ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്തനംതിട്ടയില്‍ എത്തും. മൂന്ന് മാസത്തിനിടെ നാലാം തവണയാണ് പ്രധാനമന്ത്രിയുടെ കേരള സന്ദർശനമെങ്കിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് ശേഷം ആദ്യാമായിട്ടാണ് പ്രധാനമന്ത്രി കേരളത്തിലേക്ക് പ്രചരണത്തിന് എത്തുന്നത്. അനില്‍ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി പത്തനംതിട്ടയിലേക്ക് എത്തുമ്പോള്‍ റബ്ബർ വിലയുമായി ബന്ധപ്പെട്ടു നിർണായക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
അടുത്തിടെ പാർട്ടിയിലേക്ക് എത്തിയ പത്മജ വേണുഗോപാല്‍ ഉള്‍പ്പെടേയുള്ളവരും പരിപാടിയില്‍ പങ്കെടുക്കും. സംസ്ഥാനത്തെ എന്‍ ഡി എയുടെ പ്രചാരണവിഷയങ്ങളും അജൻഡയും വ്യക്തമാക്കുന്ന തരത്തിലുള്ള പ്രസംഗമായിരിക്കും പ്രധാനമന്ത്രി പത്തനംതിട്ടയില്‍ നടത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 19 ന് പാലക്കാട്ടെ പ്രചരണത്തിനും പ്രധാനമന്ത്രി എത്തും. അവിടെ റോഡ് ഷോ ഉള്‍പ്പെടേയുള്ള പരിപാടികളുണ്ടാകും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. അടൂര്‍ ഭാഗത്തുനിന്നും ഓമല്ലൂര്‍ വഴി പത്തനംതിട്ടയ്ക്കു വരുന്ന വാഹനങ്ങള്‍ സന്തോഷ് ജംഗ്ഷനില്‍ ഇടത്തു തിരിഞ്ഞ് എജിടി ആഡിറ്റോറിയം ജംഗ്ഷനിലെത്തി വലത്തേക്ക് പുന്നലത്തുപടി സെന്റ് പീറ്റേഴ്സ് വഴി ടൗണില്‍ പ്രവേശിക്കണം. പത്തനംതിട്ട നിന്നും അടൂര്‍ക്ക് പോകുന്ന ബസ് ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളും താഴെ വെട്ടിപ്രം, മേലേ വെട്ടിപ്രം ജംഗ്ഷനുകള്‍ കടന്ന് സെന്റ് പീറ്റേഴ്സ് എത്തി സ്റ്റേഡിയം ജംഗ്ഷനിലൂടെ പോകേണ്ടതാണ്. പൂങ്കാവ് ഭാഗത്തേക്കുള്ള ബസ് ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളും കുമ്പഴ മല്ലശ്ശേരി ജംഗ്ഷനിലൂടെ പോകണം.
ഏഴംകുളം ഭാഗത്തുനിന്നും പത്തനംതിട്ടയിലേക്ക് എത്തുന്നവ വാഴമുട്ടം ജംഗ്ഷനില്‍ ഇടത്തേക്ക് തിരിഞ്ഞ് ഓമല്ലൂര്‍ വഴി സന്തോഷ് ജംഗ്ഷനിലെത്തി വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് എജിടി ഓഡിറ്റേറിയം ജംഗ്ഷനില്‍ വലത്തേക്ക് കടന്ന് പുന്നലത്തുപടി സെന്റ് പീറ്റേഴ്സ് വഴി ടൗണിലേക്ക് കടക്കണം. പാര്‍ക്കിംഗ് സൗകര്യം പ്രധാനമന്ത്രിയുടെ ജില്ലാ സന്ദര്‍ശനത്തോടനുബന്ധിച്ച് ജില്ലാ പോലീസ് ഓഫീസിനു സമീപത്തുള്ള ശബരിമല ഇടത്താവളം, സെന്റ് പീറ്റേഴ്സ് ജംഗ്ഷന് അടുത്തുള്ള ജിയോ ഗ്രൗണ്ട്, മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ വാഹനപാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.