ്ടതും, കൃത്യമായി സംസ്‌കരിക്കേണ്ടതും ഒക്കെ കരാർ എടുക്കുന്നത് ഏജൻസിയുടെ ഉത്തരവാദിത്തം ആയിരിക്കും. നിലവിൽ ദീർഘദൂര ബസുകളിൽ ഉൾപ്പെടെ യാത്രക്കാർ ഇത്തരം ഭക്ഷണ സാധനങ്ങളോ, വെള്ളമോ വാങ്ങാൻ ബുദ്ധിമുട്ടുന്നുണ്ട്. യാത്രയ്ക്കിടയിൽ ബസ് നിർത്തുന്ന വേളയിലാണ് കൂടുതൽ പേരും ഇതിനായി സമയം കണ്ടെത്തുന്നത്.

എന്നാൽ ഇനി മുതൽ കെഎസ്ആർടിസി തന്നെ ഇതിനുള്ള അവസരം ഒരുക്കുമ്പോൾ യാത്രക്കാർക്ക് വലിയ ആശ്വാസവും, പുതിയ കച്ചവട സാധ്യതയുമാണ് തുറന്നു കിട്ടുന്നത്. നിലവിൽ ഇതിന്റെ പ്രാരംഭ നടപടികളാണ് പുരോഗമിക്കുന്നത്. മന്ത്രി കെബി ഗണേഷ് കുമാറിന്റെ ഇടപെടലിലാണ് പുതിയ തീരുമാനം നടപ്പാവുന്നത്. ഇതിന് പുറമെ കെഎസ്ആർടിസിയുടെ പ്രധാന ഡിപ്പോകളിലെ കന്റീൻ നടത്തിപ്പ് പ്രധാന ഹോട്ടൽ ഗ്രൂപ്പുകൾക്ക് 5 വർഷത്തേക്കു നൽകാനും ധാരണയായിട്ടുണ്ട്. ഈ മേഖലയിൽ പരിചയമുള്ളവർക്കേ കരാർ നൽകാവൂ എന്നാണ് മന്ത്രിയുടെ നിർദ്ദേശം. ഇത് അനുസരിച്ചാവും മറ്റ് നടപടിക്രമങ്ങളിലേക്ക് കോർപ്പറേഷൻ കടക്കുക.

 

ഇത്തരം ക്യാന്റീനുകൾക്ക് കെഎസ്ആർടിസി സ്ഥലം മാത്രമാവും നൽകുക. മറ്റ് അടിസ്ഥാന സൗകര്യങ്ങളും, വൃത്തിയുള്ള ഇന്റീരിയറും ഉൾപ്പെടെ കരാർ ഏറ്റെടുക്കുന്ന കമ്പനികൾ തന്നെയാണ് നിർമ്മിക്കേണ്ടത്. കൂടാതെ ശുചിമുറികളും ഇത്തരം ഏജൻസികൾ തന്നെ ഇവിടെ നിർമ്മിക്കണം എന്നാണ് മന്ത്രി നൽകിയ നിർദ്ദേശം.

അതേസമയം, കെഎസ്ആർടിസിയിൽ കാലോചിതമായ മാറ്റങ്ങൾക്കാണ് ഗണേഷ് കുമാർ ചുക്കാൻ പിടിക്കുന്നത്. സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ കോർപ്പറേഷനെ കടക്കെണിയിൽ നിന്ന് കരകയറ്റാനും, ജീവനക്കാർക്ക് ശമ്പളം കൃത്യമായി കൊടുക്കാനുമുള്ള വഴി തേടുമെന്ന് ഗണേഷ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി നിർണായക പരിഷ്ക്കാരങ്ങൾക്ക് കോർപ്പറേഷൻ സാക്ഷ്യം വഹിച്ചു.

 

Leave a Reply