24 in Thiruvananthapuram

‘തൃശൂർ മാത്രമല്ല, കേരളത്തിലെ പല മണ്ഡലങ്ങളും ബിജെപിക്കൊപ്പം വരും’; ആത്മവിശ്വാസം പ്രകടിപ്പിച്ച് സുരേഷ് ഗോപി

Posted by: TV Next February 6, 2024 No Comments

തൃശൂർ: കേരളത്തിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് നടൻ സുരേഷ് ഗോപി. തൃശൂർ മാത്രമല്ല, കേരളത്തിലെ പല മണ്ഡലങ്ങളും ബിജെപിയുടെ ഒപ്പം വരുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. തൃശൂരിൽ രണ്ട് വർഷമായി ശക്തമായ പ്രവർത്തനം നടക്കുന്നുണ്ടെന്നും, ഒരു പ്രധാനമന്ത്രിയുടെ സന്ദർശനം രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലുള്ള കർമ്മം മാത്രമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

വീര സവർക്കർ വന്നാലും ബിജെപി ജയിക്കില്ലെന്ന ടിഎൻ പ്രതാപൻ എംപിയുടെ പ്രസ്‌താവനയ്‌ക്കും സുരേഷ് ഗോപി മറുപടി നൽകുകയുണ്ടായി. വീര സവർക്കർ വന്നാൽ ജയിക്കുമോ ഇല്ലയോ എന്ന് പറയേണ്ടത് ജനങ്ങളാണ് എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. വീര സവർക്കർ വന്നാൽ ജയിക്കുമെന്ന് കോൺഗ്രസുകാർ ഒരിക്കലും പറയില്ലെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

 

അതിനിടെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ തൃശൂരിൽ സുരേഷ് ഗോപിക്കായി ബിജെപി ശക്തമായ പ്രചാരണം തുടങ്ങി കഴിഞ്ഞു. ഇതിന്റെ ഭാഗമായുള്ള ബിജെപി ബൂത്ത് തല യോഗങ്ങൾക്ക് ഇന്ന് തുടക്കമാവുകയാണ്. ഇന്ന് നാല് മണ്ഡലങ്ങളിലാണ് സുരേഷ് ഗോപി എത്തുന്നത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി അണികളുമായി കൂടുതൽ അടുത്ത ബന്ധം പുലർത്തുന്നതിന്റെ ഭാഗമായാണ് ബൂത്ത് തല യോഗങ്ങൾ സംഘടിപ്പിക്കുന്നതെന്നാണ് സൂചന. ഇന്ന് നാട്ടിക, പുതുക്കാട്, ഒല്ലൂർ, ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങളിലാണ് സുരേഷ് ഗോപി എത്തുക. കേന്ദ്ര ഫണ്ട് മുഖേന നടപ്പാക്കിയ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാനാകും സുരേഷ് ഗോപിയുടെ ശ്രമം. അതേസമയം, കേരളത്തിൽ ഏറ്റവും വ്യക്തമായ മത്സര ചിത്രം തെളിഞ്ഞ മണ്ഡലങ്ങളിൽ ഒന്നാണ് തൃശൂർ എന്നതാണ് മണ്ഡലത്തെ ശ്രദ്ധേയമാക്കുന്നത്. കൂടാതെ പ്രധാനമന്ത്രി നേരിട്ടെത്തി പ്രചാരണത്തിന് തുടക്കം കുറിച്ചതും, സുരേഷ് ഗോപിയുടെ സാന്നിധ്യവും മണ്ഡലത്തെ താരപരിവേഷമുള്ളതാക്കുന്നു. ബിജെപി ഏറ്റവും ജയപ്രതീക്ഷ വച്ചുപുലർത്തുന്ന മണ്ഡലം കൂടിയാണിത്. എന്നാൽ കോൺഗ്രസും ഇവിടെ ജയം നിലനിർത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അതിന്റെ ഭാഗമായാണ് മാഹാജന സഭയുടെ മല്ലികാർജുൻ ഖാർഗെയെ തന്നെ മണ്ഡലത്തിൽ എത്തിച്ചത്. സുധാകരൻ ഒഴികെ മറ്റ് മണ്ഡലങ്ങളിൽ എല്ലാം സിറ്റിംഗ് എംപിമാർ തന്നെ എത്തുമെന്ന ധാരണയാണ് കോൺഗ്രസിലുള്ളത്.

 

മറുവശത്ത് എൽഡിഎഫിൽ തൃശൂർ സീറ്റ് സിപിഐക്കുള്ളതാണ്. എന്നാൽ പതിവില്ലാത്ത വിധം ഇക്കുറി ദേശീയ നേതൃത്വം പരിഗണിക്കുന്ന നാല് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളുടെ പേരുകൾ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. മുൻ മന്ത്രി വിഎസ് സുനിൽകുമാർ എത്തുമെന്നാണ് നിലവിലെ ധാരണ. അങ്ങനെയെങ്കിൽ മണ്ഡലത്തിൽ പോരാട്ടം ശക്തമാകും എന്നാണ് വിലയിരുത്തൽ.