ന്യൂഡൽഹി: രാജ്യത്തിന്റെ പ്രഥമ സൗരപര്യവേഷണ ദൗത്യമായ ആദിത്യ-എല്‍ 1 നീണ്ട നാലു മാസത്തെ യാത്രയ്ക്ക് ശേഷം ലക്ഷ്യസ്ഥാനത്തേക്ക്. പേടകം ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ ലഗ്രാഞ്ച് പോയിന്റിന്(എല്‍ 1) ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തിയതായി ഇസ്രോ അറിയിച്ചു.
127 ദിവസത്തെ യാത്രയ്ക്ക് ശേഷം ഇന്ത്യയുടെ ആദ്യത്തെ സൗരദൗത്യമായ ആദിത്യ-എല്‍1 ബഹിരാകാശ പേടകം ഇന്ന് ഉച്ചയോടെയാണ് അന്തിമ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. വൈകുന്നേരം നാല് മണിക്കാണ് ആദിത്യ എല്‍ വണ്‍ ഒന്നാം ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പ്രവേശിച്ചത്. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ഹാലോ ഓര്‍ബിറ്റ് സ്ഥിതി ചെയ്യുന്നത്.
സൂര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനങ്ങള്‍, പ്രഭാമണ്ഡലം, വര്‍ണമണ്ഡലം, കൊറോണ തുടങ്ങിയ പാളികള്‍, ബഹിരാകാശ കാലാവസ്ഥാ വ്യതിയാനങ്ങള്‍ എന്നിവയെ കുറിച്ചുള്ള പഠനം ലക്ഷ്യമാക്കിയായിരുന്നു ഇതിന്റെ വിക്ഷേപണം. 2023 സെപ്റ്റംബര്‍ രണ്ടിനാണ് രാജ്യത്തിന്റെ പ്രഥമ സൗരദൗത്യമായി ആദിത്യ എല്‍-1 വിക്ഷേപിച്ചത്.
ഈ മേഖലയിൽ രണ്ടിന്റെയും ഗുരുത്വാകര്‍ഷണ ഫലങ്ങള്‍ പരസ്‌പരം ഇല്ലാതാക്കുന്നു. ഒരു ബഹിരാകാശ പേടകം പാർക്ക് ചെയ്യുന്നതിനും സൂര്യനെ നിരീക്ഷിക്കുന്നതിനും താരതമ്യേന സ്ഥിരതയുള്ള പോയിന്റാണിത് എന്നാണ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. എന്നാൽ സൗരയൂഥത്തിലെ മറ്റേതൊരു ഗ്രഹത്തിലെയും ഭ്രമണപഥ മാറ്റം പോലെ എളുപ്പമല്ല ഈ പ്രക്രിയ എന്നതായിരുന്നു ഇന്നത്തെ പ്രത്യേകത. എങ്കിലും ആ കടമ്പ കൂടി കടക്കാൻ ഇസ്രോയ്ക്ക് കഴിഞ്ഞുവെന്നതാണ് പ്രത്യേകത. ഇതോടെ ലഗ്രാഞ്ച് പോയിന്റിൽ എത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വ ബലം സമാനമായി അനുഭവപ്പെടുന്ന അഞ്ച് മേഖലകളിൽ ഒന്നാണ് ലഗ്രാഞ്ച് വൺ എന്ന ഈ പ്രത്യേക മേഖല. ഇവിടെയാണ് പേടകം ഇപ്പോൾ എത്തിയിരിക്കുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഏഴ് പേലോഡുകളാണ് പേടകത്തിൽ പഠനത്തിനായി ഒരുക്കിയിരിക്കുന്നത്. ഇതിൽ നാലെണ്ണം സൂര്യനെക്കുറിച്ചും മൂന്നെണ്ണം ലഗ്രാഞ്ച് 1 എന്ന ബിന്ദുവിന്റെ സവിശേഷതകളെക്കുറിച്ചുമാണ് പഠനം നടത്തുക. പേടകത്തിലെ രണ്ട് പേലോഡുകൾ യാത്രാമദ്ധ്യേ പ്രവർത്തനക്ഷമമാകുകയും ഭൂമിയിലേക്ക് വിവരങ്ങൾ കൈമാറുകയും ചെയ്‌തിരുന്നു.
അതേസമയം, ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ അര്‍പ്പണത്തിന്‍റെ വിജയമാണ് ഇതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ പ്രതികരണം. ഈ അപൂര്‍വനേട്ടത്തില്‍ രാജ്യത്തിനൊപ്പം അവരെ അഭിനന്ദിക്കുന്നു. ആദിത്യ എല്‍ 1 ലക്ഷ്യസ്ഥാനത്ത് എത്തിയെന്നും പ്രധാനമന്ത്രി രാജ്യത്തെ അറിയിച്ചു.