26 in Thiruvananthapuram

ദല്‍ഹിയില്‍ കോണ്‍ഗ്രസിന് മൂന്ന് സീറ്റ് നല്‍കാമെന്ന് ആം ആദ്മി? പകരം വേണ്ടത് ഇത്രമാത്രം, ധാരണകള്‍ ഇങ്ങനെ

Posted by: TV Next January 9, 2024 No Comments

ന്യൂദല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനായി ആം ആദ്മിയുമായി കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. ഇന്ത്യാ മുന്നണിയുടെ ഭാഗമായുള്ള ആദ്യ സീറ്റ് വിഭജന ചര്‍ച്ചയാണിത്. ലോക്സഭാ തിരഞ്ഞെടുപ്പിനായി പല സംസ്ഥാനങ്ങളിലും പ്രത്യേകിച്ച് ആം ആദ്മി ഭരിക്കുന്ന ഡല്‍ഹിയിലും പഞ്ചാബിലും സീറ്റ് പങ്കിടല്‍ സൂത്രവാക്യം ചര്‍ച്ച ചെയ്തതായാണ് വിവരം.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മുകുള്‍ വാസ്നിക്കും അശോക് ഗെലോട്ടും സീറ്റ് വിഭജന സമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. എഎപിയെ പ്രതിനിധീകരിച്ച് രാജ്യസഭാ എംപി സന്ദീപ് പഥക്, ഡല്‍ഹി ക്യാബിനറ്റ് മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവര്‍ പങ്കെടുത്തു. അതേസമയം യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ മാധ്യമങ്ങളോട് വിശദാംശങ്ങളൊന്നും പങ്കുവെച്ചില്ല.

 

എന്നാല്‍ ദല്‍ഹിയില്‍ കോണ്‍ഗ്രസിന് മൂന്ന് ലോക്സഭാ സീറ്റുകള്‍ വാഗ്ദാനം ചെയ്തതായി ആം ആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. തലസ്ഥാന നഗരിയില്‍ നിലവില്‍ എം പിയില്ലാത്ത കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ വാഗ്ദാനം ചെയ്യുമ്പോള്‍ സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ച് ഗുജറാത്ത്, ഹരിയാന, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസില്‍ നിന്ന് ഉദാരമായ സമീപനമാണ് ആം ആദ്മി പാര്‍ട്ടി തിരിച്ച് പ്രതീക്ഷിക്കുന്നത്.

ഗുജറാത്തിലും ഗോവയിലും ഓരോ ലോക്സഭാ സീറ്റും ഹരിയാനയില്‍ മൂന്ന് സീറ്റും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന് അന്തിമ രൂപം നല്‍കാന്‍ രണ്ട് പാര്‍ട്ടികളും വീണ്ടും കൂടിക്കാഴ്ച നടത്തിയേക്കും എന്നും വൃത്തങ്ങള്‍ അറിയിച്ചു. ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന പഞ്ചാബില്‍ കോണ്‍ഗ്രസിന് ആറ് സീറ്റുകള്‍ അനുവദിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായാണ് വിവരം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എ എ പിയുമായി സഖ്യമുണ്ടാക്കാനുള്ള ആശയത്തെ പഞ്ചാബ് കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായി എതിര്‍ത്തിരുന്നു. എ എ പിയുമായി കൈകോര്‍ക്കാന്‍ തയ്യാറല്ലെന്ന് പഞ്ചാബിലെ ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. അതേസമയം എല്ലാ ഇന്ത്യാ ബ്ലോക്ക് നേതാക്കളെയും വിളിച്ചുകൂട്ടാനും ഫലപ്രദമായ ചര്‍ച്ചകള്‍ നടത്താനും കഴിയുന്ന ഒരു ഓഫീസ് ദല്‍ഹിയില്‍ ആരംഭിക്കാനും നിര്‍ദ്ദേശമുണ്ട്.

കോണ്‍ഗ്രസും എഎപിയും ശക്തമായ തയ്യാറെടുപ്പോടെ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും ബിജെപിയെ പരാജയപ്പെടുത്തുമെന്നും യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മുകുള്‍ വാസ്‌നിക് പറഞ്ഞു. ‘ചര്‍ച്ചയില്‍ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തുന്നത് ശരിയല്ല. കുറച്ച് സമയം കാത്തിരിക്കണം. ഒരുമിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. കോണ്‍ഗ്രസും എഎപിയും ഇന്ത്യന്‍ സഖ്യത്തിന്റെ പ്രധാന ഭാഗമാണ്,’ മുകുള്‍ വാസ്‌നിക് പറഞ്ഞു.